Malayalam
സ്വന്തം ആളുകള്‍ ഇങ്ങനെ ഒരിക്കലും ചെയ്യാന്‍ പാടില്ല, ഇനി എംജിയെക്കൊണ്ട് തന്റെ ഒരു പാട്ടും പാടിക്കില്ലെന്ന് മോഹന്‍ലാല്‍; രസകരമായ സംഭവത്തെ കുറിച്ച് ഇന്നസെന്റ് മുമ്പ് പറഞ്ഞത്…
സ്വന്തം ആളുകള്‍ ഇങ്ങനെ ഒരിക്കലും ചെയ്യാന്‍ പാടില്ല, ഇനി എംജിയെക്കൊണ്ട് തന്റെ ഒരു പാട്ടും പാടിക്കില്ലെന്ന് മോഹന്‍ലാല്‍; രസകരമായ സംഭവത്തെ കുറിച്ച് ഇന്നസെന്റ് മുമ്പ് പറഞ്ഞത്…
വിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും കൊണ്ട് മലയാളികളുടെ മനസിലേക്ക് കടന്നു വന്ന നടനാണ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ വിയോഗം താങ്ങാന്‍ ആവുന്നതിലും അപ്പുറമാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യ താരമാണ് അദ്ദേഹമെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കും. മലയാള സിനിമയ്ക്ക് ഇന്നസെന്റിന്റെ വിയോഗം നികത്താനാവാത്തതാണ്.
ഹാസ്യ നടനായും സ്വഭാവനടനായും തിളങ്ങി നിന്നിരുന്ന അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നുണ്ട്. കഥാപാത്രങ്ങള്‍ മാത്രമല്ല, അദ്ദേഹത്തിന്റെ അഭിമുഖങ്ങളും രസകരമായ സംഭാഷണങ്ങളുമെല്ലാം പ്രേക്ഷക മനസില്‍ ഇന്നും മായാതെ നില്‍പ്പുണ്ട്. നടന്‍ എന്നതിന് പുറമെ ജനപ്രതിനിധി ആയെല്ലാം തിളങ്ങിയിട്ടുള്ള ഇന്നസെന്റ് കഥകള്‍ പറയുന്ന കാര്യത്തിലും മിടുക്കനായിരുന്നു.
ഇന്നസെന്റ് കഥകള്‍ എന്ന പരിപാടിയിലൂടെ തന്റെയും സിനിമാ സുഹൃത്തുക്കളുടേയുമൊക്കെ രസകരമായ കഥകള്‍ അദ്ദേഹം പങ്കുവയ്ക്കാറുണ്ടായിരുന്നു. അങ്ങനെ മുന്‍പൊരിക്കല്‍ എംജി ശ്രീകുമാറിനൊപ്പം ചേര്‍ന്ന് മോഹന്‍ലാലിനെ പറ്റിച്ച ഒരു സംഭവവും അദ്ദേഹം പങ്കുവെച്ചിരുന്നു. ആ വീഡിയോ ഇപ്പോള്‍ വീണ്ടും ശ്രദ്ധനേടുകയാണ്. ദുബായിയില്‍ വെച്ച് ഒരു പെണ്‍കുട്ടിയുടെ കാര്യം പറഞ്ഞ് മോഹന്‍ലാലിനെ പറ്റിച്ചതും തുടര്‍ന്ന് നടന്‍ എംജി ശ്രീകുമാറുമായി പിണങ്ങിയതിനെ കുറിച്ചുമാണ് ഇന്നസെന്റ് പറഞ്ഞത്.
‘എന്റെ വേണ്ടപ്പെട്ടൊരു സുഹൃത്താണ് മോഹന്‍ലാല്‍. അഭിനയത്തേക്കാളേറെ അദ്ദേഹത്തിന്റെ സാമിപ്യമാണ് സന്തോഷം നല്‍കുന്നത്. ഒരുപാട് തമാശകളും കാര്യങ്ങളുമൊക്കെ പറയാറുണ്ട്. നമ്മള്‍ തമ്മില്‍ കണ്ടിട്ട് എത്രനാളായി. പുതിയ സംഭവങ്ങള്‍ ഒന്നുമില്ലേ എന്നൊക്കെ അദ്ദേഹം ചോദിക്കാറുണ്ട്. നമുക്ക് ഇഷ്ടപ്പെട്ട ആളുകള്‍ കൂടെ അഭിനയിക്കുമ്പോള്‍ ജോലി ചെയ്യുകയാണ് എന്നൊരു തോന്നല്‍ നമുക്കുണ്ടാകില്ല. ഷൂട്ടിനിടയിലെ നേരംപോകാനായി നമ്മള്‍ ചില തമാശകളും രസകരമായ സംഭവങ്ങളുമൊക്കെ പറയും.
ഒരിക്കല്‍ ദുബായിയില്‍ ഒരു പരിപാടിക്ക് പോയി. ഞാനുണ്ട് എംജി ശ്രീകുമാറുണ്ട് മോഹന്‍ലാലുമുണ്ട്. അവിടെ ഞങ്ങളുടെ ഹോട്ടലിന്റെ റിസപ്ഷന്റെ അവിടെ സുന്ദരിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. ഞാന്‍ എംജിയോട് പറഞ്ഞു, ‘മലയാളി ആണെന്ന് തോന്നുന്നു’. എംജി പറഞ്ഞു അവര്‍ അറബിയാണെന്ന് തോന്നുന്നുവെന്ന്. ഇതിനിടയില്‍ ലാല്‍ റൂമിലേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, ‘നമുക്ക് ലാലിനെ ഒന്ന് പറ്റിക്കാം’, ‘എങ്ങനെ?’ ശ്രീക്കുട്ടന്‍ ചോദിച്ചു.
