Connect with us

ഇത്രയേറെ ശാപവചനങ്ങളും തെറിവാക്കുകളും ഏറ്റുവാങ്ങിയിട്ടുള്ള നടി ഉണ്ടാവില്ല;പക്ഷേ പാർവതി പരാതികളില്ലാതെ സമൂഹത്തിനുവേണ്ടി ശബ്ദിച്ചുകൊണ്ടിരിക്കുന്നു!

Malayalam

ഇത്രയേറെ ശാപവചനങ്ങളും തെറിവാക്കുകളും ഏറ്റുവാങ്ങിയിട്ടുള്ള നടി ഉണ്ടാവില്ല;പക്ഷേ പാർവതി പരാതികളില്ലാതെ സമൂഹത്തിനുവേണ്ടി ശബ്ദിച്ചുകൊണ്ടിരിക്കുന്നു!

ഇത്രയേറെ ശാപവചനങ്ങളും തെറിവാക്കുകളും ഏറ്റുവാങ്ങിയിട്ടുള്ള നടി ഉണ്ടാവില്ല;പക്ഷേ പാർവതി പരാതികളില്ലാതെ സമൂഹത്തിനുവേണ്ടി ശബ്ദിച്ചുകൊണ്ടിരിക്കുന്നു!

പൗരത്വ ഭേദഗതി നിയമത്തിനെതിരേ സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ രംഗത്തെത്തിയിരുന്നു.അതിൽ സിനിമ താരങ്ങളും ഉണ്ടായിരുന്നു.എന്നാൽ ഇപ്പോളിതാ മുംബൈയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് പാർവതി തിരുവോത്ത്. മുംബൈ ഓഗസ്റ്റ് ക്രാന്തി മൈദാനില്‍ ബോളിവുഡില്‍ നിന്നുള്ള ഒട്ടേറെ സിനിമാപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന പ്രതിഷേധ സായാഹ്നത്തിലാണ് പാര്‍വതിയും പങ്കാളിയായത്. പ്രതിഷേധ വേദിയില്‍ നിന്നുള്ള പാര്‍വതിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.

സമൂഹമാധ്യമത്തിലൂടെ പ്രതിഷേധിക്കാൻ മാത്രമല്ല വേണ്ടിവന്നാൽ തെരുവിലിറങ്ങി സമരം ചെയ്യാനും തനിക്കറിയാമെന്ന് തെളിയിച്ച താരത്തെ പിന്തുണച്ച് നിരവധി ആളുകള്‍ രംഗത്തെത്തി. നട്ടെല്ലുള്ള നടിയാണ് പാർവതി എന്ന തലക്കെട്ടോടെ സന്ദീപ് ദാസ് എഴുതിയ കുറിപ്പും ആളുകൾ ഏറ്റെടുത്തു.

സന്ദീപ് ദാസിന്റെ കുറിപ്പ് വായിക്കാം:

ഇതാണ് പാർവതി തിരുവോത്ത്.മലയാളസിനിമയുടെ അഭിമാനമായ അഭിനേത്രി. ഇത്രയേറെ ശാപവചനങ്ങളും തെറിവാക്കുകളും ഏറ്റുവാങ്ങിയിട്ടുള്ള മറ്റൊരു നടി ഉണ്ടാവില്ല.പക്ഷേ പാർവതി പരാതികളില്ലാതെ സമൂഹത്തിനുവേണ്ടി ശബ്ദിച്ചുകൊണ്ടിരിക്കുന്നു. നമുക്കുവേണ്ടി പാർവതി തെരുവിലിറങ്ങിയിരിക്കുന്നു.

അങ്ങേയറ്റം അദ്ഭുതത്തോടെയാണ് ഞാൻ പാർവതിയെ വീക്ഷിക്കാറുള്ളത്.ഇത്ര നിസ്വാർത്ഥമായി പെരുമാറാൻ മനുഷ്യരെക്കൊണ്ട് സാധിക്കുമോ എന്ന് പലപ്പോഴും സംശയിച്ചിട്ടുണ്ട്.സ്വന്തം നിലനിൽപ്പിന്റെ കാര്യം വരുമ്പോൾ മിക്ക ആളുകളും ആദർശങ്ങളിൽ കുറച്ച് വെള്ളം ചേർക്കാറുണ്ട്. പക്ഷേ പാർവതി അവിടെയും വ്യത്യസ്തയാകുന്നു !

