Malayalam
‘വീഡിയോ കോൾ ചെയ്തപ്പോൾ ഉള്ളിൽ പ്രാർത്ഥിച്ചു, എന്നേ പറ്റിക്കാനായി ഇട്ട പോസ്റ്റ് മാത്രം ആകണേന്ന്’; ആന്റണി ഈസ്റ്റ്‌മാന്റെ വിയോഗത്തിൽ വേദനയോടെ അഞ്ജു അരവിന്ദ്
‘വീഡിയോ കോൾ ചെയ്തപ്പോൾ ഉള്ളിൽ പ്രാർത്ഥിച്ചു, എന്നേ പറ്റിക്കാനായി ഇട്ട പോസ്റ്റ് മാത്രം ആകണേന്ന്’; ആന്റണി ഈസ്റ്റ്‌മാന്റെ വിയോഗത്തിൽ വേദനയോടെ അഞ്ജു അരവിന്ദ്
കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത സംവിധായ കനും നിര്‍മ്മാതാവുമായ ആന്റണി ഈസ്റ്റ് മാന്റെ വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഇണയെത്തേടി, വയല്‍, അമ്പട ഞാനേ, മൃദുല തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട് അദ്ദേഹം.
ഇപ്പോൾ ഇതാ അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് അഞ്ജു അരവിന്ദ്. ആന്റണിച്ചേട്ടനുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് അഞ്ജു.
ആന്റണി ചേട്ടന്റെ വിയോഗം താങ്ങാനാകുന്നില്ല. ഇന്ന് രാവിലെ 6.40 ന് എനിക്ക് വന്ന ഗുഡ് മോണിങ് മെസ്സേജ് കണ്ടപ്പോൾ അറിഞ്ഞിരുന്നില്ല എല്ലാരേയും വിട്ടകന്ന് ഇത്രപെട്ടെന്ന് യാത്ര പറഞ്ഞുപോകുമെന്ന്. എത്ര പേർക്ക് സ്വാന്തനമേകുന്നതാണ്. സഹിക്കാനാകുന്നില്ല ഈ വേർപാട്. ഇപ്പോ വീഡിയോ കോൾ ചെയ്യ്തപ്പോൾ ഉള്ളിൽ പ്രാർത്ഥിച്ചു എന്നേപറ്റിക്കാനായി ഇട്ട പോസ്റ്റ് മാത്രം ആകണേന്നു. എന്നിട്ട് എന്നത്തേയും പോലെ എന്നേ കളിയാക്കി ചിരിക്കുന്ന സ്വന്തം ആന്റണിച്ചേട്ടൻ.
നിനക്ക് വട്ടാണ് പെണ്ണേ ആളുകൾ സോഷ്യൽ മീഡിയയിൽ വെറുതെ പറഞ്ഞുപരത്തുന്നതാണെന്നു പറഞ്ഞു എന്നേ സമാധാനിപ്പിക്കുന്ന ആന്റണി ചേട്ടനെ ഒരുപാടു വേദനയോടെ ഓർക്കുന്നു. അദ്ദേഹത്തിന്റെ വേർപാട് സഹിക്കാനുള്ള കരുത്തു ദൈവം പ്രിയപെട്ടവർക്ക് കൊടുക്കട്ടേ, എന്റെ ഗുരുതുല്യനായ അച്ഛനെ പോലെ ഞാൻ സ്നേഹിക്കുന്ന ആന്റണിച്ചേട്ടന് നിത്യശാന്തി നേരുന്നുവെന്നായിരുന്നു അഞ്ജു അരവിന്ദ് കുറിച്ചത്.
തൃശ്ശൂർ ജില്ലയിലെ കുന്നംകുളം ചൊവ്വന്നൂർ സ്വദേശിയാണ് അദ്ദേഹം. അറുപതുകളുടെ മധ്യത്തോടെയാണ് ഈസ്റ്റ്മാൻ തന്റെ ഫോട്ടോഗ്രാഫറായി ജീവിതം ആരംഭിക്കുന്നത്. എറണാകുളത്ത് ഈസ്റ്റ്മാൻ എന്ന പേരിൽ ഒരു സ്റ്റുഡിയോ സ്ഥാപിച്ചതോടെയാണ് ആന്റണി ഈസ്റ്റ്മാൻ എന്നറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് സിനിമാ നിശ്ചല ഛായാഗ്രഹണ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായി ആന്റണി ഈസ്റ്റ്മാൻ മാറി.
‘ഇണയെത്തേടി’ ആയിരുന്നു ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത ആദ്യചിത്രം. തന്റെ ആദ്യചിത്രത്തിലൂടെ സിൽക്ക് സ്മിതയെ മലയാള ചലച്ചിത്രമേഖലയിലേക്ക് അദ്ദേഹം കൊണ്ടുവന്നു. സിൽക്ക് സ്മിതയുടെ ആദ്യത്തെ നായിക വേഷമായിരുന്നു അത്. സ്മിത എന്ന പേരു സമ്മാനിക്കുന്നതും ആന്റണി തന്നെ. ഈ ചിത്രത്തിലൂടെ തന്നെ ആയിരുന്നു സംഗീതസംവിധായകൻ ജോൺസണും അരങ്ങേറ്റം കുറിച്ചത്.
വർണ്ണത്തേര്, മൃദുല, ഐസ്‌ക്രീം, അമ്പട ഞാനേ, വയൽ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്തു. രചന, ഈ ലോകം ഇവിടെ കുറെ മനുഷ്യർ, ഇവിടെ ഈ തീരത്ത്, ഐസ്‌ക്രീം, മൃദുല, മാണിക്യൻ, തസ്‌ക്കരവീരൻ, ക്ലൈമാക്‌സ് എന്നീ ചിത്രങ്ങൾക്ക് കഥയും മൃദുല എന്ന ചിത്രത്തിന്റെ തിരക്കഥയുമെഴുതി.
പാർവ്വതീപരിണയം എന്ന ചിത്രത്തിലൂടെ നിർമ്മാണരംഗത്തേക്കും കടന്നു. അക്ഷരം എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും പ്രവർത്തിച്ചിരുന്നു. ഗീതം, രാരീരം, തമ്മിൽ തമ്മിൽ, രചന, രക്തമില്ലാത്ത മനുഷ്യൻ, സീമന്തിനി, അവൾ വിശ്വസ്തയായിരുന്നു, ഈ മനോഹര തീരം, വീട് ഒരു സ്വർഗ്ഗം, മണിമുഴക്കം എന്നീ ചിത്രങ്ങളുടെ നിശ്ചല ഛായാഗ്രഹണവും നിർവഹിച്ചു.
ആന്റണി ഈസ്റ്റ്മാന്റെ മരണത്തിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.