Actor
കശ്മീരി നാടക സംവിധായകനും നടനുമായ മുഷ്താഖ് കാക് അന്തരിച്ചു
കശ്മീരി നാടക സംവിധായകനും നടനുമായ മുഷ്താഖ് കാക് അന്തരിച്ചു
പ്രശസ്ത കശ്മീരി നാടക സംവിധായകനും നടനുമായ മുഷ്താഖ് കാക്(62) അന്തരിച്ചു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. ഞായറാഴ്ച ജമ്മുവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. നൂറിലധികം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
അന്ധയുഗ്, മല്ലിക പ്രതിബിംബ്, മഹാ ബ്രാഹ്മണ്‍, അല്ലാദാദ് എന്നിവയാണ് പ്രധാന നാടകങ്ങള്‍. റോമിയോ അക്ബര്‍ വാള്‍ട്ടര്‍, കേസരി, ഡിഷ്യും തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
പ്രശസ്തമായ ഫാമിലി മാന്‍ എന്ന സീരീസിലും വേഷമിട്ടു. കൂടാതെ കമല്‍ഹാസന്‍ നായകനായി എത്തിയ വിശ്വരൂപം എന്ന ചിത്രത്തില്‍ ഫറൂഖ് എന്ന കഥാപാത്രത്തേയും അവതരിപ്പിച്ചു. 2015ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചു.
ഡല്‍ഹി ശ്രീറാം കോളജില്‍ നാടക അധ്യാപകനായിരുന്ന അദ്ദേഹം ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും നാടകത്തിനായി ചെലവഴിക്കുകയായിരുന്നു. നാടക സംവിധായിക ഇഫ്ര മുഷ്താഖ് കാക് മകളാണ്.