Connect with us

എനിക്ക് അറിയാവുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ ഒരു സ്ത്രീയെ ടച്ച് ചെയ്യുന്നയാളല്ല, യുവതി യുവാക്കളോട് മക്കളെപ്പോലെയൊക്കെ മനസിന്റെ ഉള്ളിലാകാം; ഗണേഷ് കുമാര്‍

Malayalam

എനിക്ക് അറിയാവുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ ഒരു സ്ത്രീയെ ടച്ച് ചെയ്യുന്നയാളല്ല, യുവതി യുവാക്കളോട് മക്കളെപ്പോലെയൊക്കെ മനസിന്റെ ഉള്ളിലാകാം; ഗണേഷ് കുമാര്‍

എനിക്ക് അറിയാവുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ ഒരു സ്ത്രീയെ ടച്ച് ചെയ്യുന്നയാളല്ല, യുവതി യുവാക്കളോട് മക്കളെപ്പോലെയൊക്കെ മനസിന്റെ ഉള്ളിലാകാം; ഗണേഷ് കുമാര്‍

സിനിമയിലും രാഷ്ട്രീയത്തിലും ഒരു പോലെ സജീവമായ താരമാണ് സുരേഷ് ഗോപി. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ബിജെപി എംപി കൂടിയായ സുരേഷ് ഗോപിയ്‌ക്കെതിരെ പരാതി ഉയരുന്നത്. വെള്ളിയാഴ്ച കോഴിക്കോട് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടയില്‍ തോളില്‍ കൈവെച്ചത്.

ഉടന്‍ തന്നെ അതൃപ്തി പ്രകടിപ്പിച്ച് മാറി നിന്നെങ്കിലും സുരേഷ് ഗോപി വീണ്ടും അത് തന്നെ ആവര്‍ത്തിച്ചു. വീണ്ടും തോളില്‍ കൈ വെച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തക അപ്പോള്‍ തന്നെ തട്ടിമാറ്റി. വീഡിയോ വൈറലായതോടെ സോഷ്യല്‍നമീഡിയയില്‍ അടക്കം വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നു. ആളുകള്‍ വിമര്‍ശിക്കാന്‍ തുടങ്ങിയതോടെ സുരേഷ് ഗോപി മാപ്പ് പറഞ്ഞ് എത്തി. ഒരു മകളെപ്പോലെ കണ്ട് വാത്സല്യത്തോടെയാണ് പെരുമാറിയത് എന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.

സിനിമാ താരങ്ങള്‍ അടക്കം സുരേഷ് ഗോപിയെ അനുകൂലിച്ച് കുറിപ്പുകള്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുടെ പ്രവൃത്തിയോട് യോജിപ്പില്ലെന്ന് പറയുകയാണ് ഇപ്പോള്‍ നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഗണേഷ് കുമാര്‍. തനിക്ക് അറിയാവുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ പെരുമാറുന്നയാളല്ലെന്നും പക്ഷെ ഇത് വേണ്ടിയിരുന്നില്ലെന്നുമാണ് ഗണേഷ് കുമാര്‍ പറയുന്നത്.

ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് സുരേഷ് ഗോപി വിവാദത്തില്‍ ഗണേഷ് കുമാര്‍ പ്രതികരിച്ചത്. ‘എനിക്ക് അറിയാവുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ ഒരു സ്ത്രീയെ ടച്ച് ചെയ്യുന്നയാളല്ല. സത്യം പറയണമല്ലോ…. പക്ഷെ അദ്ദേഹം ചെയ്തത് ശരിയോ തെറ്റോയെന്ന് ചോദിച്ചാല്‍ വേണ്ടിയിരുന്നില്ലെന്നാണ് എനിക്ക് പറയാനുള്ളത്. കാരണം ആ കുട്ടി ആദ്യം തന്നെ അസ്വസ്ഥത പ്രകടിപ്പിച്ചു. എന്നിട്ടും രണ്ടാമതും തൊട്ടു. അപ്പോഴും ആ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു.

അവിടെ അതില്‍ കൂടുതല്‍ മാന്യമായി പെരുമാറാന്‍ ആ കുട്ടിക്ക് പറ്റില്ല. മൂന്നാമത്തെ പ്രാവശ്യം ആ കുട്ടി കൈ പിടിച്ച് മാറ്റി. ആ കുട്ടിക്ക് വേണമെങ്കില്‍ അവിടെ വെച്ച് ഒരു ഒച്ചയും ബഹളവും ഉണ്ടാക്കാമായിരുന്നു. പക്ഷെ ആ കുട്ടി വളരെ മാന്യമായിട്ടാണ് പെരുമാറിയത്. ആദ്യം കൈ വെച്ചപ്പോള്‍ ആ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. അപ്പോള്‍ തന്നെ സുരേഷ് ഗോപി അത് തിരിച്ചറിയണമായിരുന്നു. ആ കുട്ടി അത് ഇഷ്ടപ്പെടുന്നില്ലെന്ന് മനസിലാക്കാനുള്ള ബുദ്ധി സുരേഷ് ഗോപി പ്രകടിപ്പിച്ചില്ല. പിന്നെ എല്ലാവരും നമ്മളെക്കാള്‍ ചെറിയവരും നമ്മുടെ മുമ്പില്‍ പിള്ളേരുമൊന്നുമല്ല.

