ജഗതി എന്നോട് പ്രതിഫലമേ ചോദിക്കില്ല, ആശാനേ ഒരു പടം ഉണ്ടെന്ന് പറഞ്ഞാൽമറുപടി ഇതായിരിക്കും ; പ്രേം പ്രകാശ് പറയുന്നു !
എഴുപതുകളില്‍ സിനിമയില്‍ എത്തിയതാണ് പ്രേം പ്രകാശ്. ജോസ് പ്രകാശിന്റെ അനിയന്‍ എന്ന ലേബലില്‍ നിന്ന് മാറി സിനിമകളില്‍ അഭിനയിക്കുന്നതിനപ്പുറം നിര്‍മിക്കുന്നതിലും പ്രേം പ്രകാശ് സജീവമായി. പെരുവഴി അമ്പലം എന്ന സിനിമയില്‍ തുടങ്ങി പ്രേക്ഷക ശ്രദ്ധ ലഭിച്ച ഒരുപിടി സിനിമകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നിർമാതാണ് പ്രേം പ്രകാശ്. സിനിമാ ലോകത്തെ തന്റെ അനുഭവങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രേം പ്രകാശ്.
കെപിഎസി ലളിത, സുകുമാരി, കലാഭവൻ മണി, നെടുമുടി വേണു തുടങ്ങി തന്റെ സിനിമകളിൽ പ്രവർത്തിച്ച നിരവധി സുഹൃത്തുക്കൾ വിട പറഞ്ഞെന്ന് പ്രേം പ്രകാശ് പറയുന്നു. നടൻ ജഗതിയും അന്തരിച്ച നടൻ നെടുമുടി വേണുവും തന്റെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നെന്നും പ്രേം പ്രകാശ് പറഞ്ഞു. നടൻ ജഗതിയെക്കുറിച്ചുള്ള ഒരു ഓർമ്മയും അദ്ദേഹം പങ്കുവെച്ചു. ഓൺലൈൻ മാധ്യമത്തോടാണ് പ്രതികരണം.
‘ഒപ്പം പ്രവർത്തിച്ച നിരവധി സുഹൃത്തുക്കൾ വിട പറഞ്ഞു. പരസ്പരം ഇഷ്ടപ്പെടുന്നവരാണ് സുഹൃത്തുക്കൾ. അവരിലുൾപ്പെട്ടവരാണ് നെടുമുടി വേണുവും ജഗതിയും. ജഗതിയെയൊന്നും മറക്കാൻ പറ്റില്ല. ജഗതി എന്നോട് പ്രതിഫലമേ ചോദിക്കില്ല. ആശാനേ ഒരു പടം ഉണ്ടെന്ന് പറഞ്ഞാൽ ഞാനവിടെ ഉണ്ടെന്നാണ് പറയുക. അത് ഏത് പടമാണെന്ന് ചോദിക്കില്ല’
‘ജോണി വാഗറിന്റെ ഷൂട്ടിംഗ് ബാംഗ്ലൂരിൽ നടക്കുമ്പോൾ ജഗതിക്ക് നാലോ അഞ്ചോ സീനോ ഉള്ളൂ. നാളെ ജഗതി വേണമെന്ന് ജയരാജ് പറഞ്ഞു. പൊലീസുകാരന്റെ വേഷമാണ്. ജഗതിയെ വിളിച്ചപ്പോൾ കോഴിക്കോട് ആണ്. അമ്പിളീ നാളെ ഷൂട്ട് ഉണ്ടെന്ന് പറഞ്ഞു. നാളെ എങ്ങനെ എത്തുമെന്ന് ജഗതി ചോദിച്ചു. ഒരു ടാക്സി വിളിച്ച് വാ എന്ന് പറഞ്ഞു’
പിറ്റേ ദിവസം വെളുപ്പിന് ഏഴിന് പുള്ളി ബാംഗ്ലൂരിൽ ഉണ്ട്. ഞാൻ ചോദിച്ചു എങ്ങനെ വന്നതെന്ന്. ബസിനാണ് വന്നതെന്ന് പറഞ്ഞു. അതൊക്കെ മറക്കാൻ പറ്റില്ല. കോഴിക്കോട് നിന്ന് ബസിനാണ് ആ മനുഷ്യൻ വന്നത്’
ഞാൻ മൂന്ന് സീരിയലേ നിർമ്മിച്ചിട്ടുള്ളൂ. അവസ്ഥാന്തരങ്ങൾ, അവിചാരിതം, ആഗ്നയം. മൂന്നിനും സംസ്ഥാന അവാർഡ് ലഭിച്ചു. അത് ഒരു നിർമാതാവിനും കിട്ടിയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. 25 സീരിയലുകളിൽ അഭിനയിച്ചു. സീരിയലിലെ അഭിനയത്തിന് രണ്ട് പ്രാവശ്യം മികച്ച നടനുള്ള പുരസ്കാരം ലഭിച്ചെന്നും പ്രേം പ്രകാശ് വ്യക്തമാക്കി.