News
സംഗീത സംവിധായകന്‍ അനു മാലിക് തന്നെ ഭീഷണിപ്പെടുത്തി; ഗായകന്‍ സോനു നിഗം
സംഗീത സംവിധായകന്‍ അനു മാലിക് തന്നെ ഭീഷണിപ്പെടുത്തി; ഗായകന്‍ സോനു നിഗം
ബോളിവുഡില്‍ ഹരിശ്രീ കുറിച്ചപ്പോള്‍ സംഗീത സംവിധായകന്‍ അനു മാലിക് തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് വെളിപ്പെടുത്തി ഗായകന്‍ സോനു നിഗം. ആ സമയത്ത് തനിക്ക് അദ്ദേഹത്തെ പേടിയായിരുന്നു, എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഗുരുസ്ഥാനീയനാണെന്നും സോനു നിഗം പറഞ്ഞു. അടുത്തിടെ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സോനു കരിയറിന്റെ തുടക്കകാലം ഓര്‍ത്തെടുത്തത്.
‘എന്റെ കൗമാരകാലത്ത് പങ്കെടുത്ത ഒരു ചാനല്‍ റിയാലിറ്റി ഷോയില്‍ വച്ചാണ് ഞാന്‍ അനു മാലിക് എന്ന സംഗീതജ്ഞനെ ആദ്യമായി കാണുന്നത്. പിന്നീട് സംഗീതരംഗത്ത് സജീവമായപ്പോഴേക്കും എനിക്ക് അദ്ദേഹത്തെ ഭയമായിരുന്നു. ചിലപ്പോഴൊക്കെ അദ്ദേഹം എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ അന്ന് സിനിമാ രംഗത്തെ പുതുമുഖമായിരുന്നു. അദ്ദേഹമോ എന്നേക്കാള്‍ വളരെ മുതിര്‍ന്നതും സിനിമയില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ളയാളും.
അക്കാലത്ത് അദ്ദേഹമെന്നെ മാനസികമായി പലപ്പോഴും പീഡിപ്പിച്ചിരുന്നു. ഒരിക്കല്‍ ഞാനും എന്റെ പിതാവും കൂടെ മുംബൈയില്‍ അദ്ദേഹത്തെ കാണാന്‍ വേണ്ടി പോയി. അപ്പോഴും ഭയപ്പെടുത്തും വിധത്തിലാണ് പെരുമാറിയത്. പക്ഷേ പിന്നീട് അദ്ദേഹത്തില്‍ നിന്നു ഞാന്‍ വളരെ കാര്യങ്ങള്‍ പഠിച്ചു. അദ്ദേഹത്തോട് എങ്ങനെ ഇടപെടണമെന്നും മനസ്സിലാക്കി. ഇപ്പോള്‍ അദ്ദേഹം എനിക്ക് ഗുരുതുല്യനാണ്. എന്റെ ശബ്ദത്തെ അദ്ദേഹം പരമാവധി ഉപയോഗിച്ചിട്ടുമുണ്ട്’, സോനു നിഗം പറഞ്ഞു.
അനു മാലിക് സംഗീതസംവിധാനം നിര്‍വഹിച്ച ‘റെഫ്യൂജി’ എന്ന ചിത്രത്തിലെ പാട്ടുകള്‍ സോനുവിന്റെ കരിയര്‍ മാറ്റി മറിച്ചതാണ്. ചിത്രത്തിലെ പാട്ടുകളില്‍ അഭിഷേക് ബച്ചന്റെ ചുണ്ടനക്കള്‍ക്കു പിന്നിലെല്ലാം സോനു സ്വരമായി. പിന്നീടിങ്ങോട്ടും അനു മാലിക്കിന്റെ ഈണത്തില്‍ സോനു നിഗം നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ വേദികളില്‍ ഇരുവരും ഒരുമിച്ച് വിധികര്‍ത്താക്കളായി എത്തുന്നുമുണ്ട്.
