എന്റെ പെങ്ങളുടെ മോളാണ് എന്നൊരു ബോധ്യം അവർക്ക് സത്യത്തിൽ ഉണ്ടായിരുന്നെങ്കിൽ, അവർ അവളെ ഒറ്റയ്ക്കു വിട്ടിട്ട് പോകുമായിരുന്നോ? പ്രതികരിച്ച് സുരേഷ് ഗോപി
ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് നടൻ സുരേഷ് ഗോപി. വന്ദന ദാസിനെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിനു വിട്ടുകൊടുത്തുവെന്ന ആരോപണമാണ് സുരേഷ് ഗോപി ഉന്നയിച്ചത് സംഭവത്തിൽ പൊലീസിന് ദീർഘവീക്ഷണം ഇല്ലാതെ പോയെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. സന്ദീപിനെ ഡോക്ടറുടെ അടുത്ത് എന്തുകൊണ്ട് ഒറ്റയ്‌ക്കാക്കിയെന്നു ചോദിച്ച സുരേഷ് ഗോപി, രക്തബന്ധമുള്ള കുട്ടിയായിരുന്നെങ്കിൽ പൊലീസ് അങ്ങനെ ചെയ്യുമായിരുന്നോ എന്നും ചോദിച്ചു.
‘ആ വന്ന പൊലീസുകാരിൽ ഒരാളുടെ, അല്ലെങ്കിൽ എല്ലാവരുടെയും ഒരു അടുത്ത ബന്ധുവും രക്തബന്ധമുള്ള കുട്ടിയുമായിരുന്നു ആ ഡോക്ടറെങ്കിൽ അവർ ഈ പറയുന്ന 50 മീറ്റർ അല്ലെങ്കിൽ 100 മീറ്റർ വിട്ടു നിൽക്കുമായിരുന്നോ? എന്റെ പെങ്ങളുടെ മോളാണ് എന്നൊരു ബോധ്യം അവർക്ക് സത്യത്തിൽ ഉണ്ടായിരുന്നെങ്കിൽ, അവർ അവളെ ഒറ്റയ്ക്കു വിട്ടിട്ട് പോകുമായിരുന്നോ? അവിടെ നിയമം പറയുമായിരുന്നോ? ഇത്രയും മാത്രമേ എനിക്ക് ആ ഉദ്യോഗസ്ഥരോടു ചോദിക്കാനുള്ളൂ.’ – സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
കൊലപാതകവും അക്രമവും അടക്കം ആശുപത്രിയിലെ സംഭവങ്ങളെല്ലാം നടന്നത് 20 മിനിട്ടിനുള്ളിലായിരുന്നു. പുലർച്ചെ 4:41 നാണ് സന്ദീപുമായി പൊലിസ് ആശുപത്രിയിലെത്തുന്നത്. പിന്നാലെ ഒ പി ടിക്കറ്റ് എടുത്തു. 4:53 ന് ഡ്രസിംഗ് മുറിയിലെ ദൃശ്യങ്ങൾ സന്ദീപ് വാട്സ് ആപ്പ് ഗ്രൂപ്പിലിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സന്ദീപ് ആക്രമണം തുടങ്ങിയത്. പുലർച്ചെ 4:53 നും 5.03 നും ഇടയിലായിരുന്നു അക്രമസംഭവങ്ങൾ അരങ്ങേറിയത്.
ആദ്യം ബന്ധു രാജേന്ദ്രനെയാണ് പ്രതി ആക്രമിച്ചത്. രാജേന്ദ്രനെ ചവിട്ടി വീഴ്ത്തിയ സന്ദീപ്, കത്രിയെടുത്ത് പുറത്ത് വന്ന് ബിനുവിനെ കുത്തുകയായിരുന്നു. കുത്തേൽക്കുന്നത് ബിനു പെട്ടെന്ന് ബിനു കണ്ടില്ല. ബിനുവിനെ കുത്തുന്നത് കണ്ട് തടയാൻ ശ്രമിച്ച ഹോം ഗാർഡ് അലക്സിനെ കുത്തുകയായിരുന്നു. പ്ലാസ്റ്റിക് കസേര കൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ച എ എസ് ഐ മണിലാലിനും ഇതിനിടെ കുത്തേറ്റു. തടയാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ രാജേഷിനെയും പ്രതി കുത്തി. ഇതിനിടയിലായിരുന്നു വന്ദനയോടുള്ള കൊടും ക്രൂരത. 5 മണിക്ക് കുത്തേറ്റ വന്ദനയുമായി സുഹൃത്ത് ഓടി പുറത്തേക്ക് വരുന്നു. 5.04 ന് വന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും ചെയ്തു.