News
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസ്; മുന്‍കൂര്‍ ജാമ്യം തേടി സുരേഷ് ഗോപി ഹൈക്കോടതിയില്‍
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസ്; മുന്‍കൂര്‍ ജാമ്യം തേടി സുരേഷ് ഗോപി ഹൈക്കോടതിയില്‍
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കേസില്‍ സുരേഷ് ഗോപിക്കെതിരെ പോലീസ് ഗുരുതര വകുപ്പുകള്‍ കൂടി ചുമത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. ഒക്ടോബര്‍ 27 നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസിനാസ്പദമായ സംഭവം.
കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെ ചോദ്യം ഉയര്‍ത്തിയ മീഡിയ വണ്‍ ചാനലിലെ വനിത മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ പ്രവൃത്തിയില്‍ ആദ്യം തന്നെ മാധ്യമപ്രവര്‍ത്തക അനിഷ്ടം പ്രകടിപ്പിച്ചെങ്കിലും വീണ്ടും സുരേഷ് ഗോപി ആവര്‍ത്തിച്ചു. ഇതോടെ മാധ്യമ പ്രവര്‍ത്തക സുരേഷ് ഗോപിയുടെ കൈ എടുത്ത് മാറ്റി. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെയാണ് ഇവര്‍ നടനെതിരെ കേസ് കൊടുത്തത്.
മോശം ഉദ്ദേശത്തോടെ സുരേഷ് ഗോപി സ്പര്‍ശിച്ചെന്ന് കാട്ടിയുള്ള പരാതിയില്‍ 354 എ വകുപ്പ് ചുമത്തിയാണ് പോലീസ് കേസ് എടുത്തത്. ഐപിസി 354ാം വകുപ്പ് കൂടി ചേര്‍ത്താണ് കഴിഞ്ഞ ദിവസം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യം തേടിയത്. തന്നെ ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ ഈ വകുപ്പ് ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും.
സംഭവം വിവാദമായതോടെ നേരത്തേ സുരേഷ് ഗോപി മാപ്പ് പറഞ്ഞെങ്കിലും നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ മാധ്യമപ്രവര്‍ത്തക തീരുമാനിക്കുകയായിരുന്നു. തൊഴില്‍ എടുക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നേരെയുള്ള അവഹേളനമാണിതെന്നായിരുന്നു അവര്‍ തുറന്നടിച്ചത്. തുടര്‍ന്ന് നടക്കാവ് പോലീസിലാണ് പരാതി നല്‍കിയത്. തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി പോലീസ് കേസെടുത്തു.
താമരശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് പരാതിക്കാരി രഹസ്യമൊഴി നല്‍കിയിരുന്നു.കേസില്‍ 17 മാധ്യമപ്രവര്‍ത്തകരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. സ്വകാര്യ ഹോട്ടലിലെ ജീവനക്കാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും മൊഴിയെടുത്തിട്ടുണ്ട്. മാധ്യമങ്ങളുടെ മുന്നില്‍ വെച്ചു വാത്സല്യത്തോടെയാണ് പെരുമാറിയതെന്നായിരുന്നു വിവാദത്തില്‍ സുരേഷ് ഗോപി പ്രതികരിച്ചത്. ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നായിരുന്നു നടന്‍ പറഞ്ഞത്.