‘ആ പെണ്‍കുട്ടി ലാലിനെ കാണാന്‍ പറ്റുമോ എന്ന് അന്വേഷിച്ചു. ലാലിന് അത് ഇഷ്ടമല്ലെന്ന് ശ്രീക്കുട്ടന്‍ പറഞ്ഞു എന്നും പറയാമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ ചെന്ന് ലാലിനോട് ഇക്കാര്യം പറഞ്ഞു. ‘അവിടെ നമ്മള്‍ കണ്ട പെണ്‍കുട്ടി അവള്‍ അമേരിക്കയില്‍ ആയിരുന്നു. മലയാളിയാണ്. കുറച്ചൊക്കെ മലയാളം അറിയാം. തന്നെ കാണാന്‍ പറ്റുമോ എന്ന് ശ്രീക്കുട്ടനോട് ചോദിച്ചു. ഇല്ല കാണാന്‍ പറ്റില്ല, ലാല്‍ പ്രത്യേക ടൈപ്പ് ആണെന്നൊക്കെ ശ്രീക്കുട്ടന്‍ പറയുന്നുണ്ടായിരുന്നു. ആ സ്ത്രീ കുറെ നേരം ഇവിടെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നടന്നു.
എന്നെല്ലാം പറഞ്ഞു കൊടുത്തു. ലാല്‍ ഏതാണ്ട് വലിയൊരു നഷ്ടം വന്നത് പോലെ തലയില്‍ കൈവെച്ച് ഇരുന്നു. ചതിയാണ്. സ്വന്തം ആളുകള്‍ ഇങ്ങനെ ഒരിക്കലും ചെയ്യാന്‍ പാടില്ല എന്നൊക്കെ ലാല്‍ പറഞ്ഞു. അതിനിടെ റൂമില്‍ ആരോ മുട്ടി. എംജി ശ്രീകുമാര്‍ ആയിരുന്നു. തുറക്കണ്ടന്ന് ലാല്‍ പറഞു. അത് വിട്ടുകള എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ വാതില്‍ തുറന്നു കൊടുത്തു.
എംജി വന്ന് എന്തുപറ്റി ലാലേ എന്ന് ചോദിച്ചു. താനൊക്കെ എനിക്ക് വേണ്ടി പാടുന്നു എന്നത് തന്നെ എനിക്ക് മാനസികമായി വിഷമമാണെന്ന് ലാല്‍ പറഞ്ഞു. എംജി ശ്രീകുമാറിന്റെ മുഖം മാറി. ഇനി ഇങ്ങേരു പാടിക്കില്ലേ എന്ന ടെന്‍ഷനായി. എന്താണ് എന്ന് ചോദിച്ചു. ആ പെണ്‍കുട്ടിയോട് അങ്ങനെ പറഞ്ഞോ എന്നൊക്കെ ചോദിച്ചു. ഞാന്‍ എംജിയെ കണ്ണടച്ച് കാണിച്ചു. എംജി അങ്ങനെ പറഞ്ഞെന്ന് പറഞ്ഞു. അത് കഴിഞ്ഞ് എംജി റൂമില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍, ഇനി അയാളെ എന്റെ ഒരു പാട്ടും പാടിക്കില്ലെന്നായി ലാല്‍.
അയാള്‍ അത് വളരെ സീരിയസാക്കി എടുത്തു. അതിനുശേഷം ഞാന്‍ റൂമില്‍ പോയി. പിന്നാലെ ശ്രീക്കുട്ടന്‍ ഓടിയെത്തി. ലാലിന്റെ അടുത്ത് സത്യം പറയാന്‍ ആവശ്യപ്പെട്ടു. ഞാന്‍ പറയില്ലെന്നൊക്കെ ആദ്യം പറഞ്ഞു. പിന്നെ വൈകുന്നേരം ആയപ്പോള്‍ ലാലിനോട് കാര്യം പറഞ്ഞു. അപ്പോഴാണ് ശ്രീക്കുട്ടന് ആശ്വാസമായത്. എന്നെ കെട്ടിപിടിച്ചിട്ട് പറഞ്ഞു, ‘താന്‍ എന്നെ രക്ഷിച്ചുവെന്ന്’. എല്ലാം ചെയ്തത് ഞാന്‍ തന്നെയാണ്. ഒരു രസം,’ എന്നും ഇന്നസെന്റ് വീഡിയോയില്‍ പറയുന്നു.
ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയവെ ഈ വര്‍ഷം മാര്‍ച്ച് 26 നായിരുന്നു ഇന്നസെന്റിന്റെ മരണം. രണ്ട് തവണ അര്‍ബുദത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഇന്നസെന്റ് ഇത്തവണയും മടങ്ങി വരുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ നടന്റെ മരണ വാര്‍ത്ത മലയാളികളെ ഒന്നടങ്കം ഞെട്ടിക്കുകയായിരുന്നു. ഇന്നസെന്റിന്റെ വിയോഗം ആരാധകര്‍ക്കും സിനിമാ ലോകത്തിനും ഇപ്പോഴും കടുത്ത വേദനയാണ്.