Connect with us

നീയിങ്ങനെ എല്ലായിടത്തും എന്നെ പിന്തുടരേണ്ട, നീ പോയി നിന്റെ പണി നോക്ക്; ആരാധകനോട് രജനികാന്ത്

News

നീയിങ്ങനെ എല്ലായിടത്തും എന്നെ പിന്തുടരേണ്ട, നീ പോയി നിന്റെ പണി നോക്ക്; ആരാധകനോട് രജനികാന്ത്

നീയിങ്ങനെ എല്ലായിടത്തും എന്നെ പിന്തുടരേണ്ട, നീ പോയി നിന്റെ പണി നോക്ക്; ആരാധകനോട് രജനികാന്ത്

തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള സൂപ്പര്‍സ്റ്റാറാണ് രജിനികാന്ത്. ഇപ്പോഴിതാ തന്നെ ഭ്രാന്തമായി ആരാധിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് നടന്‍. തലൈവരെ കണ്ട ആരാധകന്‍ ഉച്ചത്തില്‍ ആര്‍ത്തുല്ലസിക്കുകയും ദീര്‍ഘകാലം സൂപ്പര്‍സ്റ്റാറായി നീണാന്‍ വാഴട്ടെയെന്ന് രജിനികാന്തിനെ ആശംസിക്കുകയും ചെയ്തിരുന്നു.

ചെന്നൈ എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു സംഭവം. ഡല്‍ഹി വഴി നേപ്പാളിലേക്ക് പോകാനായിരുന്നു സൂപ്പര്‍സ്റ്റാര്‍ എയര്‍പോര്‍ട്ടിലെത്തിയത്. ഇതിനിടെ നടനെ കാണാനിടയായ ആരാധകന്‍ സന്തോഷത്താല്‍ മതിമറന്ന് ഉച്ചത്തില്‍ ആശംസിക്കുകയായിരുന്നു. എന്നാല്‍ എല്ലായിടത്തും തന്നെ ഇപ്രകാരം അനുഗമിച്ച് വരേണ്ടതില്ലെന്നും നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂവെന്നും രജിനികാന്ത് മറുപടി നല്‍കിയെന്നാണ് വിവരം.

‘ബാലൂ, നീയിങ്ങനെ എല്ലായിടത്തും എന്നെ പിന്തുടരേണ്ടതില്ല. നീ പോയി നിന്റെ പണി നോക്ക്. അതാണ് കൂടുതല്‍ പ്രധാനപ്പെട്ടത്.’ ഇതായിരുന്നു രജിനികാന്തിന്റെ വാക്കുകള്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. തമിഴ് സിനിമാ മേഖലയിലെ തന്നെ ഏറ്റവും ഉത്തരവാദിത്വ ബോധമുള്ള നടനാണ് രജിനികാന്തെന്ന് ആരാധകര്‍ പ്രതികരിച്ചു.

അതേസമയം, അടുത്തിടെ തന്റെ പേരും ചിത്രവും ശബ്ദവും കാരിക്കേച്ചറുമൊക്കെ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുകയാണെന്ന് പറഞ്ഞ് രജനീകാന്ത് രംഗത്തെത്തിയിരുന്നു. അനുമതിയില്ലാതെയുള്ള അത്തരം ദുരുപയോഗങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഇനി നിയമ നടപടി സ്വീകരിക്കുമെന്നും തന്റെ അഭിഭാഷകന്‍ മുഖേന പുറത്തിറക്കിയ നോട്ടീസില്‍ രജനികാന്ത് വ്യക്തമാക്കുന്നു.

തങ്ങളുടെ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിനായി ഒരു നടനെന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും വലിയ ജനസ്വാധീനമുള്ള രജനീകാന്തിന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഇനി അത് അനുവദിക്കാനാവില്ലെന്നുമാണ് നോട്ടീസിന്റെ കാതല്‍. രജനികാന്തിന്റെ അഭിഭാഷകന്‍ എസ് ഇളംഭാരതിയാണ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.

‘ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന, വിജയംവരിച്ച അഭിനേതാക്കളില്‍ ഒരാളാണ് ശിവാജി റാവു ഗെയ്ക്വാദ് എന്ന രജനികാന്ത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പല ഭാഷകളിലെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഖ്യാതി വലുതാണ്. നടനെന്നും മനുഷ്യനെന്നും നിലയിലുള്ള വ്യക്തിപ്രഭാവം കൊണ്ടാണ് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരാല്‍ സൂപ്പര്‍സ്റ്റാര്‍ എന്ന് അദ്ദേഹം വിളിക്കപ്പെടുന്നത്. ഈ ഖ്യാതിക്ക് സംഭവിക്കുന്ന ഇടിവ് എന്റെ കക്ഷിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.

രജനികാന്തിന്റെ പേര്, ശബ്ദം, ചിത്രം, കാരിക്കേച്ചര്‍ തുടങ്ങിയവയൊക്കെ തങ്ങളുടെ ഉല്‍പന്നങ്ങളുടെ വില്‍പ്പനയ്ക്കായി ഉത്പാദകര്‍ ഉപയോഗിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയുള്ള അത്തരം ഉപയോഗം വഞ്ചനയായാണ് പരിഗണിക്കപ്പെടുക’. തന്റെ വ്യക്തിത്വവുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ വാണിജ്യപരമായ ഉപയോഗം രജനീകാന്തിന് മാത്രമാണ് സാധിക്കുകയെന്നും മറ്റാര്‍ക്കും അതിനുള്ള അവകാശം ഇല്ലെന്നും നോട്ടീസ് വ്യക്തമാക്കുന്നു.

അതേസമയം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ ആണ് രജനീകാന്തിന്റേതായി അടുത്ത് എത്തുന്ന ചിത്രം. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അതിഥിവേഷത്തില്‍ മോഹന്‍ലാലും എത്തുന്നുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

More in News

Trending