Connect with us

ട്യൂഷൻ ക്ലാസ് കട്ട് ചെയ്ത് മാറ്റിനിക്ക് പോകുന്ന രണ്ട് കുട്ടികളായി ഞങ്ങൾ! അതിരുകളില്ലാത്ത ജലപ്രവാഹത്തിലേക്ക്… കാർ പാർക്ക് ചെയ്ത് ഒരു നീളൻ കാലൻ കുടയും എടുത്ത് ചാറ്റൽ മഴയത്തിറങ്ങി; ജി.വേണുഗോപാലിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു

Malayalam

ട്യൂഷൻ ക്ലാസ് കട്ട് ചെയ്ത് മാറ്റിനിക്ക് പോകുന്ന രണ്ട് കുട്ടികളായി ഞങ്ങൾ! അതിരുകളില്ലാത്ത ജലപ്രവാഹത്തിലേക്ക്… കാർ പാർക്ക് ചെയ്ത് ഒരു നീളൻ കാലൻ കുടയും എടുത്ത് ചാറ്റൽ മഴയത്തിറങ്ങി; ജി.വേണുഗോപാലിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു

ട്യൂഷൻ ക്ലാസ് കട്ട് ചെയ്ത് മാറ്റിനിക്ക് പോകുന്ന രണ്ട് കുട്ടികളായി ഞങ്ങൾ! അതിരുകളില്ലാത്ത ജലപ്രവാഹത്തിലേക്ക്… കാർ പാർക്ക് ചെയ്ത് ഒരു നീളൻ കാലൻ കുടയും എടുത്ത് ചാറ്റൽ മഴയത്തിറങ്ങി; ജി.വേണുഗോപാലിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു

മലയാള സിനിമാ സംഗീത ലോകത്ത് ശ്രദ്ധേയനായ ഗായകനാണ് ജി.വേണുഗോപാൽ. സോഷ്യൽമീഡിയയിൽ ഏറെ സജീവമായ അദ്ദേഹം ഇടയ്ക്കിടയ്ക്ക് ചിത്രങ്ങളും വീഡിയോകളും വീട്ടിലെ വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഭാര്യയോടൊപ്പമുള്ള ചിത്രങ്ങളുമായി അതിരപ്പിള്ളിയിൽ നിന്നും അദ്ദേഹം പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.

കുറിപ്പിന്റെ പൂർണ്ണ രൂപം

‘ഒരിടത്ത് പോകാനായി പുറപ്പെട്ടാൽ അവിടെത്തന്നെ പോകണമെന്നോ, അവിടെ മാത്രമേ പോകാവൂ എന്നോ നിർബന്ധമില്ല എന്ന് പറഞ്ഞ് തന്നത് പത്മരാജൻ സാറാണ്. വ്യക്തിപരമായ ഒരാവശ്യത്തിനായി തൃശൂരിൽ പോകുമ്പോൾ ചാലക്കുടിത്തിരുവിൽ രശ്മി മന്ത്രിച്ചു “ഈ മഴയത്ത് അതിരപ്പിള്ളിയിൽ പോയാൽ നല്ല രസമായിരിക്കും!” മഴയും വെള്ളവും ദുരിതം വിതയ്ക്കുന്ന സമയത്ത് എന്ത് അതിരപ്പള്ളി എന്നാണ് മനസ്സിൽ ആദ്യം വന്നത്. തൃശൂരിൽ നിന്ന് വരുമ്പോൾ ഗൂഗിൾ മാപ്പിൽ വെറുതെ നോക്കി. ചാലക്കുടിയിൽ നിന്നും കഷ്ടി മുപ്പത് കിലോമീറ്റർ. ഒന്നും മിണ്ടാതെ വണ്ടി ഹൈവേയിൽ ഇടത്തേക്ക് തിരിച്ചു’

“എവിടേക്കാ”? രശ്മിയുടെ വാക്കുകളിൽ വലിയ അതിശയം നിഴലിച്ചില്ല. ട്യൂഷൻ ക്ലാസ് കട്ട് ചെയ്ത് മാറ്റിനിക്ക് പോകുന്ന രണ്ട് കുട്ടികളായി ഞങ്ങൾ. ” അതിരുകളില്ലാത്ത ജലപ്രവാഹത്തിലേക്ക് “, ഞാൻ! “ഓ! സാഹിത്യത്തിലാണല്ലോ “! രശ്മി. കാർ പാർക്ക് ചെയ്ത് ഒരു നീളൻ കാലൻ കുടയും എടുത്ത് ചാറ്റൽ മഴയത്തിറങ്ങി. “സാറേ, മഴയത്ത് പാറക്കൂട്ടം വഴുക്കും. സൂക്ഷിക്കണേ”, സെക്യൂരിറ്റിയിൽ നിൽക്കുന്ന സുജയും സുബൈദയും മൊഴിഞ്ഞു. അങ്ങനെ കാലൻ കുടയ്ക്ക് കീഴിൽ ഞങ്ങൾ കോൺക്രീറ്റ് പാതയിലൂടെ മെല്ലെ താഴേക്കിറങ്ങാൻ തുടങ്ങി. കോൺക്രീറ്റ് പാതയ്ക്ക് തൊട്ടു താഴെ കുത്തനെയുള്ള കരിങ്കൽപ്പാത മഴയത്ത് വെട്ടിത്തിളങ്ങുന്നു.

