News
ഫഹദ് ഫാസില്‍- വടിവേലു കോംബോ വീണ്ടും എത്തുന്നു
ഫഹദ് ഫാസില്‍- വടിവേലു കോംബോ വീണ്ടും എത്തുന്നു
മലയാളത്തിനൊപ്പം ഇതരഭാഷകളിലും തിരക്കുള്ള താരമാണ് ഇപ്പോള്‍ ഫഹദ് ഫാസില്‍. തമിഴില്‍ വിക്രം, മാമന്നന്‍, തെലുങ്കില്‍ പുഷ്പ തുടങ്ങിയ ചിത്രങ്ങളെല്ലാം ഫഹദിന്റെ താരമൂല്യം വലിയ രീതിയിലാണ് ഉയര്‍ത്തിയത്. മികച്ച അഭിനയശേഷിയും താരമൂല്യവുമുള്ള നടനെന്ന് ഇന്ത്യയൊട്ടാകെയുള്ള പ്രശസ്തിയും ഫഹദിന് ഇക്കാലയളവില്‍ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അപ്കമിംഗ് പ്രോജക്റ്റുകളിലേക്ക് ഒരു ശ്രദ്ധേയ ചിത്രം കൂടി എത്തുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ഫഹദിനൊപ്പം വടിവേലുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമാണ് ഇത്. മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ ഈ വര്‍ഷമെത്തിയ മാമന്നനില്‍ ഇരുവരും ശ്രദ്ധേയ വേഷങ്ങളില്‍ എത്തിയിരുന്നു. സാമ്പത്തിക വിജയവും നിരൂപകപ്രശംസയും നേടിയ ചിത്രം ഒടിടി റിലീസിന് ശേഷവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
നായകനേക്കാളും ശ്ലാഘിക്കപ്പെട്ടത് ഫഹദ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രമാണെന്നത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ജാതി രാഷ്ട്രീയം സംസാരിച്ച ഗൌരവമുള്ള പൊളിറ്റിക്കല്‍ ഡ്രാമ ചിത്രത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം പക്ഷേ കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമായിരിക്കും!
ഒരു ഫണ്‍ റോഡ് മൂവി ആയിരിക്കും ഇതെന്നും ഒരു പുതുമുഖ സംവിധായകനാവും ചിത്രം ഒരുക്കുകയെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള എക്‌സില്‍ കുറിച്ചു. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൌധരി ആയിരിക്കും നിര്‍മ്മാണം. ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്നും ശ്രീധര്‍ പിള്ള അറിയിക്കുന്നു.
അതേസമയം രോമാഞ്ചം സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന ആവേശമാണ് ഫഹദിന്റെ പുതിയ മലയാളം ചിത്രം. തെലുങ്കില്‍ പുഷ്പ 2 ഉും വരാനുണ്ട്. സൂപ്പര് ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന മലയാള ചിത്രം ഹനുമാന്‍ ഗിയറും ഫഹദിന്റെ അപ്കമിംഗ് ലൈനപ്പുകളില്‍ ഉണ്ട്.