Connect with us

‘ജീവിതത്തിൽ അമ്മയില്ലാതാകുന്ന നിമിഷം തൊട്ടാണ് നമുക്ക് വയസ്സാകുന്നത്, നഷ്ടപ്പെടുമ്പോൾ അമ്മയോളം നോവു നൽകുന്ന മറ്റൊന്നും ഭൂമിയിലില്ല എന്നത് വലിയ സത്യം; കുറിപ്പുമായി ഊർമ്മിള ഉണ്ണി!

Movies

‘ജീവിതത്തിൽ അമ്മയില്ലാതാകുന്ന നിമിഷം തൊട്ടാണ് നമുക്ക് വയസ്സാകുന്നത്, നഷ്ടപ്പെടുമ്പോൾ അമ്മയോളം നോവു നൽകുന്ന മറ്റൊന്നും ഭൂമിയിലില്ല എന്നത് വലിയ സത്യം; കുറിപ്പുമായി ഊർമ്മിള ഉണ്ണി!

‘ജീവിതത്തിൽ അമ്മയില്ലാതാകുന്ന നിമിഷം തൊട്ടാണ് നമുക്ക് വയസ്സാകുന്നത്, നഷ്ടപ്പെടുമ്പോൾ അമ്മയോളം നോവു നൽകുന്ന മറ്റൊന്നും ഭൂമിയിലില്ല എന്നത് വലിയ സത്യം; കുറിപ്പുമായി ഊർമ്മിള ഉണ്ണി!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഊർമിള ഉണ്ണി. കഴിഞ്ഞ കുറേ വർഷങ്ങളായി മലയാള സിനിമയിൽ സജീവ സാന്നിധ്യം ആണ് ഇവർ. സിനിമകളിലും സീരിയലിലും ഒരുപോലെ ഊർമ്മിള തിളങ്ങിയിട്ടുണ്ട്. ഊർമ്മിളയുടെ മകൾ ഉത്തരയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ഇപ്പോൾ ഒരുപാട് സിനിമകളിൽ ഒന്നും ഊർമ്മിള അഭിനയിക്കുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ നടി വളരെ സജീവമാണ്.

തന്റെയും കുടുംബത്തിന്റെയും ഓരോ വിശേഷങ്ങളും ഊർമ്മിള പങ്കുവയ്ക്കാറുണ്ട്. അതിൽ പലതും ഏറെ ശ്രദ്ധനേടാറുണ്ട്. ഇപ്പോൾ തനിക്കേറെ പ്രിയപ്പെട്ട അമ്മയെ കുറിച്ച് ഊർമ്മിള എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. അമ്മ മരിച്ചിട്ട് ഇന്നേക്ക് നാല് വർഷം ആയെന്ന് അറിയിച്ചു കൊണ്ടാണ് താരത്തിന്റെ കുറിപ്പ്. ഊർമ്മിളയുടെ കുറിപ്പ് വായിക്കാം തുടർന്ന്.

‘കഴിഞ്ഞ പിറന്നാളിന് ഉത്തര എനിക്കൊരു തുന്നൽ മിഷ്യൻ വാങ്ങി തന്നു. മിഷ്യൻ വിശേഷതയുള്ളതും, വില കൂടിയതുമാണ്. എങ്കിലും ചെറിയൊരു വിഷമം. അമ്മ തന്ന പഴയ മിഷ്യൻ കൊടുത്തു എന്നതാണ് സങ്കടം. അത് മിഷ്യനില്ലാത്ത ഒരു പാവം തുന്നൽക്കാരന് ഉപയോഗമായി എന്നതൊരു സമാധാനം. ആ പഴയ മിഷ്യന് 60 വർഷം പഴക്കമുണ്ട്. അച്ഛൻ അമ്മക്ക് ആദ്യം വാങ്ങിക്കൊടുത്ത സമ്മാനമാണത്രേ. അച്ഛനാണ് അമ്മയുടെ ഗുരു. എല്ലാ വെട്ടു കഷ്ണങ്ങളെക്കൊണ്ടും അവർ തുന്നി പഠിച്ചു. എനിക്കും ചേച്ചിക്കും പുതിയ ഉടുപ്പുകൾ ധാരാളം തുന്നിത്തന്നു അമ്മ’

