Connect with us

ത്രീ കൺട്രീസിനുവേണ്ടി പുതിയൊരു കഥയിലേക്ക് എത്തിയിട്ടുണ്ട്. ദിലീപിന് വളരെ ഇഷ്ടമായി;ഷാഫി

Movies

ത്രീ കൺട്രീസിനുവേണ്ടി പുതിയൊരു കഥയിലേക്ക് എത്തിയിട്ടുണ്ട്. ദിലീപിന് വളരെ ഇഷ്ടമായി;ഷാഫി

ത്രീ കൺട്രീസിനുവേണ്ടി പുതിയൊരു കഥയിലേക്ക് എത്തിയിട്ടുണ്ട്. ദിലീപിന് വളരെ ഇഷ്ടമായി;ഷാഫി

ഗൗരവമാര്‍ന്ന പ്രമേയവും നുറുങ്ങു തമാശകളും നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് ക്രിസ്മസ് റിലീസായി തിയേറ്ററിലെത്തിയ ‘ആനന്ദം പരമാനന്ദം.’ ഹിറ്റ് സംവിധായകന്‍ ഷാഫിയുടെ മലയാളത്തിലെ വ്യത്യസ്തമായ ഒരു കൈയൊപ്പ്. ഇന്ദ്രന്‍സും ഷറഫുദ്ദീനും അനഘ നാരായണനും അജു വര്‍ഗീസും അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങള്‍, ക്രിസ്മസ് ആഘോഷിക്കുന്നവര്‍ക്കൊരു വിരുന്നൊരുക്കാന്‍ തന്നെയാണ് വന്നത്.
ഇപ്പോഴിതാ മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന പുതിയ പ്രോജക്ടുകളുടെ വിശേഷങ്ങളുമായി ഷാഫിയുടെ വാക്കുകൾ…

സിന്ദുരാജും ഞാനും 10 വർഷത്തോളമായി സിനിമ ചെയ്യുന്നതിനുള്ള ചർച്ചകളുണ്ടായിരുന്നു. കോവിഡൊക്കെ കഴിഞ്ഞ സമയത്ത് അദ്ദേഹം എന്നോട് ഒരു കഥ പറഞ്ഞു. വേറെന്തെങ്കിലും വൈറൈറ്റി കഥയുണ്ടോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം അഞ്ചു മിനിറ്റ് കൊണ്ട് പറഞ്ഞതാണ് ആനന്ദം പരമാനന്ദത്തിൻ്റെത്. കേട്ടപ്പോൾ തന്നെ എനിക്കത് ഇഷ്ടപ്പെട്ടു. അവിടെ നിന്നും ഒരാഴ്ചയ്ക്കുള്ളിൽ പ്രോജക്ടായി. ഇന്ദ്രൻസ് ചേട്ടനേയും ഷറഫുദ്ദീനയും വിളിച്ച് കഥ പറഞ്ഞ് ഡേറ്റ് ബുക്ക് ചെയ്തു. രണ്ടു പേർക്കും വളരെ തിരക്കുള്ള സമയമാണ്. പക്ഷേ, അവർ അഡ്ജസ്റ്റ് ചെയ്തു ഡേറ്റ് നൽകിയപ്പോൾ ഈ സിനിമ സാധ്യമായി. കഥ കേട്ടതിനു ശേഷം ഞാനും സിന്ദുരാജും മൂന്നു നാലു മാസത്തോളം ചർച്ച ചെയ്താണ് ഇന്നു കാണുന്ന വിധത്തിൽ ഹ്യൂമറൊക്കെയാക്കി കഥയെ മാറുന്നത്. ആദ്യം വളരെ സീരിയസ് പശ്ചാത്തലമായിരുന്നു കഥയിൽ. അപ്പോഴും ഒരു കോമ‍‍ഡി സിനിമയെന്നല്ല, പ്രേക്ഷകരിലേക്ക് സന്ദേശം കൊടുക്കുന്ന ഒരു നല്ല സിനിമയൊരുക്കുക എന്നതായിരുന്നു ലക്ഷ്യം. സാരോപദേശം കൊടുക്കുന്ന കഥയായാൽ അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടണമെന്നില്ല, വളരെ സരസമായി കഥ പറയാനാണ് ശ്രമിച്ചിട്ടുള്ളത്. നിരവധി പേർ സിനിമ കണ്ടതിനു ശേഷം നല്ല അഭിപ്രായം പറഞ്ഞു. ക്രിസ്മസ് റിലീസായി വമ്പൻ സിനിമകൾക്കൊപ്പമാണ് ആനന്ദം പരമാനന്ദം തിയറ്ററിലെത്തിയത്. ആദ്യ ദിവസത്തെ കളക്ഷനേക്കാൾ പിന്നീട് ഓരോ ദിവസങ്ങളിലും കളക്ഷൻ‍ കൂടുന്നു. മൗത്ത് പബ്ലിസിറ്റിയിൽ പിന്തുണ നേടുന്നത് വളരെ സന്തോഷം നൽകുന്നു.

