Connect with us

ഹീ വില്‍ കം ബാക്ക്; ഫാസിലിന്റെ ആ വാക്കുകൾ വെറുതെയായില്ല; വൈറലായി കുറിപ്പ്

Malayalam

ഹീ വില്‍ കം ബാക്ക്; ഫാസിലിന്റെ ആ വാക്കുകൾ വെറുതെയായില്ല; വൈറലായി കുറിപ്പ്

ഹീ വില്‍ കം ബാക്ക്; ഫാസിലിന്റെ ആ വാക്കുകൾ വെറുതെയായില്ല; വൈറലായി കുറിപ്പ്

പ്രേക്ഷക ഹൃദയങ്ങളിലേക്ക്ഇടിച്ചുകയറി തിയറ്ററുകൾ തകർത്തോടുന്ന സിനിമയാണ് ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമായ ട്രാൻസ്. ഫെബ്രുവരി 14 ന് ചിത്രം തീയേറ്ററുകളിൽ എത്തുമെന്ന് പറഞ്ഞെങ്കിലും 20 നാണു ട്രാൻസ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയത്.

ചിത്രം കണ്ടിറങ്ങിയശേഷം സന്ദീപ് ദാസ് എന്ന വ്യക്തി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വേറിട്ട കുറിപ്പാണ് ഇപ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്

സിനിമയില്‍ അഭിനയിക്കുന്നവരെല്ലാം കൊതിക്കുന്ന ഒന്നാണ് സൂപ്പര്‍താരപദവി.ഫഹദ് അവിടെയും വ്യത്യസ്തനാകുന്നു.ഫാന്‍സ് അസോസിയേഷന്‍ ഇല്ലാത്ത നടനാണ് അയാള്‍.അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ”പിള്ളേര് പഠിക്കട്ടെ” എന്നാണ് ഫഹദ് അഭിപ്രായപ്പെട്ടത്. .ഫഹദ് തിരിച്ചുവന്നു.പ്രേക്ഷകമനസ്സുകളില്‍ നിന്ന് ഇനിയൊരു മടങ്ങിപ്പോക്കുണ്ടാവില്ല.മറ്റൊരു അജ്ഞാതവാസത്തിന് ആ ചെറിയ വലിയ മനുഷ്യന്‍ ധൈര്യപ്പെടുകയുമില്ലെന്ന് ഫേസ്ബുക്കിൽ കുറിച്ചു

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:


അന്‍വര്‍ റഷീദിന്റെ ‘ട്രാന്‍സ് ‘ എന്ന സിനിമയ്ക്ക് സമ്മിശ്രപ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഫഹദ് ഫാസില്‍ തന്റെ വേഷം ഗംഭീരമാക്കിയെന്ന് സിനിമ കണ്ട പ്രേക്ഷകരെല്ലാം ഒരേസ്വരത്തില്‍ പറയുന്നു. അസാമാന്യപ്രതിഭകളില്‍ മാത്രം കണ്ടുവരുന്ന ഒരു സവിശേഷതയാണത്.സിനിമയുടെ സ്വഭാവം എന്തായാലും ചില അഭിനേതാക്കള്‍ വേറിട്ടുനില്‍ക്കും.

ഞാന്‍ സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്താണ് ഫഹദിന്റെ ആദ്യ സിനിമയായ ‘കൈയ്യെത്തും ദൂരത്ത്’ റിലീസായത്.ആ സിനിമയും ഫഹദിന്റെ അഭിനയവും ഒട്ടും ഇഷ്ടപ്പെട്ടില്ല.പിന്നീട് അയാള്‍ എങ്ങോ അപ്രത്യക്ഷനായി. ഏഴുവര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം ഫഹദ് തിരിച്ചുവന്നു.പക്ഷേ അയാളുടെ സിനിമകള്‍ കാണാന്‍ എനിക്ക് ഒട്ടും താത്പര്യമില്ലായിരുന്നു. ഫഹദ് മഹാമോശം നടനാണെന്ന മുന്‍വിധി എന്റെ മനസ്സില്‍ അത്രമേല്‍ ഉറച്ചുപോയിരുന്നു.

