Connect with us

കോവിഡ് ബാധിച്ച് ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

Malayalam

കോവിഡ് ബാധിച്ച് ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

കോവിഡ് ബാധിച്ച് ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 73 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ട രംഗനാഥിനെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലയാളത്തിലും തമിഴിലുമായി ആയിരത്തി അഞ്ഞുറോളം ഗാനങ്ങള്‍ രംഗനാഥ് ചിട്ടപ്പെടുത്തി.

ഇക്കൊല്ലത്തെ ഹരിവരാസനം അവാര്‍ഡ് ലഭിച്ചിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരു പിടി ഭക്തിഗാനങ്ങള്‍. പുറമേ നാടക ചലച്ചിത്ര മേഖലയിലെ സംഗീത ഗാന ശാഖയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകളുമാണ് ഗായകനായ ആലപ്പി രംഗനാഥിനെ ഹരിവരാസനം പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം.ജി. ദേവമ്മാളുടെയും ആറുമക്കളില്‍ മൂത്തയാളാണ് രംഗനാഥ്. 14ാം വയസു വരെ ആലപ്പുഴ നഗരത്തിലെ വെള്ളക്കിണറിലായിരുന്നു താമസം. കേരള സംഗീത നാടക അക്കാഡമിയുടെ രവീന്ദ്രനാഥ ടാഗോര്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

തന്റെ ആദ്യ സിനിമയായ ജീസസിലെ ‘ഓശാനാ ഓശാന കര്‍ത്താവിനോശാനാ’ എന്ന് തുടങ്ങുന്ന ഗാനവും യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണി പുറത്തിറക്കിയ അയ്യപ്പഭക്തിഗാനങ്ങളിലെ ‘സ്വാമി സംഗീതം ആലപിക്കും താപസ ഗായകനല്ലോ ഞാന്‍’ എന്ന ഗാനവുമാണ് ആലപ്പി രംഗനാഥിനെ പ്രശസ്തനാക്കിയവയില്‍ പ്രധാനം.

എല്ലാ ദുഖവും തീര്‍ത്തുതരൂ എന്റയ്യാ, എന്‍ മനം പൊന്നമ്പലം …, കന്നിമല, പൊന്നുമല.., മകര സംക്രമ ദീപം കാണാന്‍.., തുടങ്ങിയ അയ്യപ്പഭക്തിഗാനങ്ങളും ഹേ രാമാ രഘുരാമാ, മഹാബലി മഹാനുഭാവ, ഓര്‍മയില്‍പോലും പൊന്നോണമെപ്പോഴും, നിറയോ നിറ നിറയോ തുടങ്ങിയ ഓണപ്പാട്ടുകളും പറയൂ നിന്‍ ഗാനത്തില്‍ നുകരാത്ത തേനിന്റെ, എന്റെ ഹൃദയം നിന്റെ മുന്നില്‍ പൊന്‍തുടിയായ്, നാലുമണിപ്പൂവേ എന്നിങ്ങനെയുള്ള ലളിത ഗാനങ്ങളും മലയാളികള്‍ കേള്‍ക്കാന്‍ കൊതിക്കുന്നവയാണ്.

പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, ആരാന്റെ മുല്ല കൊച്ചുമുല്ല, മാമലകള്‍ക്കപ്പുറത്ത്, മടക്കയാത്ര, ക്യാപ്റ്റന്‍,ഗുരുദേവന്‍ തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. പൂച്ചയ്ക്കൊരു മൂക്കുത്തി, വിസ, എനിക്കു മരണമില്ല തുടങ്ങിയ സിനിമകള്‍ക്ക് പശ്ചാത്തലസംഗീതം ഒരുക്കി. അമ്പാടിതന്നിലൊരുണ്ണി, ധനുര്‍വേദം എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. ത്യാഗരാജ സ്വാമികളെപ്പറ്റി ദൂരദര്‍ശനില്‍ 17 എപ്പിസോഡുള്ള പരമ്പരയും അറിയാതെ എന്നൊരു ടെലിഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റി സയന്‍സ് ഓഫ് മെലഡി ആന്‍ഡ് ഹാര്‍മണി വിഭാഗത്തില്‍ അതിഥി അധ്യാപകനായിരുന്നു’.

More in Malayalam

Trending

Recent

To Top