Connect with us

നടിയുടെ പീഡനദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന അതേ കെട്ടിടത്തില്‍ വച്ച് ഒരു ഉന്നതനും ആലുവക്കാരിയായ ഒരു ഉന്നതയും ചേര്‍ന്ന് ആ രംഗങ്ങള്‍ രഹസ്യമായി കണ്ടിരുന്നോ? ഹാജരാക്കപ്പെട്ട പീഡനദൃശ്യങ്ങളുടെ ഹാഷ് വാല്യുവില്‍ പിന്നീടു വ്യത്യാസം വന്നോ? എങ്ങനെ?; വൈറലായി മുന്‍ ജഡ്ജിയുടെ കുറിപ്പ്

Malayalam

നടിയുടെ പീഡനദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന അതേ കെട്ടിടത്തില്‍ വച്ച് ഒരു ഉന്നതനും ആലുവക്കാരിയായ ഒരു ഉന്നതയും ചേര്‍ന്ന് ആ രംഗങ്ങള്‍ രഹസ്യമായി കണ്ടിരുന്നോ? ഹാജരാക്കപ്പെട്ട പീഡനദൃശ്യങ്ങളുടെ ഹാഷ് വാല്യുവില്‍ പിന്നീടു വ്യത്യാസം വന്നോ? എങ്ങനെ?; വൈറലായി മുന്‍ ജഡ്ജിയുടെ കുറിപ്പ്

നടിയുടെ പീഡനദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന അതേ കെട്ടിടത്തില്‍ വച്ച് ഒരു ഉന്നതനും ആലുവക്കാരിയായ ഒരു ഉന്നതയും ചേര്‍ന്ന് ആ രംഗങ്ങള്‍ രഹസ്യമായി കണ്ടിരുന്നോ? ഹാജരാക്കപ്പെട്ട പീഡനദൃശ്യങ്ങളുടെ ഹാഷ് വാല്യുവില്‍ പിന്നീടു വ്യത്യാസം വന്നോ? എങ്ങനെ?; വൈറലായി മുന്‍ ജഡ്ജിയുടെ കുറിപ്പ്

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ എത്തിയതോടെ കാര്യങ്ങള്‍ മറ്റൊരു തലത്തിലേയ്ക്ക് നീങ്ങുകയാണ്. എന്നാല്‍ ഇപ്പോഴിതാ ഈ കേസില്‍ സുപ്രധാന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് മുന്‍ ജഡ്ജി. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു ജഡ്ജിന്റെ വെളിപ്പെടുത്തല്‍. നടിയുടെ പീഡന ദൃശ്യങ്ങള്‍ ഒരു ഉന്നതനും ആലുവക്കാരിയായ ഒരു ഉന്നതയും ചേര്‍ന്ന് കണ്ടിരുന്നോ എന്നാണ് മുന്‍ ജഡ്ജി ഫേസ്ബുക് കുറിപ്പിലൂടെ ചോദിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളടങ്ങിയ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

ജഡ്ജിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു;

സര്‍, പൂച്ചയ്ക്കാരു മണികെട്ടും?

കൈക്കൂലി ഇടപാടുകള്‍ ഞാനാദ്യം കാണുന്നതു കോടതിയില്‍ വച്ചാണ്.

എന്റെ ഇരുപത്തിരണ്ടാം വയസില്‍, വക്കീല്‍ കാലത്തിന്റെ ആദ്യ നാളുകളില്‍. അന്ന് ബഞ്ച് ക്ലര്‍ക്കിനു പത്തു രൂപ നല്‍കിയാണ് ഞങ്ങളുടെ ഗുമസ്തന്‍ സാക്ഷി മൊഴികള്‍ ഓഫീസിലെത്തിക്കുക. സാക്ഷി വിസ്താരത്തിനു ശേഷം തൊട്ടടുത്ത ദിവസത്തേയ്ക്കായിരിക്കും ലിസ്റ്റ് കേസ് വാദം പറയാനായി വയ്ക്കുന്നത്. അപേക്ഷ നല്‍കി മൊഴിപ്പകര്‍പ്പു വാങ്ങാനൊക്കെ സമയമെടുക്കും. അതുകൊണ്ട് മൊഴി സംഘടിപ്പിക്കാനായി സീനിയര്‍, ഗുമസ്തനെ ഏല്പിക്കും.

