‘തുനിവ്’ തുണച്ചില്ല… സിനിമ കണ്ട് പ്രചോദനമുള്‍ക്കൊണ്ട് ബാങ്ക് കവര്‍ച്ചയ്‌ക്കെത്തിയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി പിടിയില്‍
അജിത് നായകനായി എത്തി ഏറെ പ്രശംസ പിടിച്ചു പറ്റിയ തമിഴ് ചിത്രമായിരുന്നു ‘തുനിവ്’. ഇപ്പോഴിതാ ഈ ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ബാങ്ക് കവര്‍ച്ചയ്ക്കിറങ്ങിയ എന്‍ജിനീയറിങ് ബിരുദധാരിയായ യുവാവ് പിടിയില്‍. തമിഴ്‌നാട് സ്വദേശിയായ കലീല്‍ റഹ്മാന്‍ (25) ആണ് ദിണ്ഡിഗലില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ കവര്‍ച്ചാശ്രമത്തിനിടെ പിടിയിലായത്.
ദിണ്ഡിഗല്‍ ബേഗംപൂര്‍ സ്വദേശിയായ കലീല്‍ റഹ്മാന്‍ ഐ ഒ ബിയില്‍നിന്നു വായ്പയെടുത്തിരുന്നുവെന്നും ഇത് അടയ്ക്കുന്നതിനുവേണ്ടിയാണു കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു. ‘ഒരാഴ്ച മുമ്പ് തുനിവ് കണ്ട യുവാവ് ചിത്രത്തിന്റെ പ്രമേയത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തടിക്കൊമ്പിലെ ബാങ്ക് കൊള്ളയടിക്കാന്‍ പദ്ധതിയിട്ടു.
കലീല്‍ റഹ്മാന്‍ ഒരാഴ്ച മുമ്പ് റഹ്മാന്‍ തടിക്കൊമ്പിലെ ഐ ഒ ബി ശാഖ സന്ദര്‍ശിച്ചിരുനന്നു. ഇന്നലെ കവര്‍ച്ച നടത്താനായി സമീപത്തെ കടകളില്‍നിന്ന് കുരുമുളക് സ്‌പ്രേ, മുളകുപൊടി, പ്ലാസ്റ്റിക് കയര്‍ തുടങ്ങിയ സാധനങ്ങള്‍ വാങ്ങി. കവര്‍ച്ച ലക്ഷ്യമിട്ട് ഇന്നലെ രാവിലെ 9.45 ഓടെ പ്രതി ബാങ്കിലെത്തി.
ഈ സമയം രണ്ട് ശുചീകരണത്തൊഴിലാളികള്‍ ഉള്‍പ്പെടെ നാലു പേരാണ് ബാങ്കിലുണ്ടായിരുന്നത്. അവരെ പ്ലാസ്റ്റിക് കയര്‍ കൊണ്ട് കെട്ടിയിട്ട പ്രതി ഒരു തൊഴിലാളിക്കു നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. തുടര്‍ന്നു പണം വെച്ചിരിക്കുന്ന പ്രദേശം കാണിച്ചു തരാന്‍ ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ പരിക്കേല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിനിടെ, കയര്‍ അഴിച്ചുമാറ്റിയ ജീവനക്കാരിലൊരാള്‍, ബാങ്കിലേയ്ക്കു കടന്നുവന്ന മാനേജരെ കാര്യമറിയിച്ചു. തുടര്‍ന്നു പൊതുജനങ്ങളുടെ സഹായത്തോടെ പ്രതിയെ പിടികൂടി കെട്ടിയിട്ട് പൊലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ബാങ്കിലെ കടം തീര്‍ക്കാനാണു കവര്‍ച്ചാശ്രമം നടത്തിയതെന്നാണു പ്രതി ചോദ്യം ചെയ്യലില്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 397ാം വകുപ്പ് (ഗുരുതരമായ പരുക്ക് ഉണ്ടാക്കാനുള്ള ശ്രമത്തോടെയുള്ള കവര്‍ച്ച അല്ലെങ്കില്‍ കൊള്ള) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.