കഥയുടെ ചർച്ചാ വേളയിൽ തന്നെ ദിവാകര കുറുപ്പായും ഗിരീഷായും ഏറ്റവും യോജിച്ചത് ഇന്ദ്രൻസും ഷെറഫുദ്ദീനുമാണെന്ന് എനിക്കും സിന്ദുരാജിനും ഒരുപോലെ തോന്നി. അവർ അതു വളരെ ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു. ഇന്ദ്രൻ‍സ് ചേട്ടൻ സമീപകാലത്ത് നമ്മളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഷെറഫുദ്ദീൻവളരെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്തു നല്ലൊരു നടനെന്ന പേര് നേടിക്കഴിഞ്ഞു. പാലക്കാടായിരുന്നു ഷൂട്ടിംഗ്. വളരെ ഭംഗിയായി തീർത്ത് പ്രേക്ഷകരുടെ മുന്നിൽ ആനന്ദത്തോടെ എത്തിക്കാൻ സാധിച്ചു. സംഗീത സംവിധായകൻ ഷാൻ റഹ്മാനുമായി ആദ്യമായി വർക്ക് ചെയ്യുന്ന ചിത്രം കൂടിയാണിത്. സാധാരണ പാട്ട് കമ്പോസിംഗ് വളരെ സമയമെടുക്കുന്നതാണ്. നിരവധി ട്യൂണുകൾ കേട്ടതിനു ശേഷമാകും പാട്ട് സെലക്ട് ചെയ്യുന്നത്. ഷാൻ കുറച്ചു തിരക്കുള്ള സമയമായിരുന്നു. ഷൂട്ടിംഗിൻ്റെ തലേ ദിവസമൊക്കെയാണ് പാട്ട് അയച്ചു തരുന്നത്. വരികൾ എഴുതിയത് മനു മഞ്ജിത്താണ്. മൂന്നു നാല് ദിവസമെടുത്താണ് ഒരോ പാട്ടും അദ്ദഹം എഴുതിയത്. അതിനൊപ്പമെല്ലാം ഞാനുമുണ്ടായിരുന്നു. റെക്കോഡിംഗ് കഴിഞ്ഞപ്പോൾ മനു മഞ്ജി്ത് പറഞ്ഞു, ‘ഒരു ഗാന രചയിതാവായി ഇത്രത്തോളം പണിയെടുക്കുന്നത് ആദ്യമായിട്ടാണ്’ എന്ന്. പാട്ടുകൾ പ്രേക്ഷക മനസിൽ ഇടം പിടിക്കുന്നതായി കേൾക്കുമ്പോൾ സന്തോഷമുണ്ട്.