വാദിഭാഗം മൊഴി ബഞ്ച് ക്ലര്‍ക്കില്‍ നിന്നു ഞങ്ങള്‍ വാങ്ങും. പ്രതിഭാഗം മൊഴി എതിര്‍ഭാഗം വക്കീലും അതേപോലെ തന്നെ വാങ്ങും. എന്നിട്ട് കാര്‍ബണ്‍ പേപ്പര്‍ വച്ച് ഇരുകൂട്ടരും മൊഴി പകര്‍ത്തിയെഴുതി പരസ്പരം കൈമാറും. ഫോട്ടോസ്റ്റാറ്റ് എടുക്കാത്തതിനു കാരണമുണ്ട്. കോടതിയില്‍ ഫോട്ടോസ്റ്റാറ്റ് മെഷീന്‍ വരുന്ന കാലത്തിനു വളരെ മുമ്പ് ഫോട്ടോസ്റ്റാറ്റ് മൊഴി പൊക്കിപ്പിടിച്ചു വായിച്ച് ഒരു സീനിയര്‍ വക്കീല്‍ വാദം പറഞ്ഞു. അതു ജഡ്ജി കാണുകയും ബഞ്ച് ക്ലര്‍ക്കിനു മെമ്മോ കിട്ടുകയും ചെയ്തതില്‍പ്പിന്നെ മൊഴിയുടെ ഫോട്ടോസ്റ്റാറ്റ് ആരും എടുക്കാതായതാണ്.

കോടതിയില്‍ നിന്നു വക്കീലാഫീസിലെത്തുന്ന മൊഴി ചില പ്രത്യേക സാഹചര്യങ്ങളില്‍ ഉടനടി പകര്‍ത്തിയെഴുതാന്‍ കഴിഞ്ഞെന്നു വരില്ല. അസല്‍ മൊഴി പിറ്റേന്നു രാവിലെ കേസു വിളിക്കും മുമ്പ് ബഞ്ച് ക്ലര്‍ക്കിനു തിരികെ നല്‍കുകയും വേണം. അന്നേരം ഫോട്ടോസ്റ്റാറ്റ് എടുത്ത ശേഷം പിന്നീട് പകര്‍ത്തിയെഴുതും, എന്നിട്ട് ഫോട്ടോസ്റ്റാറ്റ് കുനുകുനാ കീറിക്കളയും.

എന്റെ വക്കീല്‍ ജീവിതത്തിന്റെ തുടക്കത്തില്‍ ഞാനൊക്കെ ഏറ്റവുമധികം എഴുതിയത് സാക്ഷിമൊഴികളായിരിക്കണം, ജഡ്ജിയാകുന്നതിനും ഏഴു വര്‍ഷം മുമ്പേ മൊഴിയെഴുത്തു തുടങ്ങി. ഇന്ന് ആലപ്പുഴ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായ സുജാത മാഡം, പിന്നീട് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറായ വേണു കരുണാകരന്‍ സാര്‍ തുടങ്ങി എത്രയോ പേരുടെ മൊഴികള്‍.

എന്റെ ബാറില്‍ മാത്രമല്ല, മിക്ക സ്ഥലങ്ങളിലും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. കൊടുങ്ങല്ലൂരിലെ ഒരു ഫോട്ടോസ്റ്റാറ്റ് കടക്കാരന്‍ ഗുമസ്തനോടു ചോദിച്ച സംശയം ഇതായിരുന്നു: എല്ലാരും വന്ന് നൂലുപോലത്തെ ഒരു സാധനം ഫോട്ടോസ്റ്റാറ്റ് എടുത്തോണ്ടു പോണത് എന്തിനാ ചേട്ടാ? ഡോക്ടര്‍മാരെക്കാള്‍ മോശമായ ജഡ്ജിമാരുടെ കൈയ്യക്ഷരങ്ങളില്‍ ഒന്നായിരുന്നു ആ നൂല്‍.

