News
ഈ മണ്ണും രാജ്യവും ഒരുത്തന്റെയും തന്തയുടെ വകയല്ല; സുരേഷ് ഗോപി
ഈ മണ്ണും രാജ്യവും ഒരുത്തന്റെയും തന്തയുടെ വകയല്ല; സുരേഷ് ഗോപി
സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമായി നില്‍ക്കുന്ന താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നവകേരള സദസിനായി സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്ന പണമുണ്ടെങ്കില്‍ പാവങ്ങള്‍ക്ക് പെന്‍ഷന്‍ കൊടുക്കാമെന്ന് പറയുകയാണ് ബിജെപി നേതാവ് കൂടിയായ സുരേഷ് ഗോപി.
ജനകീയ സമരങ്ങള്‍ ശക്തിപ്രാപിക്കേണ്ട സമയം വളരെ അധികം അതിക്രമിച്ചിരിക്കുകയാണ്. സ്വന്തം ജീവിതം സ്തംഭിപ്പിച്ച് സര്‍ക്കാരിനെതിരെ സമയം നടത്താന്‍ ജനം തയ്യാറാകണമെന്നും സുരേഷ് ഗോപി പറഞ്ഞു. നവകേരള സദസിനെതിരെ കണ്ണൂരില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിയെ സുരേഷ് ഗോപി പിന്തുണച്ചു. ജനങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ അത് ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘നിര്‍ദ്ദേശിത രാജ്യസഭ അംഗങ്ങള്‍ എന്താണ് ചെയ്തതെന്ന് അന്വേഷിക്കൂ. തിരഞ്ഞെടുത്ത അംഗങ്ങള്‍ എന്താണ് ചെയ്തതെന്ന് വ്യക്തമല്ലാത്തൊരു രാജ്യമാണ് നമ്മുടേത്. സംസ്ഥാനത്തെ കുറിച്ച് പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ. വെറും വാചകവും തള്ളും മാത്രമാണ്. പിന്നെ രാക്ഷസ വാഹനത്തെ ചളിയില്‍ നിന്നും തള്ളിക്കയറ്റുന്നതും അങ്ങനെ നല്ല തമാശകളൊക്കെയാണ് നടക്കുന്നത്. ആ വാഹനത്തെ കുറ്റം പറയുന്നില്ല. അതൊക്കെ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പക്ഷേ അതൊക്കെ അവര്‍ക്കുള്ള ചില സൂചനകളാണ്.
ഈ പണമൊക്കെ എടുത്ത് ആളുകള്‍ക്ക് പെന്‍ഷന്‍ കൊടുത്താല്‍ മതിയായിരുന്നു. അവരുടെ പ്രാര്‍ത്ഥനയെങ്കിലും ഉണ്ടായേനെ. പാര്‍ട്ടിയെ കനപ്പിക്കാനാണ് ദൂര്‍ത്ത് നടക്കുന്നത്. പ്രതിപക്ഷത്തിന് അവരുടെ പങ്കുവഹിക്കാന്‍ സാധിക്കാത്ത തരത്തിലാണ്. പ്രതിപക്ഷമാകണം ജനത്തിന്റെ ശബ്ദം. അത് ഏത് പാര്‍ട്ടിയായാലും ജനങ്ങള്‍ അവരെ അകമഴിഞ്ഞ് പിന്തുണക്കണമെന്ന് മാത്രമാണ് അപേക്ഷിക്കാനുള്ളത്.
നിങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ ആ വണ്ടിക്ക് മുന്നില്‍ ചാടിയത്. നിങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ തല്ലുകൊണ്ട് ആശുപത്രിയില്‍ കിടക്കുന്നത്. അത് യൂത്ത് കോണ്‍ഗ്രസുകാരായത് കൊണ്ട് അവരോട് ദൂരം കല്‍പ്പിക്കണമെന്ന് ആരും പറയില്ല, പറഞ്ഞാല്‍ തന്നെ അവരോട് മാത്രമേ എനിക്ക് ദൂരം കല്‍പ്പിക്കാന്‍ പറ്റുള്ളൂ. ജനകീയ സമരങ്ങള്‍ ശക്തിപ്രാപിക്കേണ്ട സമയം വളരെ അധികം അതിക്രമിച്ചിരിക്കുന്നു.
പെട്രോളിനും ഡീസലിനും വിലകൂട്ടിയെന്ന് പറഞ്ഞ് പ്രേക്ഷോഭം നടത്തിയവരാണ് ഇപ്പോള്‍ രണ്ട് രൂപ അടിച്ചുമാറ്റിക്കൊണ്ടിരിക്കുന്നത്. അതില്‍ നിന്ന് പോലും അവര്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ സാധിക്കുന്നില്ല. ജനങ്ങള്‍ മുന്നോട്ട് വരണം, പെട്രോളും ഡീസലും അടിക്കുമ്പോള്‍ ചുമത്തുന്ന രണ്ട് രൂപ ചുങ്കം തരാന്‍ തയ്യാറില്ലെന്ന് പറയണം. ഒരാഴ്ച പെട്രോള്‍ അടിക്കാതെ ഇരിക്കണം.
സ്വന്തം ജീവിതം സ്തംഭിപ്പിച്ച് വേണം ഇതിനെതിരെ സമരം നടത്താന്‍. ഈ മണ്ണ് നിങ്ങളുടെ അപ്പന്റെ വകയാണെന്ന് നിങ്ങള്‍ അടിയുറച്ച് വിശ്വസിക്കണം. ജോലിക്കാരെ മാത്രമാണ് നിങ്ങള്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ തെരഞ്ഞെടുക്കുന്നത്. ഈ മണ്ണും രാജ്യവും ഒരുത്തന്റെയും തന്തയുടെ വകയല്ലാ, നമ്മുടെ എല്ലാവരുടെയും വകയാണ്’, സുരേഷ് ഗോപി പറഞ്ഞു.