News
ചിത്രയും കുടുംബവുമായുള്ള ബന്ധം വളരെ വലുത്, ബഹുമാനം മാത്രം; വ്യാജ വാര്‍ത്തയ്‌ക്കെതിരെ പരാതി നല്‍കിയെന്ന് മധുപാല്‍
ചിത്രയും കുടുംബവുമായുള്ള ബന്ധം വളരെ വലുത്, ബഹുമാനം മാത്രം; വ്യാജ വാര്‍ത്തയ്‌ക്കെതിരെ പരാതി നല്‍കിയെന്ന് മധുപാല്‍
അയോദ്ധ്യയില്‍ ശ്രീരാമ പ്രതിഷ്ഠ നടത്തുന്ന ദിവസം രാമനാപം ജപിക്കണം എന്ന് അഭ്യര്‍ഥിച്ചത്തിന് പിന്നാലെ ഗായിക കെഎസ് ചിത്രയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. ഇതിന് പിന്നാലെ ചിത്രയ്‌ക്കെതിരെ മധുപാല്‍ രംഗത്ത് എത്തി എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ മധുപാല്‍.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും സുഹൃത്തുക്കളും മറ്റ് അഭ്യുദയകാംക്ഷികളും ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുത് എന്നും മധുപാല്‍ അഭ്യര്‍ഥിച്ചു.വ്യാജ പ്രചരണത്തില്‍ സംസ്ഥാന ഡിജിപിക്ക് താന്‍ പരാതി നല്‍കിയിട്ടുണ്ട് എന്നും സോഷ്യല്‍ മീഡിയ കുറിപ്പില്‍ മധുപാല്‍ വ്യക്തമാക്കി.
കുറിപ്പ് ഇങ്ങനെ;
പ്രിയപ്പെട്ടവരേ,
മലയാളത്തിലെ പ്രശസ്ത ഗായിക ശ്രീമതി കെ എസ് ചിത്രയെക്കുറിച്ച് ഞാന്‍ പറഞ്ഞത് എന്ന രീതിയില്‍ ഒരു വ്യാജവാര്‍ത്ത ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിച്ചു കാണുന്നുണ്ട്. ഇനി ചിത്ര പാടുന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കില്ല എന്ന രീതിയിലുള്ള വ്യാജ പ്രചരണമാണ് ചില പ്രത്യേക കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നത്.
കഴിഞ്ഞ ദിവസം ഒരു ചാനലില്‍ സായാഹ്ന ചര്‍ച്ചയില്‍ ഒരു രാഷ്ട്രീയ വക്താവ് അവര്‍ ചര്‍ച്ച ചെയ്തിരുന്ന വിഷയവുമായി യാതൊരുവിധ ബന്ധമില്ലാഞ്ഞിട്ടു കൂടി എന്റെ പേര് വലിച്ചിഴക്കുകയുണ്ടായി. ആ സമയത്ത് അവതാരക ഇടപെട്ടത് കാരണം പിന്നീട് തുടര്‍ച്ചയായി മറ്റു പരാമര്‍ശങ്ങളൊന്നും ഉണ്ടായില്ല. അതിന്റെ തുടര്‍ച്ചയെന്ന പോലെയാണ് ഈ സൈബര്‍ ആക്രമണവും വ്യാജവാര്‍ത്തയും എനിക്കെതിരെ വരുന്നത്.
കൈരളി ന്യൂസ് ടിവിയില്‍ വന്നു എന്ന രീതിയിലുള്ള ഒരു വ്യാജ സ്‌ക്രീന്‌ഷോട് ഉള്‍പ്പടുത്തിയാണ് ഈ കുപ്രചരണം നടക്കുന്നത്. ഈ വാര്‍ത്ത കൊടുത്ത പ്രൊഫൈലിനെതിരെ ഞാന്‍ ബഹുമാനപ്പെട്ട ഡിജിപിക്ക് ഒരു പരാതി നല്‍കിയിട്ടുണ്ട്. ചലച്ചിത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ശ്രീമതി ചിത്രയും കുടുംബവുമായുള്ള ബന്ധം വളരെ വലുതാണ്. ഒരു ഗായികയായ അവരോട് എനിക്ക് ബഹുമാനവുമുണ്ട്.
ആളുകളെ ഒറ്റതിരിച്ചു ആക്രമിച്ചു തകര്‍ത്തുകളയാമെന്നുള്ള ചില പ്രത്യേക കോക്കസുക്കളുടെ വ്യാമോഹമാണ് ഇത്തരം വാര്‍ത്തകളിലൂടെ പുറത്തുവരുന്നത്.
എന്നെ അറിയാവുന്ന എന്റെ സുഹൃത്തുക്കളും മറ്റു അഭ്യുദയകാംഷികളും ഈ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന പ്രൊഫൈലിനെതിരെ നിയമനടപടികള്‍ ആരംഭിക്കുവാന്‍ ഞാന്‍ എന്റെ അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.