‘ഒരുപാട് യുവതി യുവാക്കളാണ് വരുന്നത്. അവരോട് മക്കളെപ്പോലെയൊക്കെ മനസിന്റെ ഉള്ളിലാകാം. സുരേഷ് ഗോപിയുടെ അത്തരം രീതികളോട് എനിക്ക് യോജിപ്പില്ലെന്നാണ്’, സുരേഷ് ഗോപി വിഷയത്തില്‍ പ്രതികരിച്ച് ഗണേഷ് കുമാര്‍ പറഞ്ഞത്. ഈ വിഷയത്തില്‍ ഗണേഷ് കുമാര്‍ പറഞ്ഞതാണ് ശരിയെന്നും അദ്ദേഹം പറഞ്ഞത് മാന്യമായ അഭിപ്രായമാണെന്നുമാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്.

‘മാധ്യമങ്ങളുടെ മുന്നില്‍ വെച്ച് വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്. ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്ത് തോന്നിയോ അതിനെ മാനിക്കണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു’, എന്നായിരുന്നു മാപ്പ് പറഞ്ഞ് സുരേഷ് ഗോപി പങ്കുവെച്ച കുറിപ്പ്.

സുരേഷ് ഗോപി മാപ്പ് ചോദിച്ചതോടെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ എത്തി. സെലിബ്രിറ്റികളില്‍ ചിലര്‍ അടക്കം സുരേഷ് ഗോപി ചെയ്ത പ്രവൃത്തിയില്‍ തെറ്റുള്ളതായി തോന്നിയെന്ന് പറഞ്ഞാണ് കമന്റ് കുറിച്ചത്. സ്റ്റാര്‍ മാജിക്കിലൂടെയും സീരിയലിലൂടെയും ശ്രദ്ധനേടിയ അനുമോള്‍ അറിയാവുന്നവര്‍ക്ക് അറിയാം… സുരേഷേട്ടന്‍… എന്നായിരുന്നു അനുമോളുടെ കമന്റ്. റെസ്‌പെക്ട് എന്നാണ് സാന്ത്വനം സീരിയില്‍ താരം ഗിരീഷ് കുറിച്ചത്.

സാറിനെ ഞങ്ങള്‍ക്കെല്ലാം അറിയാം, അദ്ദേഹം തെറ്റായ രീതിയില്‍ ആ കുട്ടിയോട് പെരുമാറിയെന്ന് എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹത്തിനെ അറിയാത്തത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. ഒരു മോളെ പോലെയാണ് കണ്ടത് തെറ്റായ രീതിയില്‍ ചിന്തിക്കുന്നത് കൊണ്ടാണ് മോശമായി തോന്നിയത് എന്നായിരുന്നു ഒരാള്‍ സുരേഷ് ഗോപിയെ അനുകൂലിച്ച് കുറിച്ചത്.

മനുഷ്യനാവുമ്പോള്‍ തെറ്റ് ഉണ്ടാവും അത് തിരുത്തുന്നിടത്താണ് മഹത്വം, മോശമായി കണ്ടത് ആ മാധ്യമപ്രവര്‍ത്തകയാണ് ഞങ്ങള്‍ക്ക് തോന്നിയില്ല, സുരേഷേട്ടനെ അറിയുന്നവര്‍ക്ക് സത്യം മനസിലാവും. എങ്കിലും ക്ഷമ ചോദിക്കാന്‍ കാട്ടിയ നല്ല മനസിന് അഭിനന്ദനം. കിട്ടിയ സമയം കൊണ്ട് തറ രാഷ്ട്രീയം കളിക്കുന്നവരെ പൊതുജനം വിലയിരുത്തും. ഒരുപാട് പേരുടെ കണ്ണീരിന് സാന്ത്വനമായ സുരേഷേട്ടാ ധൈര്യമായി മുന്നോട്ട് പോവുക എന്നെല്ലാമാണ് മാപ്പ് ചോദിച്ച് സുരേഷ് ഗോപി പങ്കുവെച്ച കുറിപ്പിന് വന്ന കമന്റുകള്‍.

More in Malayalam

Trending