കോവിഡ് സമയത്ത് ഒടിടി പ്ലാറ്റ്ഫോമിലേക്ക് രണ്ടു സിനിമകൾ പ്ലാൻ ചെയ്തിരുന്നു. ആദ്യ സിനിമയുടെ തിരക്കഥ പൂർത്തിയാക്കി വന്നപ്പോൾ ബജറ്റ് കൂടിയതിനാൽ മാറ്റിവെച്ചു. ഷെറഫുദ്ദീനെ നായകനാക്കി രണ്ടാമത് പ്ലാൻ ചെയ്തു. തിരക്കഥയൊക്കെ പൂർത്തിയാക്കിയപ്പോൾ നിർമാതാവ് പറഞ്ഞു, ബജറ്റ് കൂടിയാലും കുഴപ്പമില്ല തിയറ്ററിൽ റിലീസ് ചെയ്യാമെന്ന്. ഒരു വീടിനകത്ത് ഒരു ദിവസം നടക്കുന്ന കഥയായിരുന്നു അത്. പക്ഷേ, അത് തിയറ്ററിലേക്കുള്ള സിനിമ ആയിരുന്നില്ല. അതും മാറ്റിവെക്കേണ്ടി വന്നു. അങ്ങനെയാണ് കോവിഡ് കാലത്ത് ഇടവേള വന്നത്. എന്നെ സംബന്ധിച്ച് ഇടവേളയെന്നു തോന്നിയിട്ടില്ല. വർഷത്തിൽ ഒരു സിനിമയാണ് ചെയ്യാറുള്ളത്. ഞാൻ സംവിധായകനായി 21 വർഷം കഴിഞ്ഞു. ആനന്ദം പരമാനന്ദം എൻ്റെ 18 -ാമത്തെ സിനിമയാണ്. 2005 ൽ തൊമ്മനും മക്കളും അതിൻ്റെ തമിഴ് റീമേക്ക് മജ, 2007 ൽ ചോക്ലോറ്റും മായാവിയും, 2010 ൽ മേക്കപ് മാനാണ് ആദ്യം ഷൂട്ട് ആരംഭിച്ചത്. പക്ഷേ, അത് ഷെഡ്യൂളായി. അതേ വർഷം ഡിസംബറിൽ മേരിക്കുണ്ടൊരു കുഞ്ഞാട് ഇറങ്ങി. 2011 ഫെബ്രുവരിയിൽ മേക്കപ്പ്മാനും പിന്നീട് വെനീസിലെ വ്യാപാരിയുമെത്തി. അങ്ങനെ മൂന്നു തവണ മാത്രമാണ് രണ്ടു സിനിമ ഒരു വർഷം റിലീസ് ചെയ്തിട്ടുള്ളത്. മറ്റു സിനിമകളൊക്കെ ഒന്നും രണ്ടും വർഷത്തെ ഇടവേളയിൽ സംഭവിച്ചതാണ്. 2019 ൽ ചിൽഡ്രൻസ് പാർ‍ക് ചെയ്തു. കോവിഡ് കവർന്നെടുത്ത രണ്ടു വർഷത്തിൽ ഒന്നു രണ്ടു സബ്ജക്ടുകൾ ശരിയാക്കി വെച്ചിട്ടുണ്ട്.

ഞാൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ മേക്കപ്പ് മാൻ, 100 ആൻഡ് വെഡ്ഡിംഗ് എന്നീ സിനിമകളുടെ കഥ എൻ്റെതായിരുന്നു. ഷെർലക് ടോംസിൻ്റെ തിരക്കഥയിൽ വർക് ചെയ്തിട്ടുണ്ട്. എൻ്റെ എല്ലാ സിനിമകളുടെയും തിരക്കഥയിൽ ഞാൻ വർക് ചെയ്യാറുണ്ട്. സംഭാഷണം എഴുതുന്നതിൽ പൂർണമായും തിരക്കഥാകൃത്തിന് വിട്ടുകൊടുക്കും. പിന്നീട് ഷൂട്ടിംഗ് സമയത്ത് ഇംപ്രവൈസേഷൻ ചെയ്യുമ്പോഴൊക്കെ ഭാഗമാകാറുണ്ട്. ഷെർ‍ലക് ടോംസിൻ്റെ തിരക്കഥയിൽ എൻ്റെ പേര് വെച്ചത് സച്ചി നിർബന്ധിച്ചതുകൊണ്ടാണ്. കോമഡി സിനിമകൾക്ക് ഇവിടെ എന്നും ഇടമുണ്ട്. പക്ഷേ, മുമ്പ് ചെയ്ത പാറ്റേണിലെ കോമഡി സിനിമകളുടെ കാലം മാറി. മലയാള സിനിമകൾ വളരെ റിയലിസ്റ്റിക്കാണ് ഇന്ന്. കഴിഞ്ഞ കുറച്ചു നാളുകളായി ഭാഷയ്ക്കപ്പുറം മികച്ച സിനിമകളാണ് പ്രേക്ഷകർ കാണുന്നത്. അതിനോടാണ് നമ്മൾ മത്സരിക്കേണ്ടത്. അതിനായി നമ്മൾ കർമനിരതരായി മുന്നോട്ടു സഞ്ചരിക്കുന്നു.

