News
മയക്കുമരുന്ന് കേസ്; ആര്യൻ ഖാൻ ജയിലിൽ തുടരും; ജാമ്യഹർജി പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി
മയക്കുമരുന്ന് കേസ്; ആര്യൻ ഖാൻ ജയിലിൽ തുടരും; ജാമ്യഹർജി പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി
ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ബുധനാഴ്ചയിലേക്കാണ് മാറ്റിയത്. ജാമ്യ ഹർജിയിൽ മറുപടി നൽകാൻ ഒരാഴ്ചത്തെ സമയം എൻസിബി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആര്യൻ ഖാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ തുടരും.
വെള്ളിയാഴ്ച മുംബൈ കോടതി ആര്യൻ ഖാന് ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന് ആര്യൻ ഖാനെയും മറ്റ് ഏഴുപേരെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു
ആര്യന്‍റെ ജാമ്യാപേക്ഷ നേരത്തെ മുംബൈ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ആര്യനിൽ നിന്നും ഇതുവരെ മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലാത്തതിനാല്‍ എന്‍സിപിഎസ് ആക്റ്റിനു കീഴില്‍ ജാമ്യം നിരസിക്കാനാവില്ലെന്നായിരുന്നു അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെയുടെ വാദം.
ഒക്ടോബർ രണ്ടിനാണ് മുംബൈ തീരത്തെത്തിയ കോർഡലിയ കപ്പലിൽ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട് ആര്യൻ ഖാനും സുഹൃത്തുക്കളും അറസ്റ്റിലാകുന്നത്.
ആര്യൻ ഖാന് പുറമെ അർബാസ് മെർച്ചന്‍റ്, മൂൺമൂൺ ധമേച്ച, വിക്രാന്ത് ചോക്കർ, ഇസ്മീത് സിങ്, നൂപുർ സരിക, ഗോമിത് ചോപ്ര, മൊഹക് ജസ്വാൾ എന്നിവരെയാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. ഒക്ടോബർ മൂന്നിന് ഇവരുടെ അറസ്റ് രേഖപ്പെടുത്തി.