News
കേരളം ഭാരതത്തില്‍ അല്ല എന്നത് നമ്മള്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്- രാജസേനന്‍ !
കേരളം ഭാരതത്തില്‍ അല്ല എന്നത് നമ്മള്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്- രാജസേനന്‍ !
കേരളം ഭാരതത്തില്‍ അല്ല എന്നത് നമ്മള്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്ന് സംവിധായകനും ബിജെപിയുടെ മുന്‍ നിയമസഭാ സ്ഥാനാര്‍ഥിയുമായ രാജസേനന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും സുരേഷ് ഗോപിയുമൊക്കെ തോറ്റപ്പോള്‍ തോറ്റുപോയത് നന്മയും വിശ്വാസവുമാണെന്നും രാജസേനന്‍ പ്രതികരിച്ചു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് രാജസേനന്റെ പ്രതികരണം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപിയുടെ തോല്‍വിയെക്കുറിച്ച് രാജസേനന്‍ വീഡിയോയിൽ പറയുന്നത് ഇങ്ങനെ;
ഭാരതം ബിജെപിയും നരേന്ദ്ര മോദിയും ചേര്‍ന്ന് എടുക്കുകാ, എന്ന് ഞാന്‍ നേരത്തേ പറഞ്ഞിരുന്നു. അക്ഷരാര്‍ഥത്തില്‍ അത് സംഭവിച്ചു. ഭാരതം മോദിജിയും ബിജെപിയും ചേര്‍ന്ന് എടുത്തുകഴിഞ്ഞു. ഇനി ഒരിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും തിരിച്ചുനല്‍കാന്‍ കഴിയാത്ത രീതിയില്‍ അസാമാന്യ വിജയത്തോടെ എടുത്തു. പക്ഷേ കേരളം ഭാരതത്തില്‍ അല്ല എന്ന് നമ്മള്‍ ഒന്നുകൂടി തെളിയിച്ചു എന്നതാണ് ദു:ഖകരമായ സത്യം. ശ്രീ കുമ്മനവും കെ സുരേന്ദ്രനും സുരേഷ് ഗോപിയുമൊക്കെ ഇവിടെ തോറ്റപ്പോള്‍, തോറ്റത് നന്മയും വിശ്വാസവും മാത്രമാണ്. ജയിച്ചതാണെങ്കിലോ കുറേ അഴിമതിയും കുറേ അക്രമവും. വേറൊന്നുമില്ല, കാലാകാലങ്ങളായി നമ്മളിങ്ങനെ മണ്ടത്തരം കാണിച്ച് തെളിയിച്ചതാണ്. ഇനിയും അനുഭവിക്കുക, അത്രേയുള്ളൂ. പക്ഷേ ഒരു കാര്യം, സ്വന്തം നാടിന് എതിരായിട്ട് ഇങ്ങനെ ചിന്തിക്കുന്ന ഒരു സമൂഹം കേരളത്തിലല്ലാതെ ലോകത്തില്‍ എവിടെയും കാണാന്‍ സാധിക്കില്ല. തീര്‍ച്ഛയായും സങ്കടമുണ്ട്, ഒരുപാട് വിഷമമുണ്ട് എന്നും രാജസേനൻ വീഡിയോയിൽ പ്രതികരിച്ചു.
കുടുംബചലച്ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു മലയാളചലച്ചിത്ര സംവിധായകനാണ് രാജസേനൻ. 2016-ൽ അരുവിക്കര നിയോജകമണ്ഡലത്തിൽ നിന്ന് ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
രാജ്യം മുഴുവന്‍ ബിജെപി നേട്ടമുണ്ടാക്കിയിട്ടും കേരളത്തില്‍ ഒരടി പോലും മുന്നോട്ട് പോകാന്‍ സാധിക്കാത്ത അവസ്ഥ ആയിരുന്നു. ഭൂരിപക്ഷം എക്സിറ്റ് പോളുകളും കേരളത്തില്‍ ഒരു സീറ്റെങ്കിലും ബിജെപി നേടുമെന്ന് പ്രവചിച്ചതോടെ അത് പത്തനംതിട്ടയാണോ അതോ തിരുവനന്തപുരത്താവുമോ എന്നതായിരുന്നു ബിജെപി ക്യാംപിലെ ചര്‍ച്ച.
കേരളത്തില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, പാലക്കാട്, തൃശ്ശൂര്‍ എന്നീ മണ്ഡലങ്ങളാണ് ഉറച്ച വിജയസാധ്യതയുള്ള മണ്ഡലങ്ങളായി ബിജെപി വിലയിരുത്തിയത്. സര്‍വവിധ സന്നാഹങ്ങളോടും കൂടിയാണ് പാര്‍ട്ടി ഇവിടെ പ്രചാരണം നടത്തിയത്. ആര്‍എസ്എസ് നേരിട്ടായിരുന്നു പ്രചാരണം നിയന്ത്രിച്ചത്. ഇതിനായി വന്‍തോതില്‍ ഫണ്ടും ചിലവിട്ടു. ആര്‍എസ്എസ് നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയിലും ബിജെപി അധ്യക്ഷന്‍ അമിത് ഷായിലും നേരിട്ട് സമ്മര്‍ദ്ദം ചെലുത്തിയാണ് തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി കുമ്മനത്തെ കൊണ്ടു വന്നത്. ഇതിനായി പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും കുമ്മനം ഒഴിവാക്കുകയായിരുന്നു. എന്നാല്‍ കേരളത്തില്‍ ശക്തമായി ആഞ്ഞടിച്ച യൂഡിഎഫ് അനുകൂല തരംഗത്തില്‍ ശശി തരൂരിന് മുന്നില്‍ ഒരുലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.
ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയിലില്‍ കഴിഞ്ഞതോടെയാണ് ആര്‍എസ്എസിന് അനഭിമതനായിരുന്ന കെ.സുരേന്ദ്രനെ സംഘം പത്തനംതിട്ട സീറ്റിലേക്ക് പിന്തുണച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരന്‍ പിള്ള പത്തനംതിട്ടയില്‍ മത്സരിക്കാന്‍ ശക്തമായ നീക്കങ്ങള്‍ നടത്തിയിരുന്നുവെങ്കില്‍ ആര്‍എസ്എസ് ഇടപെടലിനെ തുടര്‍ന്നാണ് അവിടെ സുരേന്ദ്രന് നറുക്ക് വീഴുന്നത്. എന്നാല്‍ ശബരിമല പ്രക്ഷോഭം ഏറ്റവും കത്തിനിന്ന പത്തനംതിട്ടയില്‍ മത്സരിച്ച കെ സുരേന്ദ്രന് മൂന്നാംസ്ഥാനത്ത് മാത്രമാണ് എത്താന്‍ കഴിഞ്ഞത്.
തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം തൃശൂരും പാലക്കാടും രണ്ടാസ്ഥാനം, 20 ശതമാനം വോട്ട്, 10 നിയമസഭാ മണ്ഡലങ്ങളില്‍ ലീഡ് എന്നിങ്ങനെയായിരുന്നു കേരളത്തില്‍ ബിജെപിയുടെ പ്രതീക്ഷ. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അടക്കം 13 സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശുപോലും ലഭിച്ചില്ല.
rajasenan about election result