ദലീപിൻ്റെ ഏറ്റവും കളക്ഷൻ നേടിയ സിനിമയാണ് ടു കൺട്രീസ്. വളരെ പുതുമയുള്ള കഥയും പശ്ചാത്തലവുമായിരുന്നു അതിൻ്റെത്. സിനിമ ചർച്ചകൾ നടക്കുന്ന സമൂഹ മാധ്യമങ്ങളിൽ ടു കൺട്രീസിനെക്കുറിച്ച് ഇപ്പോഴും പലരും പറയുന്നു. സമീപകാലത്ത് ടു കൺട്രീസിനു ശേഷം അത്രത്തോളം കോമഡിയുള്ള മറ്റൊരു സിനിമ വന്നിട്ടില്ലെന്നു നിരവധി പേർ പറഞ്ഞു കേൾക്കുമ്പോൾ അതിയായ സന്തോഷമുണ്ട്. ടു കൺട്രീസിനു രണ്ടാം ഒരുക്കാനുള്ള തയാറെടുപ്പിലാണ്. ത്രീ കൺട്രീസിനുവേണ്ടി പുതിയൊരു കഥയിലേക്ക് എത്തിയിട്ടുണ്ട്. ദിലീപിനോട് 10 മിനിറ്റുകൊണ്ട് കഥ പറഞ്ഞു. അദ്ദേഹത്തിനു വളരെ ഇഷ്ടമായി. അതിനു തിരക്കഥ എഴുതേണ്ടത് എൻ്റെ സഹോദരനും തിരക്കഥാകൃത്തുമായ റാഫി ഇക്കയാണ്. അദ്ദേഹത്തിന് ഒന്നു രണ്ടു സിനിമകളുടെ തിരക്കുണ്ട്. അതിനു ശേഷമാകും ത്രീ കൺട്രീസിൻ്റെ എഴുത്തിലേക്ക് കടക്കുന്നത്. ടു കൺട്രീസിൻ്റെ വലിയ വിജയത്തോടെ വളരെ പ്രതീക്ഷ പ്രേക്ഷകർക്കുണ്ട്. അതുകൊണ്ടുതന്നെ ഒട്ടും തിടുക്കമില്ലാതെ തിരക്കഥ പൂർണരീതിയിലെത്തിയതിനു ശേഷം മാത്രമായിരിക്കും അടുത്ത പടിയിലേക്ക് കടക്കുന്നത്. ഇപ്പോൾ ടു കൺട്രീസിൻ്റെ സീക്വലായിട്ടാണ് പ്ലാൻ ചെയ്യുന്നത്. വർക്കു ചെയ്തു വരുമ്പോൾ മാറ്റങ്ങൾ സംഭവിക്കുമോ എന്നറിയില്ല. മുമ്പ് ഹലോ മായാവി, മായാവി-2 ഒക്കെ പ്ലാൻ‍ ചെയ്തിരുന്നെങ്കിലും നടന്നില്ല. ത്രീ കൺട്രീസായിരിക്കും ആദ്യമായി രണ്ടാം ഭാഗം ഒരുക്കുന്ന സിനിമ.

Continue Reading
You may also like...

More in Movies

Trending

Recent

To Top