‘എനിക്ക് 5 വയസ്സുള്ളപ്പോഴാണ് പാവക്കുട്ടിക്ക് ഒരു ഉടുപ്പു തുന്നണം എന്ന മോഹം എനിക്ക് ആദ്യമായി തോന്നിയത്. മിഷ്യൻ്റെ അടുത്തിരുന്ന ഒരു വെള്ളത്തുണി വെട്ടിക്കുത്തി എടുത്തു തുന്നാൻ തുടങ്ങി. സൂചി കയ്യിൽ കൊണ്ട അലർച്ചകേട്ട് അമ്മ ഓടി വന്നു. ചേച്ചിക്ക് യൂണിഫോമിനു വെട്ടി വെച്ച തുണിയാണ് ഞാൻ നശിപ്പിച്ചത്. മാത്രമല്ല തന്നത്താനെയുള്ള പരീക്ഷണവും. അമ്മ എന്നെ ഒന്നു പിച്ചി. അത് ആദ്യത്തേതും അവസാനത്തേതുമായ പിച്ചായിരുന്നു. പിന്നൊരിക്കലും അമ്മ എന്നെ നോവിച്ചിട്ടില്ല,’
‘വലിയ താമസമില്ലാതെ അമ്മ എനിക്ക് തുന്നൽ പഠിപ്പിച്ചു തന്നു. തോർത്ത് വക്കടിക്കാനും, സാരിക്കു ഫോൾ തുന്നാനും ഒക്കെ.തുന്നുമ്പോഴൊക്കെ അമ്മ എന്നെക്കൊണ്ട് പാട്ടു പാടിക്കും. ജാനകിയമ്മയുടെ പഴയ പാട്ടുകൾ. അമ്മ മാത്രമെ എന്നെക്കൊണ്ട് പാട്ട് പാടിക്കാറുള്ളു. കാരണം ഞാനൊരു പാട്ടുകാരിയല്ല എന്ന സത്യം എനിക്കും അമ്മക്കും മാത്രം അറിയില്ലായിരുന്നു. ഞാൻ പാവാടയിൽ നിന്ന് സാരിയിലേക്കു കയറിയ കാലം. ഞാനും അമ്മയും ഒരേ ടീച്ചറുടെ കീഴിൽ സാരി ബ്ലൗസ് തയ്ക്കാൻ പഠിച്ചു,’

‘എൻ്റെ തുന്നൽ തീരെ വൃത്തിയില്ല എന്ന് ടീച്ചർ കൂടെ കൂടെ പറയുമായിരുന്നു. അമ്മയുടേത് അതി മനോഹരമെന്നും. എനിക്ക് വാശിയായി. ഞാൻ കുറച്ചു കൂടെ പരിഷ്കാരിയായ ഒരു ടീച്ചറെ ടൗണിൽ കണ്ടു പിടിച്ചു. മിഷ്യൻ എംബ്രായട്ടറിയിൽ ഞാൻ പ്രവീണയായി. വീട്ടുകാരുടെയും ,സുഹൃത്തുക്കളുടേയും മുന്നിൽ വെച്ച് ഞാൻ അമ്മയെ കളിയാക്കുമായിരുന്നു. ഇന്നും തോർത്തിനു വക്കടിക്കാനെ അറിയു. കട്ട് വർക്ക് ചെയ്ത സാരിയുടുത്ത് ഞാൻ അഭിനന്ദനങ്ങൾ വാങ്ങിയെടുത്തു,’
‘വർഷങ്ങൾക്കു ശേഷം അച്ഛൻ്റെ മരണം കഴിഞ്ഞ് അമ്മയുടെ പെട്ടികളും മറ്റും ഉമ ചേച്ചിയുടെ വീട്ടിലേക്കു മാറ്റുകയായിരുന്നു ഞങ്ങൾ. അമ്മയുടെ ഡയറിയും ,അച്ഛന്റെ ചില ഷർട്ടുകളും ,എൻ്റെ മുഖചിത്രം വന്ന ചില മാസികകളും ഒരു ബാഗിൽ ഉണ്ടായിരുന്നു. അതിനിടയിൽ ഞാൻ എന്നോ ഉപേക്ഷിച്ച മുഷിഞ്ഞ കട്ട് വർക്ക് ചെയ്ത സാരി കണ്ടു,’