വൈകിട്ട് ഞാനൊക്കെ വക്കീലാഫീസിലിരുന്ന് ഈ നൂലൊക്കെ പകര്‍ത്തുമ്പോള്‍ ഞങ്ങളുടെ മുറ്റം നിറയെ ആളുണ്ടാകും. കോടതിയിലെ പ്രോസസ് സര്‍വര്‍മാരാണ്. കോടതി ഉത്തരവു പ്രകാരം നോട്ടീസും സമന്‍സുമൊക്കെ നടത്താന്‍ ചുമതലപ്പെട്ട കോടതി ഉദ്യോഗസ്ഥര്‍. വരുന്നത് പരസ്യമായി കൈക്കൂലി ചോദിക്കാനും വാങ്ങാനുമാണ്. കൈക്കൂലി കിട്ടിയാല്‍ മാത്രം സ്ഥലത്തു പോകുകയും ഉത്തരവു നടത്തുകയും ചെയ്യുന്നവരാണ് അവര്‍ (അങ്ങനെയല്ലാത്ത മാന്യന്മാര്‍ തീര്‍ച്ചയായും പ്രോസസ് സര്‍വര്‍മാര്‍ക്കിടയില്‍ ഉണ്ട്, ന്യൂനപക്ഷം).

കൈക്കൂലി നല്‍കിയില്ലെങ്കില്‍ ഉത്തരവു നടപ്പാക്കേണ്ട വിലാസം കണ്ടെത്തിയില്ല, വിലാസക്കാരന്‍ സ്ഥലത്തില്ല എന്നൊക്കെ സ്ഥലത്തുപോലും പോകാതെ എഴുതി മടക്കും. ഇതൊക്കെ ഇപ്പോഴും ഇങ്ങനെ തന്നെയാണ്. കോവിഡ് കാലത്ത് പ്രോസസ് നടത്താനായി കക്ഷി സ്വന്തം ചിലവില്‍ കാറടക്കം നല്‍കണം! വക്കീലായിരുന്ന ഞാന്‍ ഒരേയൊരു കൂട്ടരോടേ വഴക്കിടാതിരുന്നിട്ടുള്ളു, കോടതി ജീവനക്കാരോടു മാത്രം. ജഡ്ജിമാരൊക്കെ ഇന്നു വരും, നാളെ പോകും. ജീവനക്കാര്‍ എന്നും അവിടെയൊക്കെത്തന്നെ കാണും, അവരെ നാളെയും കാണേണ്ടതാണ്.

ജഡ്ജിയായിരുന്ന എന്നോടും ജീവനക്കാരെക്കുറിച്ച് വക്കീലന്മാര്‍ പരാതി പറഞ്ഞിട്ടില്ല. ജഡ്ജിമാര്‍ പക്ഷേ ഇത്ര ചീപ്പല്ല. ഭയങ്കര കളര്‍ഫുള്‍ ആണ്. ഇന്നത്തെ ഹൈക്കോടതി ജഡ്ജി കൗസര്‍ എടപ്പഗത്ത് എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായിരിക്കുന്ന സമയം. 2018 ഏപ്രില്‍. എറണാകുളത്തു നിന്നു സ്ഥലംമാറിപ്പോകുന്ന ഞാനടക്കമുള്ള ജഡ്ജിമാരുടെ യാത്രയപ്പു വേദി. പുതിയ കോര്‍ട്ട് കോംപ്ലക്‌സ് അങ്കണത്തില്‍ രാത്രിയാണു ചടങ്ങ്. കലാപരിപാടികളും ഡിന്നറുമൊക്കെയുണ്ട്.

