Connect with us

പെട്രോള്‍ പമ്പിലും കണ്‍സ്ട്രക്ഷന്‍ സൈറ്റിലും ജോലി, അബ്ബാസിന്റെ ഇപ്പോഴത്തെ ജീവിതം! കണ്ണു തള്ളി ആരാധകര്‍

Malayalam

പെട്രോള്‍ പമ്പിലും കണ്‍സ്ട്രക്ഷന്‍ സൈറ്റിലും ജോലി, അബ്ബാസിന്റെ ഇപ്പോഴത്തെ ജീവിതം! കണ്ണു തള്ളി ആരാധകര്‍

പെട്രോള്‍ പമ്പിലും കണ്‍സ്ട്രക്ഷന്‍ സൈറ്റിലും ജോലി, അബ്ബാസിന്റെ ഇപ്പോഴത്തെ ജീവിതം! കണ്ണു തള്ളി ആരാധകര്‍

വിനീതിനൊപ്പം കാതല്‍ദേശം എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ അബ്ബാസ് നിരവധി മലയാള ചിത്രത്തില്‍ അഭിനയിച്ചെങ്കിലും മഞ്ജുവാര്യര്‍ക്കൊപ്പമുള്ള കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ഒറ്റ ചിത്രം മതി മലയാളി പ്രേക്ഷകര്‍ക്ക് അബ്ബാസ് എന്ന നടനെ ഓര്‍ത്തിരിക്കാന്‍. അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുന്ന താരം ഇപ്പോള്‍ ന്യൂസിലാന്‍ഡിലാണ്. അവിടുത്ത തന്റെ ജീവിതത്തെ കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് അബ്ബാസ് ഇപ്പോള്‍. ന്യൂസിലന്‍ഡില്‍ പെട്രോള്‍ പമ്പു മുതല്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ വരെ ജോലി ചെയ്തിട്ടുണ്ടെന്നും ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ ഇത്തരമൊരു ജീവിതം ഒരിക്കലും നയിക്കാന്‍ കഴിയില്ലെന്നും അബ്ബാസ് പറയുന്നു. സ്‌കൂള്‍ കാലഘട്ടത്തിലെ ഒരുപാടു ഓര്‍മകളും താരം പങ്കുവച്ചു. ആത്മഹത്യാപ്രവണതയുള്ള കുട്ടിയായിരുന്നു താനെന്നും സുഹൃത്തുക്കളാണ് തന്നെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതെന്നും താരം വെളിപ്പെടുത്തി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അബ്ബാസിന്റെ തുറന്നു പറച്ചില്‍.

അബ്ബാസിന്റെ വാക്കുകള്‍ ഇങ്ങനെ: ‘ഇന്ത്യയില്‍ ഒരു ആര്‍ടിസ്റ്റ് അഭിനയത്തില്‍ നിന്ന് ഒരു ഇടവേള എടുക്കാന്‍ തീരുമാനിച്ചാലും അവര്‍ ചെയ്യുന്ന മറ്റു കാര്യങ്ങള്‍ നിരീക്ഷിക്കപ്പെടും. ന്യൂസിലന്‍ഡില്‍ എന്നെ ഇങ്ങനെ നോക്കാനോ വിലയിരുത്താനോ ആരുമില്ല. ഇവിടെ വന്നതിനു ശേഷം ഞാന്‍ പെട്രോള്‍ പമ്പില്‍ ജോലി എടുത്തിട്ടുണ്ട്. ബൈക്ക് മെക്കാനിക്ക് ആയി. അതെനിക്ക് ഏറ്റവും പ്രിയപ്പെട്ട ജോലിയായിരുന്നു. കാരണം എനിക്ക് ബൈക്കുകള്‍ വളരെ ഇഷ്ടമാണ്. പിന്നെ, കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ജോലി എടുത്തിട്ടുണ്ട്. ഇതിന് ഇടയില്‍ ഞാന്‍ ഓസ്‌ട്രേലിയയില്‍ പോയി പബ്ലിക് സ്പീക്കിങ്ങില്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് ചെയ്തു. അതിനും ഒരു കാരണമുണ്ട്. ആത്മഹത്യാ പ്രവണതയുള്ള ടീനേജേഴ്‌സിനെ അത്തരം ചിന്തകളില്‍ നിന്നു വ്യതിചലിപ്പിക്കുന്നതും അവരെ ബോധവല്‍ക്കരിക്കുന്നതിനും എനിക്ക് ആഗ്രഹമുണ്ട്. കാരണം എന്റെ കുട്ടിക്കാലവും അങ്ങനെയായിരുന്നു. ഏറെ ആത്മഹത്യാപ്രവണതയുള്ള കുട്ടിയായിരുന്നു ഞാന്‍.’

