Malayalam
കട്ടിലില്‍ ഒരു കസേര വലിച്ചിട്ട്, അതില്‍ കയറി, ടോയ്ലറ്റില്‍ നിന്നുള്ള ടിഷ്യു പേപ്പര്‍ സ്‌മോക് അലാമില്‍ സലിം തിരുകിക്കയറ്റും; വിദേശ പരിപാടിയ്ക്കിടെ നടന്നത്; കുറിപ്പുമായി ജി വേണുഗോപാൽ
കട്ടിലില്‍ ഒരു കസേര വലിച്ചിട്ട്, അതില്‍ കയറി, ടോയ്ലറ്റില്‍ നിന്നുള്ള ടിഷ്യു പേപ്പര്‍ സ്‌മോക് അലാമില്‍ സലിം തിരുകിക്കയറ്റും; വിദേശ പരിപാടിയ്ക്കിടെ നടന്നത്; കുറിപ്പുമായി ജി വേണുഗോപാൽ
മലയാളികളുടെ പ്രിയ ഗായകനാണ് ജി വേണുഗോപാല്‍. സോഷ്യൽ മീഡിയയിൽ സജീവമായ വേണുഗോപാല്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടി ഷോ എന്ന പേരില്‍ വിദേശത്ത് നടത്തിയ പരിപാടിയിലേക്ക് താനടക്കമുള്ളവര്‍ പോയതിനെ പറ്റിയാണ് വേണുഗോപാല്‍ പറയുന്നത്. അന്ന് തങ്ങളുടെ കൂട്ടത്തിലേക്ക് പുതിയതായി വന്ന സലിം കുമാര്‍ ഒപ്പിച്ച തമാശകളെ പറ്റിയാണ് ഗായകന്‍ പറഞ്ഞത്. പുകവലിച്ചതിന്റെ പേരില്‍ സ്‌പോണ്‍സര്‍ക്ക് ഫൈന്‍ കെട്ടേണ്ട അവസ്ഥ വന്നതിനെ കുറിച്ചും താരം പറയുന്നു.
നടന്മാരായ സലിം കുമാറിനും കുഞ്ചനുമൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് വേണുഗോപാല്‍ പങ്കുവെച്ചിരിക്കുന്നത്. ഒക്ടോബര്‍ പത്തിന് നടന്‍ സലിം കുമാര്‍ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുറിപ്പുമായി ഗായകന്‍ എത്തിയത്.
കുറിപ്പ് ഇങ്ങനെയാണ്
‘1999 ലായിരുന്നു ‘ മമ്മൂട്ടി ഷോ’, യുഎസ്എ യിലും യുകെ യിലും, അന്ന് വലിയൊരു ഗ്രൂപ്പിന്റെ ഭാഗമായി പോയ ഓര്‍മ്മകള്‍! കോമഡി, മിമിക്രി വിഭാഗത്തില്‍ പുതിയൊരാള്‍ അന്ന് കൂടെ വന്നു. സലിം കുമാര്‍. സിനിമയില്‍ അപ്രസക്തമായ ഒന്ന് രണ്ട് റോളുകള്‍ മാത്രമേ സലിം ചെയ്തിട്ടുണ്ടായിരുന്നുള്ളൂ.
ഭാഷാ പരിജ്ഞാനവും, നേരിനോടുള്ള കൂറും ആര്‍ജ്ജവവും, ജീവിതത്തിലെന്തും നര്‍മ്മത്തിലൂടെ കാണാനുള്ള കഴിവും, സലിമിന് വേറിട്ടൊരു വ്യക്തിത്വം നല്‍കിയിരുന്നു. ഹോട്ടല്‍ മുറികളിലെത്തിയാല്‍ സലിം ആദ്യം ചെയ്യുന്നത്, കട്ടിലില്‍ ഒരു കസേര വലിച്ചിട്ട്, അതില്‍ കയറി, ടോയ്ലറ്റില്‍ നിന്നുള്ള ടിഷ്യു പേപ്പര്‍ സ്‌മോക് അലാമില്‍ തിരുകിക്കയറ്റും. എന്നിട്ട് ഒരു ചിമ്മിനിയില്‍ നിന്നെന്നപോലെ നിര്‍ത്താതെ പുകയൂതും.
അമേരിക്കയിലെ മിക്ക ആഡിറ്റോറിയമുകളിലും കര്‍ശനമായ ‘no smoking’ നിര്‍ദ്ദേശമുണ്ട്. ന്യൂയോര്‍ക്കിലെ പ്രശസ്തമായ ‘Colden Centre’ ല്‍ ഉള്‍പ്പെടെ ഞങ്ങളുടെ സ്‌പോണ്‍സര്‍ വിജയേട്ടന് ഫൈന്‍ കെട്ടേണ്ടി വന്നിട്ടുണ്ട്. അവസാനം ഞങ്ങള്‍ സലിമിനോട് തമാശിച്ചു, നിന്റെ പ്രതിഫലത്തുകയെക്കാള്‍ നിനക്ക് ഫൈന്‍ തുകയാകുമല്ലോ എന്ന്. തിരിച്ച് വരാന്‍ സമയം ഞാന്‍ എന്റെ പോക്കറ്റിലുള്ള പേയ്‌സ് സലിമിന് കൊടുത്തു. ‘ഇതില്‍ നിറയെ കാശ് വീഴട്ടെ’ എന്നാശംസിച്ചു.
എന്തായാലും തൊട്ടടുത്ത വര്‍ഷം, രണ്ടായിരമാണ്ടില്‍ റിലീസ് ചെയ്ത ‘സത്യമേവജയതേ’ എന്ന സിനിമയ്ക്ക് ശേഷം സലിമിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ജീവിതത്തിലെ വേദനാ നിര്‍ഭരമായ നിമിഷങ്ങളെയെല്ലാം ചിരി കൊണ്ട് നേരിടുന്ന, പറവൂരില്‍ സ്വന്തം വീടായ ‘Laughing Villa ‘ യില്‍ ചിരിച്ചും ചിരിപ്പിച്ചും സസുഖം വാഴുന്ന സലിമിന് നന്മയും, ആയുരാരോഗ്യ സൗഖ്യവും നേരുന്നു’,. എന്നുമാണ് ജി വേണുഗോപാല്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.