അങ്കണം വര്‍ണ്ണാഭമാക്കിയിരിക്കുന്നു. വര്‍ണ്ണ വിളക്കുകള്‍, വേദി, അലങ്കരിച്ച കസേരകള്‍. ആകെ പഞ്ചനക്ഷത്ര അന്തരീക്ഷം. സ്ഥലംമാറിപ്പോകുന്നവര്‍ക്കു നല്‍കാനുള്ള ഉപഹാരങ്ങള്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. വെളുത്ത ചെറിയ ബുദ്ധപ്രതിമകള്‍. എന്നാല്‍ ഒരെണ്ണം മാത്രം സ്വര്‍ണ്ണ നിറമുള്ള, അഞ്ചിരട്ടി വലിപ്പമുള്ള ബുദ്ധപ്രതിമയാണ്. ചടങ്ങു തുടങ്ങി. സ്ഥലംമാറിപ്പോകുന്നവരെ സ്റ്റേജില്‍ വിളിച്ച് ഉപഹാരം നല്‍കി. ആര്‍ക്കും സംസാരിക്കാനവസരമില്ല. അതിന്റെ കാരണം എനിക്കറിയാം.

ആദ്യമായി പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായപ്പോള്‍ത്തന്നെ, നിരവധി കോടതികളുള്ള എറണാകുളം പോലൊരു സുപ്രധാന ജില്ല നേടിയെടുത്ത കൗസറിന്റെ ഭരണപരിചയമില്ലായ്മ മുതലെടുത്ത്, അദ്ദേഹത്തെ അടിമുടി നിയന്ത്രിച്ചിരുന്ന ചില സഹജഡ്ജിമാരുടെ സംഘത്തിന്റെ കണ്ണിലെ കരടാണു ഞാന്‍. ബിജു മേനോന്‍, ശേഷാദ്രിനാഥന്‍, സി ആര്‍ ദിനേശ് തുടങ്ങിയവരും ചില വനിതാ രത്‌നങ്ങളും അടങ്ങുന്ന സംഘം എനിക്കു മൈക്ക് തരില്ലെന്ന് എനിക്കു നന്നായറിയാം. അവിടെയിരിക്കെത്തന്നെ വെട്ടിത്തുറന്നു വിമര്‍ശിക്കുന്ന ഒരുവന്‍ പോകാന്‍ നേരം എന്തൊക്കെ വിമര്‍ശനമാകും ഉന്നയിക്കുക എന്ന പേടി.

എനിക്കതില്‍ പരാതിയുമില്ല. കഴിയുന്നതും പ്രസംഗം ഒഴിവാക്കാനാണ് സ്വയം ശ്രമിക്കാറുള്ളത്. പക്ഷേ അന്നെനിക്ക് ആ യോഗം ബഹിഷ്‌കരിക്കണമെന്നു തോന്നി. കാരണം ആ മീറ്റിംഗില്‍ ഒരാള്‍ മാത്രം പ്രസംഗിച്ചു. അയാള്‍ മാത്രം പാട്ടു പാടി. ബുദ്ധന്റെ വലിയ ആ സ്വര്‍ണ്ണപ്രതിമയും അയാള്‍ക്കു സമ്മാനിക്കപ്പെട്ടു. എനിക്കിറങ്ങിപ്പോകാന്‍ കഴിഞ്ഞില്ല. എന്റെ ഭാര്യയും ഏഴു വയസുകാരി മകളും തനിച്ചിരുന്ന് വല്ലപ്പോഴും കിട്ടുന്ന വിലയേറിയ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതിനിടയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ കഴിയാതെ പോയി.

പിറ്റേന്ന് സ്വര്‍ണ്ണ പ്രതിമ സമ്മാനമായി കിട്ടിയ അതിഥി പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിക്കൊപ്പം ഇരിക്കുന്ന, സഹ ജില്ലാ ജഡ്ജിമാരും ഇതര ജഡ്ജിമാരുമൊക്കെ വിനീതവിധേയരായി പിന്നില്‍ പഞ്ചപുച്ഛമടക്കി കൈ കെട്ടി നില്‍ക്കുന്ന ഗ്രൂപ്പ് ഫോട്ടോ, അതിഥിയുടെ സഹപ്രവര്‍ത്തകന്‍ ആവേശപൂര്‍വം സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചു. (അത് പോസ് ചെയ്‌തെടുത്ത പ്രൊഫഷണല്‍ ഗ്രൂപ്പ് ഫോട്ടോ ആയിരുന്നു). എറണാകുളത്തെ ഒരു അഭിഭാഷക പിറ്റേന്ന് ഫെയ്‌സ്ബുക്കില്‍ വരികയും പൊട്ടിത്തെറിക്കുകയും ചെയ്തു. പക്ഷേ ഒന്നും സംഭവിച്ചില്ല. ഹൈക്കോടതിയില്‍ നിങ്ങള്‍ക്കു സംരക്ഷകരുണ്ടെങ്കില്‍ അങ്ങനെയാണ്.