പാർവതി ചെയ്തുവെച്ചിട്ടുള്ള കഥാപാത്രങ്ങൾ ഒന്ന് പരിശോധിച്ചുനോക്കൂ.അനശ്വരപ്രണയത്തിന്റെ പ്രതീകമായ കാഞ്ചനമാല,നഴ്സുമാർക്ക് അഭിമാനപൂർവ്വം ചൂണ്ടിക്കാട്ടാവുന്ന സമീറ,ആസിഡ് ആക്രമണങ്ങൾ നേരിടേണ്ടിവരുന്ന പെൺകുട്ടികളെ പ്രചോദിപ്പിക്കുന്ന ഉയരെ…

എണ്ണത്തിൽ കുറവാണെങ്കിലും നിലവാരത്തിന്റെ കാര്യത്തിൽ പാർവതിയുടെ കഥാപാത്രങ്ങൾ ബഹുദൂരം മുന്നിൽ നിൽക്കുന്നു. ഒട്ടുമിക്ക ചലച്ചിത്രമേളകളിലും പാർവതിയുടെ സിനിമകൾ അംഗീകരിക്കപ്പെടാറുണ്ട്.ചെറിയൊരു കാലയളവുകൊണ്ട് എണ്ണമറ്റ അവാർഡുകൾ അവർ വാരിക്കൂട്ടിയിട്ടുമുണ്ട്.

പാർവതിയുടെ യാത്ര ഒട്ടും സുഗമമായിരുന്നില്ല. തന്റെ പ്രാരംഭ കാലത്തെക്കുറിച്ച് ആരും സംസാരിക്കാറില്ല എന്ന് പാർവതി തന്നെ പറഞ്ഞിട്ടുണ്ട്.’ബാംഗ്ലൂർ ഡെയ്സ് ‘ എന്ന സിനിമ മുതൽക്കാണ് മലയാളികൾ ആ നടിയെ ശ്രദ്ധിച്ചുതുടങ്ങിയത്.സിനിമയുടെ പിന്നാമ്പുറങ്ങളിൽ ഏതാണ്ട് ഒരു പതിറ്റാണ്ട് കഴിച്ചുകൂട്ടിയ വ്യക്തിയാണ് പാർവതി.

അഭിനയസിദ്ധിയിലൂടെ ലോകം കീഴടക്കാൻ പാർവതിക്കു സാധിക്കും. ആ സ്ഥാനം അവർ വളരെയേറെ കഷ്ടപ്പെട്ട് നേടിയതുമാണ്.ഇത്തരമൊരു സാഹചര്യത്തിൽ സാധാരണ മനുഷ്യർ എന്താണ് ചെയ്യുക?’കുഴപ്പങ്ങളിലൊന്നും’ ചെന്ന് ചാടാതെ സ്വന്തം കരിയറിൽ മാത്രം ശ്രദ്ധിച്ച് മുന്നോട്ടുപോകും.പക്ഷേ പാർവതി ചെയ്തത് എന്താണ്?

‘കസബ’ എന്ന സിനിമയിലെ സ്ത്രീവിരുദ്ധതയെ നിശിതമായി എതിർത്തു. മമ്മൂട്ടിയെപ്പോലൊരു വലിയ താരത്തിന്റെ സിനിമയെ വിമർശിച്ചാൽ കരിയർ തന്നെ അപകടത്തിലാവുമെന്ന് അറിയാഞ്ഞിട്ടല്ല. ചില സത്യങ്ങൾ പറയാനുള്ളതാണ് എന്ന നിലപാടിൽ പാർവതി ഉറച്ചുനിന്നു.

മലയാളസിനിമയിലെ ഒരു മുൻനിര നായിക പൈശാചികമായ രീതിയിൽ ആക്രമിക്കപ്പെട്ടപ്പോൾ ‘അമ്മ’ എന്ന താരസംഘടന കൈക്കൊണ്ട പരിഹാസ്യമായ സമീപനങ്ങൾ ഒരാൾക്കും മറക്കാനാവില്ല.പക്ഷേ പാർവതി ‘പക്ഷേ’കളില്ലാതെ തന്റെ കൂട്ടുകാരിക്കൊപ്പം നിലകൊണ്ടു.

ഈ രണ്ട് തീരുമാനങ്ങളുടെ പേരിൽ പാർവതിക്കു ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. കീബോർഡ് പടയാളികൾ അവർക്കുചുറ്റും നിന്ന് ആക്രമിച്ചിട്ടുണ്ട്.പക്ഷേ പാർവതി ഒരിഞ്ചുപോലും മാറിയില്ല. പണ്ട് പറഞ്ഞ കാര്യങ്ങൾ അതേപടി ഇപ്പോഴും പറയാൻ അവർക്ക് യാതൊരു മടിയുമില്ല.’അർജ്ജുൻ റെഡ്ഢി’ വിമർശനം അതിന്റെ വ്യക്തമായ സൂചനയാണ്.

പാർവതിയെ അധിക്ഷേപിച്ചു എന്ന കുറ്റത്തിന് ഒരാളെ പൊലീസ് ഈയിടെ പിടികൂടിയിരുന്നു.ആ വിഡ്ഢി പാർവതിയുടെ വീട്ടിൽ പോയി പാർവതിയുടെ അമ്മയെ ഉപദേശിച്ചുവെത്രേ ! പാർവതിയുടെ ധീരമായ തുറന്നുപറച്ചിലുകൾ ഇവിടത്തെ യാഥാസ്ഥിതികരായ പുരുഷകേസരികളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്.