ഫഹദിനെ നായകനാക്കി ‘ഡയമണ്ട് നെക്ലെയ്‌സ് ‘ എന്ന ചിത്രം ലാല്‍ജോസ് അനൗണ്‍സ് ചെയ്തപ്പോഴാണ് ഞാന്‍ ശരിക്കും ഞെട്ടിപ്പോയത്.പ്രഗല്‍ഭനായ ഫിലിംമേക്കറുടെ സ്വബോധം നഷ്ടപ്പെട്ടുവോ എന്നുവരെ സംശയിച്ചുപോയി. അത്തരം ജല്പനങ്ങള്‍ ലാല്‍ജോസിന്റെ ചെവിയിലും എത്തിയിട്ടുണ്ടാവണം.വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയെന്നോണം അദ്ദേഹം പറഞ്ഞു- ”പുതുതലമുറയില്‍ പകരംവെയ്ക്കാനില്ലാത്ത നടനാണ് ഫഹദ് ഫാസില്‍.ആരുടെയും സിംഹാസനത്തില്‍ കയറിയിരിക്കാനല്ല അയാളുടെ ശ്രമം.തന്റേതായ ഒരു ശൈലി കണ്ടെത്തണം എന്നാണ് ഫഹദിന്റെ മോഹം….’ ലാല്‍ ജോസിന്റെ വാക്കുകളുടെ ബലത്തിലാണ് ഞാന്‍ ’22 ഫീമെയ്ല്‍ കോട്ടയം’ കണ്ടത്.ആ ഒറ്റ സിനിമകൊണ്ട് ഞാന്‍ ഫഹദ് എന്ന നടന്റെ ആരാധകനായി മാറി.

ഗംഭീരനടന്‍ എന്ന യാഥാര്‍ത്ഥ്യത്തേക്കാള്‍ സിനിമയോടുള്ള ഫഹദിന്റെ സമീപനമാണ് എന്നെ അത്ഭുതപ്പെടുത്തിയത്.വിഗ്ഗ് ഉപയോഗിക്കാതെ കഷണ്ടി കയറിത്തുടങ്ങിയ തലയുമായി അയാള്‍ വന്നു.വില്ലനായും സ്ത്രീലമ്പടനായും അഭിനയിക്കാന്‍ യാതൊരു മടിയും ഇല്ലായിരുന്നു.കുടുംബപ്രേക്ഷകരുടെ പിന്തുണ നഷ്ടമാകും എന്ന ഭയത്തില്‍ ബെഡ്‌റൂം സീനുകളോട് മുഖംതിരിച്ചതുമില്ല.ഇപ്പോള്‍ ഇതെല്ലാം സാധാരണ കാര്യങ്ങളായി തോന്നിയേക്കാം.പക്ഷേ അന്ന് അതൊരു വിപ്ലവം തന്നെയായിരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ കൂടുതല്‍ രംഗങ്ങളിലും ഹീറോ പരിവേഷത്തില്‍ നില്‍ക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്.അവിടെ ഫഹദ് ഈഗോ കാണിച്ചില്ല.