സ്വര്‍ണ്ണ പ്രതിമയ്ക്ക് അര്‍ഹനായ ആ അതിഥി എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ അന്നത്തെ ഇന്‍സ്‌പെക്ടറായിരുന്നു. സെന്‍ട്രല്‍ പൊലീസ് വാദിയും പ്രതിയുമായി വരുന്ന കേസുകള്‍ വിചാരണ ചെയ്യുന്ന ജഡ്ജിമാരുടെ പ്രത്യേക അതിഥി. മോന്‍സണ്‍ വിവാദത്തിലടക്കം ഉള്‍പ്പെട്ട അനന്തലാല്‍. അയാളാണത്രെ അന്നത്തെ പഞ്ചനക്ഷത്ര സല്‍ക്കാരത്തിനാവശ്യമായ എല്ലാ ഒരുക്കങ്ങളും ചെയ്തത്. ക്രിമിനല്‍ കേസുകളിലെ ഒരു കക്ഷിക്കൊപ്പം പരസ്യമായി അരങ്ങു തകര്‍ത്ത പലരും ഇന്ന് ഹൈക്കോടതിയിലും ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ തലപ്പത്തുമുണ്ട്.

പരസ്യമായി ഇത്രയൊക്കെ നടക്കുന്നുണ്ടെങ്കില്‍, പരസ്യമായല്ലാതെ എന്തൊക്കെ നടക്കുന്നുണ്ടാവുമായിരിക്കും എന്നു നിങ്ങള്‍ എന്നോടു ചോദിക്കരുത്. ഉത്തരങ്ങള്‍ ചുമതലപ്പെട്ടവര്‍ കണ്ടെത്തട്ടെ. 2019-ലാണ് അതിജീവിതയുടെ പീഡനദൃശ്യങ്ങള്‍, അവ സൂക്ഷിച്ച അതേ ഇടത്തു നിന്നു തന്നെ ചോര്‍ന്നതെന്നു ചില മാദ്ധ്യമങ്ങള്‍ പറയുന്നുണ്ട്. 2018 ഏപ്രിലില്‍ എറണാകുളത്തുണ്ടായിരുന്ന പല ഉന്നതരും 2019 -ലും എറണാകുളത്തു തന്നെയുണ്ട്.

എങ്ങനെയാണവ ചോര്‍ന്നത്? ചോരുന്നതിനു മുമ്പ് പീഡനദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന അതേ കെട്ടിടത്തില്‍ വച്ച് ഒരു ഉന്നതനും ആലുവക്കാരിയായ ഒരു ഉന്നതയും ചേര്‍ന്ന് ആ രംഗങ്ങള്‍ രഹസ്യമായി കണ്ടിരുന്നോ? ഹാജരാക്കപ്പെട്ട പീഡനദൃശ്യങ്ങളുടെ ഹാഷ് വാല്യുവില്‍ പിന്നീടു വ്യത്യാസം വന്നോ? വന്നെങ്കില്‍, എങ്ങനെ? അന്വേഷിക്കട്ടെ.

അന്വേഷിക്കാന്‍ നട്ടെല്ലുള്ള ഒരുത്തനെങ്കിലുമുണ്ടോ? ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ ഒരു പൗരനെ മോന്‍സണ്‍ മാവുങ്കലുമായി കൂട്ടിക്കെട്ടാന്‍ ശ്രമിച്ച, പൊലീസ് അന്വേഷണം ഉത്തരവിട്ട, ചോദ്യങ്ങള്‍ ഉന്നയിച്ചവനെ ഭ്രാന്തനെന്നു പരിഹസിച്ച ഒരു ദേവേന്ദ്രനും അനങ്ങില്ല. ഒരു പരുന്തും പറക്കില്ല.

More in Malayalam

Trending

Recent

To Top