തുനിവും വാരിസും ബോക്സ് ഓഫീസ് പിടിച്ചുകുലുക്കിയോ?; ആദ്യദിന കണക്കുകൾ!
തുനിവും വാരിസും ബോക്സ് ഓഫീസ് പിടിച്ചുകുലുക്കിയോ?ആദ്യദിന കണക്കുകൾ!
നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം അജിത്ത് ചിത്രവും വിജയ് ചിത്രവും കഴിഞ്ഞ ദിവസം റിലീസ് ആയി . തുനിവ് ഒരു മണിക്ക് തന്നെ പ്രദര്‍ശനം ആരംഭിച്ചിരുന്നു. വാരിസിന്റെ ഫാന്‍സ് ഷോയ്ക്കും നിരവധി ആരാധകര്‍ എത്തിയിരുന്നു. അജിത്തിന്റെ ‘തുനിവ്’ ചിത്രത്തിനും വിജയ്‌യുടെ ‘വാരിസ്’ സിനിമയ്ക്കും മികച്ച പ്രതികരണങ്ങള്‍ തന്നെയാണ് ലഭിക്കുന്നത്. ഒന്നിനൊന്ന് മെച്ചം എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
രണ്ട് സിനിമകളുടെയും കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. തുനിവിന്റെ ആദ്യദിന ബോക്‌സ് ഓഫീസ് കളക്ഷന്‍ 18.50 കോടി മുതല്‍ 20 കോടി വരെയാണ് എന്നാണ് റിപോർട്ടുകൾ . ഇന്ത്യയൊട്ടാകെ വാരിസ് 26.5 കോടി നേടിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. തമിഴ്നാട്ടിൽ നിന്ന് മാത്രം 17 കോടിയാണ് വാരിസ് നേടിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കർണാടകയിൽ നിന്ന് 5 കോടി, കേരളത്തിൽ നിന്ന് 3.5, മറ്റു സംസ്ഥാനങ്ങളിൽ നിന്നായി 1 കോടിയുമാണ് ചിത്രം നേടിയിരിക്കുന്നത്. സമീപ കാലത്തായി ആർആർആർ, കാന്താര തുടങ്ങിയ തെന്നിന്ത്യൻ സിനിമകളുടെ ആധിപത്യം ഇന്ത്യൻ സിനിമയിലുട നീളം പ്രകടമായിരുന്നു.
വിജയിയുടെ മാസ് രംഗങ്ങൾ, നാല് ഫൈറ്റ് സീക്വൻസുകൾ, ഗാനങ്ങൾ, അമ്മ – മകൻ സെന്റിമെന്റ്സ് തുടങ്ങിയവയായിരുന്നു വാരിസിന്റെ ഹൈലൈറ്റുകൾ. വംശി പൈടിപ്പിള്ളി സംവിധാനം ചെയ്‌തചിത്രത്തിൽ രശ്മിക മന്ദാന, ശരത്കുമാർ, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, യോഗി ബാബു, ജയസുധ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തി.
എച്ച്. വിനോദ് സംവിധാനം ചെയ്ത തുനിവിൽ മഞ്ജു വാര്യരാണ് നായികയായെത്തിയത്. ചിത്രത്തിലെ മഞ്ജുവിന്റെ പ്രകടനവും കൈയ്യടി നേടിയിരുന്നു. വരും ദിവസങ്ങളിലും ചിത്രങ്ങൾ ഇതേ പ്രകടനം തുടർന്നാൽ കോളിവുഡിന് ഈ വർഷം ആദ്യം തന്നെ വലിയ നേട്ടമായിരിക്കും ഉണ്ടാവുക.
രണ്ട് ചിത്രങ്ങളും ചേര്‍ത്താല്‍ തമിഴ്നാട്ടില്‍ നിന്നും റിലീസ് ദിവസം ഇരുചിത്രങ്ങളും ചേര്‍ന്ന് 40 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയിട്ടുണ്ട്. എന്തായാലും അവസാന ബോക്സ് ഓഫീസ് ഫലങ്ങള്‍ ഇന്ന് ഉച്ചയ്ക്കുള്ളില്‍ എത്തിയേക്കും.
