ദക്ഷിണാഫ്രിക്കന്‍ നടിയും മോഡലുമായ ചാള്‍ബി ഡീന്‍ ക്രീക്ക് അന്തരിച്ചു; മരണകാരണം പുറത്ത് വിടാതെ ബന്ധുക്കള്‍
ദക്ഷിണാഫ്രിക്കന്‍ നടിയും മോഡലുമായ ചാള്‍ബി ഡീന്‍ ക്രീക്ക്(32) അന്തരിച്ചു. ഈ തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ചാള്‍ബി ഡീനിന്റെ വക്താവ് മരണ വാര്‍ത്ത സ്ഥിരീകരിച്ചു എങ്കിലും മരണകാരണത്തെക്കുറിച്ച് വിശദാംശങ്ങളൊന്നും നല്‍കിയില്ല. അപ്രതീക്ഷിതമായ പെട്ടെന്നുള്ള അസുഖം മൂലം നടി മരിച്ചുവെന്നതാണ് പുറത്തുവിട്ട ഒരേയൊരു വിവരം.
മികച്ച അഭിനേത്രിയും മോഡലുമായിരുന്നു ചാള്‍ബി ഡീന്‍. ‘ബ്ലാക്ക് ലൈറ്റ്‌നിംഗ്’ എന്ന സൂപ്പര്‍ഹീറോ പരമ്പരയില്‍ നിന്നാണ് താരം ഏറെ ആരാധകരെ സ്വന്തമാക്കിയത്. അടുത്തിടെ, പുതിയ ചിത്രമായ ‘ട്രയാംഗിള്‍ ഓഫ് സാഡ്‌നെസ്’ എന്ന ചിത്രത്തിലാണ് താരം ഒടുക്കം അഭിനയിച്ചത്. റൂബന്‍ ഓസ്റ്റ്‌ലണ്ട് സംവിധാനം ചെയ്ത ചിത്രം 2022 ഒക്ടോബറില്‍ പുറത്തിറങ്ങും.
ചിത്രം ഇതിനകം തന്നെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ കയ്യടികള്‍ സ്വന്തമാക്കിയിരുന്നു. 1990 ഫെബ്രുവരി 5ന് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലാണ് ചാള്‍ബി ഡീന്‍ ക്രീക്ക് ജനിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ ചാള്‍ബി മോഡലിംഗ് ആരംഭിച്ചു. ആറാം വയസ്സില്‍ അവള്‍ കാറ്റലോഗുകളിലും പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടു.
2008ല്‍, 18 കാരിയായ ചാള്‍ബിയും അവളുടെ കാമുകന്‍ ആഷ്ടണ്‍ ഷ്‌നെഹേജും ഗുരുതരമായ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. അപകടത്തില്‍, ചാള്‍ബിയുടെ രണ്ട് കശേരുക്കള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു, അവളുടെ കൈത്തണ്ട, നാല് വാരിയെല്ലുകള്‍, ഒരു കൈമുട്ട് എന്നിവ ഒടിഞ്ഞു. ഇടത് ശ്വാസകോശത്തിനും പരിക്കുകളും സംഭവിച്ചു. ഹോസ്പിറ്റലില്‍ നിന്ന് ഇറങ്ങിയ ശേഷം ചാള്‍ബി തന്റെ കരിയറില്‍ നിന്ന് ഒരു ഇടവേള എടുത്തു. പിന്നാലെ 2010ല്‍ സിനിമയില്‍ തിരികെയെത്തി.