” ഏതാണ്ടൊരൊന്നര കിലോമീറ്ററുണ്ട് താഴേക്ക്. വീണാൽ എന്ത് ചെയ്യും?” ഞാൻ വിചാരിക്കും മുൻപ് വാക്കുകൾ വായിൽ നിന്ന് ചാടി പുറത്ത് വീണുപോയി. “ആ കരിനാക്ക് കൊണ്ടൊന്നും പറയാതെ ” രശ്മി. ഹീലുള്ള ചെരിപ്പൂരി കയ്യിൽ പിടിച്ച് രശ്മി താഴേക്കിറങ്ങി തുടങ്ങിയിരുന്നു. എന്നിലെ ഹാംലെറ്റിന് പിന്നൊന്നും പറയാനായില്ല. ആ പാദുകങ്ങൾ സ്വമേധയാ ഏറ്റെടുത്ത് തൊട്ടു പിറകിൽ ഞാനും അനുഗമിച്ചു. എങ്ങാനും വീണാൽ എവിടെയെങ്കിലും പിടിക്കണല്ലോ എന്ന ദുഷ്ചിന്ത മനസ്സിൽ നിന്നകറ്റാൻ ഞാൻ ആവോളം ശ്രമിച്ചു.ഇരുണ്ട്‌ കൂടിയ കാർമേഘങ്ങൾ തിരുമുടിക്കെട്ടഴിച്ച് നൃത്തമാടാൻ തുടങ്ങി. ഞാൻ കുട അടച്ചു. “നാളെയും മറ്റന്നാളും സ്റ്റുഡിയോയിൽ പാടാനുള്ളതല്ലേ? തൊണ്ട നോക്കിക്കോളൂ” രശ്മി. ഞാനൊന്നും മിണ്ടിയില്ല. വെളിയിൽ ആർത്തു പെയ്യുന്ന മഴ. കെട്ടി നിന്ന ഒരു മഴ മേഘം എന്നുള്ളിൽ പെയ്തൊഴിഞ്ഞ പോലെ.

ചുറ്റുമുള്ള വൻമരങ്ങളെല്ലാം മഹാ മൗനത്തിലാണ്. സ്വന്തം വേരിനെ ഭൂമിക്കടിയിലെ ഇരുളിൽ പ്രതിഷ്ഠിക്കുന്ന മഹാവൃക്ഷങ്ങൾ. എനിക്കൊന്നും സംസാരിക്കാൻ തോന്നിയില്ല. അതിരപ്പള്ളി വെള്ളച്ചാട്ടത്തോടടുക്കും തോറും രശ്മിയുടെ ശബ്‍ദം ഉച്ചത്തിലായിത്തുടങ്ങി. അവൾ ശരിക്കും ഒരു കുട്ടിയായിരിക്കുന്നു. അഞ്ചാം ക്ലാസിൽ സ്കൂൾ തുറക്കുമ്പോൾ കുടയടച്ച്‌, മഴ നനച്ച്, ചെളിവെള്ളം തട്ടിത്തെറുപ്പിക്കുന്ന ആ പഴയ കുട്ടിയാകാൻ മനസ്സ് ആഗ്രഹിച്ചു. എല്ലാമറിയുന്ന സൂര്യൻ അഗാധത്തിലെ ജലത്തെ നീരാവിയാക്കി, അത്യുന്നതങ്ങളിലെ മഴ മേഘമാക്കി ഭൂലോകമൗനികളായ വൃക്ഷങ്ങൾക്ക് കൃപാരസമായി ഇററിക്കുന്നു. കിഴുക്കാംതൂക്കായ മലയുടെ കൊടുമുടിയിൽ നിന്ന് ഒഴുകിയെത്തുന്ന ജലം അസാമാന്യമായ ശക്തിയോടെ താഴേക്ക് പതിക്കുന്നു.

ഇരച്ച് വരുന്ന നീരാവി ഞങ്ങളെ പൊതിഞ്ഞു. എവിടെയോ ഞങ്ങൾക്ക് ഞങ്ങളെ നഷടപ്പെട്ടു. ഹൃദയത്തിൻ കോണിലെ ശൂന്യമായൊരിടത്തെവിടെയോ കുളിർ ജലധാര നിറഞ്ഞു. തിരിച്ച് കഠിനമായ കയററം കയറുമ്പോൾ ഞങ്ങൾ തികച്ചും നിശ്ശബ്ദരായിരുന്നു. ചുറ്റുമുള്ള മരങ്ങളും അവരുടെ നിശ്ശബ്ദത കാത്തു സൂക്ഷിച്ചു നിന്നു. ഒരതിശയവും അവരെ ഒരിക്കലും ആകാംക്ഷാഭരിതരാക്കുന്നില്ലല്ലോ!

Continue Reading
You may also like...

More in Malayalam

Trending

Recent

To Top