”നീ വെറും പെണ്ണാണ് ” എന്ന് ആണയിട്ടുകൊണ്ടിരുന്ന ഒരിടമായിരുന്നു മലയാളസിനിമ. മെയിൽ ഷോവനിസ്റ്റുകളെക്കൊണ്ട് നിറഞ്ഞ ഒരു വ്യവസായം. ആണധികാരങ്ങളുടെ ശവപ്പെട്ടിയിൽ പാർവതിയെപ്പോലുള്ളവർ അവസാനത്തെ ആണിയും അടിച്ചുകഴിഞ്ഞു.ആ ഇരുണ്ട കാലത്തേക്ക് ഇനിയൊരിക്കലും മലയാളസിനിമ മടങ്ങിപ്പോകില്ല.

രാജ്യം ഒരു വലിയ പ്രതിസന്ധിയിലേക്ക് സഞ്ചരിച്ചുതുടങ്ങിയപ്പോൾ മിക്ക സിനിമാക്കാരും മൗനത്തിലായിരുന്നു.ചിലർ ഇപ്പോഴും മിണ്ടിയിട്ടില്ല. കുറച്ചുപേർ വൈകിയാണ് പ്രതികരിച്ചത്. പക്ഷേ പാർവതി ആരംഭത്തിൽ തന്നെ തന്റെ നിലപാട് കൃത്യമായും വ്യക്തമായും പറഞ്ഞിരുന്നു.

ഈ പ്രവൃത്തിയുടെ പേരിൽ പാർവതിക്കു പല പുരസ്കാരങ്ങളും കൈമോശം വന്നേക്കാം. പക്ഷേ പാർവ്വതിയ്ക്ക് സ്വന്തം കാര്യമല്ല പ്രധാനം. അവർ ഒരു മനുഷ്യസ്നേഹിയാണ്.ഈ രാജ്യത്തെ സാധുമനുഷ്യരെക്കുറിച്ച് അവർക്ക് ആശങ്കയുണ്ട്.

ഇതിനെയും ചിലർ ‘പബ്ലിസിറ്റി സ്റ്റണ്ട് ‘ എന്ന് വിശേഷിപ്പിച്ചുകണ്ടു.അവരോട് ഒന്നേ പറയാനുള്ളൂ. നട്ടെല്ലുള്ള നടിയാണ് പാർവതി.നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ഉള്ളവർക്ക് അവരെ ഒരുകാലത്തും മനസ്സിലാകാൻ പോകുന്നില്ല…’–സന്ദീപ് ദാസ് പറയുന്നു.

നേരത്തേ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയയിലൂടെ പാര്‍വതി രംഗത്തെത്തിയിരുന്നു. ജാമിയ മിലിയയിലെ വിദ്യാര്‍ഥികള്‍ക്കെതിരേ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുന്നതിന്റെ വീഡിയോയ്‌ക്കൊപ്പമായിരുന്നു പാര്‍വ്വതി തന്റെ അഭിപ്രായം പോസ്റ്റ് ചെയ്തത്. പൊലീസ് നടത്തുന്നതാണ് ‘തീവ്രവാദം’ എന്ന നിലയ്ക്കായിരുന്നു പോസ്റ്റ്. ഒപ്പം ‘ജാമിയയ്‌ക്കൊപ്പം നില്‍ക്കുക’ എന്ന ഹാഷ് ടാഗും പാര്‍വ്വതി ഉപയോഗിച്ചു

അതേസമയം ഇന്ന് മുംബൈയില്‍ നടന്ന പ്രതിഷേധ സായാഹ്നത്തില്‍ ബോളിവുഡില്‍ നിന്നുള്ള ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. ഫര്‍ഹാന്‍ അക്തര്‍, അനുരാഗ് കശ്യപ്, നന്ദിത ദാസ്, കൊങ്കണ സെന്‍ ശര്‍മ്മ, സുശാന്ത് സിങ്, സ്വര ഭാസ്‌കര്‍, അദിതി റാവു ഹൈദരി, ഹുമ ഖുറേഷി, ജാവേദ് ജെഫ്രി, രാകേഷ് ഓംപ്രകാശ് മെഹ്‌റ, അര്‍ജുന്‍ മാത്തൂര്‍, കൗസര്‍ മുനീര്‍, കബീര്‍ ഖാന്‍, മിനി മാത്തൂര്‍, നിഖില്‍ അദ്വാനി, സാക്വിബ് സലിം, രാജ് ബബ്ബാര്‍, സഞ്ജയ് സൂരി, അനുപ്രിയ ഗോയങ്ക തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിക്ക് നേരിട്ടെത്തി. ശബാന ആസ്മി, ദിയ മിര്‍സ, റിച്ച ഛദ്ദ തുടങ്ങി നിരവധി പേര്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാതിരിക്കുന്നതിന്റെ കാരണം പറഞ്ഞ് പിന്തുണയുമായി രംഗത്തെത്തി.

sandeep das about parvathy thiruvoth

More in Malayalam

Trending

Recent

To Top