‘കര്‍ശന സ്വഭാവക്കാരായിരുന്നു എന്റെ മാതാപിതാക്കള്‍. ഞാനാണെങ്കില്‍ പഠനത്തില്‍ മോശവും. എനിക്ക് പരീക്ഷ എഴുതാന്‍ ഇഷ്ടമല്ലായിരുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരം അറിയാമെങ്കിലും എഴുതില്ല. ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ കൃത്യമായി പറഞ്ഞു കൊടുക്കും. പക്ഷേ, എഴുതാന്‍ ഇഷ്ടമല്ല. അതുകൊണ്ട് പരീക്ഷകളില്‍ തോല്‍ക്കുന്നത് സ്ഥിരമായി. അതുമൂലം എനിക്ക് നിരന്തരം വഴക്കു കേട്ടുകൊണ്ടിരുന്നു. പലപ്പോഴും ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. രണ്ടു തവണയൊക്കെ ഞാന്‍ വീടു വിട്ടു പോയിട്ടുണ്ട്. ഓരോ തവണയും എന്നെ സുഹൃത്തുക്കള്‍ കണ്ടെത്തി വീട്ടില്‍ തിരിച്ചെത്തിക്കും. മാതാപിതാക്കളുടെയും അധ്യാപകരുടെയും വഴക്കു പറയലില്‍ നിന്നു രക്ഷപ്പെടാന്‍ നുണ പറയുന്നത് ശീലമാക്കി. ഇങ്ങനെ വളരെ സ്വാഭാവികമായി നുണ പറഞ്ഞു പറഞ്ഞാണ് ഞാനൊരു അഭിനേതാവായതു പോലും,’ അബ്ബാസ് പറഞ്ഞു.

തന്റെ ജീവിതാനുഭവങ്ങള്‍ കൗമാരപ്രായത്തിലുള്ള കുട്ടികള്‍ക്ക് തീര്‍ച്ചയായും പ്രചോദനകരമാകുമെന്ന് അബ്ബാസ് പറയുന്നു. അതുകൊണ്ടാണ് പബ്ലിക് സ്പീക്കിങ്ങില്‍ പരിശീലനം നേടിയതെന്നും താരം പറഞ്ഞു. എന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ ഒരാളുടെ ജീവനെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞാല്‍, സിനിമയിലൂടെ കൈവരിച്ച നേട്ടത്തേക്കാള്‍ അതു തന്നെ സന്തോഷിപ്പിക്കുമെന്നും അബ്ബാസ് പറഞ്ഞു. ‘ഈയൊരു കാര്യം കൂടി മനസില്‍ വച്ചാണ് ഞാന്‍ ന്യൂസിലന്‍ഡിലേക്ക് വന്നത്. ഇവിടെ എനിക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ അല്‍പം കൂടി സ്വാതന്ത്ര്യമുണ്ട്. ഇന്ത്യയില്‍ നമ്മള്‍ ഇപ്പോഴും മറ്റുള്ളവരുടെ കാര്യത്തില്‍ ഏറെ തല പുകയ്ക്കുന്നവരാണ്. എനിക്ക് അതെല്ലാം ഉപേക്ഷിക്കണമായിരുന്നു. ജീവിതം ലളിതവും മനോഹരവുമാക്കുന്നതിനാണ് ഞാന്‍ കുടുംബത്തോടൊപ്പം ന്യൂസിലന്‍ഡിലേക്ക് വന്നത്. ഇനി സിനിമയിലേക്ക് തിരിച്ചു വരുമോ എന്ന് അറിയില്ല. ഇപ്പോള്‍ ആയിരിക്കുന്നിടത്ത് ഞാന്‍ ഹാപ്പിയാണ് എന്നും അബ്ബാസ് പറഞ്ഞു.

കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രം ഹിറ്റായെങ്കിലും അബ്ബാസിന് മലയാളത്തില്‍ കൂടുതല്‍ അവസരമൊന്നും നേടികൊടുത്തില്ല. സുരേഷ്ഗോപിക്കൊപ്പം ഡ്രീംസ് എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും അബ്ബാസിനു നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നില്ല ഇത്. മമ്മൂട്ടി നായകനായ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തില്‍ നല്ല വേഷമായിരുന്നു ചെയ്തത്. തമിഴില്‍ നിരവധി ചിത്രത്തില്‍ നായകനായെങ്കിലും അവിടെയും വിജയിച്ച നായകന്‍ എന്ന പേരുണ്ടാക്കാന്‍ അബ്ബാസിന് സാധിച്ചില്ല.

More in Malayalam

Trending

Recent

To Top