‘അമ്മ അതു കയ്യിലെടുത്തു പറഞ്ഞു “ഊർമ്മിള കഷ്ടപ്പെട്ട് പുറംവേദനിച്ച് തുന്നിയുണ്ടാക്കിയ സാരിയല്ലേ. ഞാനിത് ഒരിക്കലും കളയില്ല ,എത്ര പഴകിയാലും. ഇത്തരം എംബ്രോയഡറിയൊന്നും എനിക്കീ ജന്മം പറ്റില്ല. എനിക്ക് പറ്റാത്തത് ഊർമ്മിള പഠിച്ചല്ലോ. ഓർമ്മയ്ക്കത് എൻ്റെ കയ്യിൽ തന്നെ ഇരിക്കട്ടെ. എൻ്റെ നാവിറങ്ങിപ്പോയി. ഒരക്ഷരം മിണ്ടാനാവാതെ നിന്നു. അഹങ്കാരത്തിനു കിട്ടിയ പിച്ചായിരുന്നു ആ വാക്കുകൾ’വീണ്ടും പത്തു വർഷങ്ങൾ. അമ്മയുടെ മരണശേഷം ആ പഴയ തുന്നൽ മിഷ്യൻ ഞാൻ എറണാകുളത്തെ വീട്ടിൽ കൊണ്ടുവന്നു. കണ്ടാൽ പഴകിയെന്നേയുള്ളു. തുരുമ്പെടുത്തെങ്കിലും നല്ല കണ്ടീഷനിലാണ് അതിപ്പൊഴും. “എത്ര പഴകിയാലും ഈ വീട്ടിൽ ഒന്നും കളയില്ല, എല്ലാത്തിനും സെൻറിമെൻ്റ്സ് പറഞ്ഞോണ്ടിരിക്കും.” അച്ഛനും മകൾക്കും എന്നെപ്പറ്റി ഒരേ അഭിപ്രായമാണ് ഈ കാര്യത്തിൽ. പലകയും, ചക്രവും, പെഡലും ഒന്നുമില്ലാത്ത പുതിയ വെളുത്ത മിഷ്യൻ വീട്ടിലെത്തിയപ്പോൾ എനിക്ക് തന്നെ തോന്നി ഒരാൾക്ക് തുന്നാൻ ഒരു മിഷ്യൻ പോരെ,’

‘ജീവിതത്തിൽ അമ്മയില്ലാതാകുന്ന നിമിഷം തൊട്ടാണ് നമുക്ക് വയസ്സാകുന്നത്. നമ്മൾ കുട്ടിയല്ലാതാവുന്നത്. നഷ്ടപ്പെടുമ്പോൾ അമ്മയോളം നോവു നൽകുന്ന മറ്റൊന്നും ഭൂമിയിലില്ല എന്നത് വലിയ സത്യം. പിറന്നാൾ സമ്മാനം കയ്യിൽ കിട്ടിയപ്പോൾ വളരെ സന്തോഷം തോന്നി. ഉത്തരയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തിട്ട് കാർഡ് ബോഡ് പെട്ടി പതുക്കെ തുറന്നു,’

‘പുതിയ വെളുത്ത മിഷ്യൻ എൻ്റെ കട്ടിലിനരികിൽ ഒതുങ്ങി ഇരുന്നു. നൂലു കോർക്കാൻ ഇരുന്നപ്പോൾ അമ്മ പറഞ്ഞു തന്നത് തെറ്റിച്ചില്ല തൊട്ടു നെറുകയിൽ വെച്ചിട്ടേ തുടങ്ങാവു. അച്ഛനേം അമ്മേം മനസ്സിൽ ധ്യാനിച്ചു. എന്നിട്ട് പതുക്കെ വിളിച്ചു “അമ്മേ, മറുവിളി കേൾക്കാതെ അവിടെ നിറയുന്ന ശൂന്യതയുണ്ടല്ലോ, അത് അമ്മയെ നഷ്ടപ്പെട്ടവർക്കു മാത്രമെ അറിയൂ. നികത്താനാവാത്ത വേദന!,’ ഊർമ്മിള ഉണ്ണി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു

Continue Reading
You may also like...

More in Movies

Trending

Recent

To Top