പാര്‍വ്വതിയുടെ സിനിമയാണ് ടേക്ക് ഓഫ്.ഫഹദ് എത്തുന്നത് വളരെ വൈകിയാണ്.നായികയ്ക്കുമുമ്പില്‍ തന്റെ പ്രാധാന്യം കുറഞ്ഞുപോയി എന്ന് പരിതപിക്കാന്‍ ഫഹദിന് താത്പര്യമില്ലായിരുന്നു. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയില്‍ ഫഹദ് മോഷ്ടാവായിരുന്നു.സകല പൊലീസുകാരും കുനിച്ചുനിര്‍ത്തി ഇടിക്കുന്ന കള്ളന്‍. വില്ലന്റെ തല്ലുകൊണ്ട് മുണ്ടുരിഞ്ഞുപോകുന്ന നായകനെ നാം മഹേഷിന്റെ പ്രതികാരത്തില്‍ കണ്ടു.പേടിത്തൊണ്ടനായ പ്രകാശനെ സത്യന്‍ അന്തിക്കാടും കാണിച്ചുതന്നു. സൗബിന്‍ ഷാഹിറിന്റെ വഴികാട്ടിയാണ് ഫഹദ് എന്ന് പറയാം.സൗബിന്‍ നായകനായി അഭിനയിച്ച കുമ്പളങ്ങി നൈറ്റ്‌സില്‍ വില്ലന്‍ വേഷം അവതരിപ്പിക്കാനും ഫഹദ് തയ്യാറായി.ഇതെല്ലാം ചെയ്യാന്‍ ഫഹദിനല്ലാതെ മറ്റാര്‍ക്കു കഴിയും? സ്വന്തം ഇമേജിനെ ഇത്രമേല്‍ വകവെയ്ക്കാത്ത മറ്റൊരു നടനുണ്ടോ എന്ന് സംശയമാണ്.ഫഹദിന് കഥാപാത്രങ്ങള്‍ മാത്രമാണ് പ്രധാനം.

സിനിമയില്‍ അഭിനയിക്കുന്നവരെല്ലാം കൊതിക്കുന്ന ഒന്നാണ് സൂപ്പര്‍താരപദവി.ഫഹദ് അവിടെയും വ്യത്യസ്തനാകുന്നു.ഫാന്‍സ് അസോസിയേഷന്‍ ഇല്ലാത്ത നടനാണ് അയാള്‍.അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ”പിള്ളേര് പഠിക്കട്ടെ” എന്നാണ് ഫഹദ് അഭിപ്രായപ്പെട്ടത്. ആരംഭകാലം മുതല്‍ക്ക് ഫഹദിന്റെ നിലപാട് അതായിരുന്നു.അല്ലാതെ പേരെടുത്തതിനുശേഷം ആദര്‍ശം വിളമ്പിയതല്ല.
എല്ലാം വഴങ്ങുന്ന നടനാണ് ഫഹദ്.ജന്മസിദ്ധമായ കഴിവുകള്‍ക്കൊപ്പം കഠിനാദ്ധ്വാനം കൂടി ചെരുമ്പോള്‍ ഉണ്ടാവുന്ന റിസള്‍ട്ട്.കാര്യമായ തയ്യാറെടുപ്പുകളൊന്നും ഇല്ലാതെയാണ് ഫഹദ് തൊണ്ടിമുതലില്‍ അഭിനയിച്ചത്.എന്നിട്ടും ആ റോള്‍ അയാള്‍ അവിസ്മരണീയമാക്കി.ഇന്റര്‍വെല്ലിന് തൊട്ടുമുമ്പുള്ള ആ കള്ളച്ചിരി മനസ്സില്‍ നിന്ന് മായുമോ?
കഥാപാത്രങ്ങള്‍ക്കുവേണ്ടി കഷ്ടപ്പെടാനും ഫഹദ് ഒരുക്കമാണ്.റിലീസാകാന്‍ പോകുന്ന ‘മാലിക് ‘ എന്ന ചിത്രത്തിനുവേണ്ടി ഫഹദ് 20 കിലോ ഭാരം കുറച്ചത് വലിയ വാര്‍ത്തയായിരുന്നു.ഫഹദിന്റെ അഭിനയത്തിന് അന്താരാഷ്ട്ര നിലവാരമുണ്ടെന്ന് ശിവകാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടത് അതുകൊണ്ടാണ്.ഒരുതവണ പരാജയപ്പെട്ടാല്‍ അത് ലോകാവസാനമല്ലെന്നും തേച്ചുമിനുക്കാത്ത പ്രതിഭകൊണ്ട് ഉപയോഗമില്ലെന്നും ഫഹദ് നമ്മെ പഠിപ്പിക്കുന്നു.
ഫഹദിന്റെ സിനിമകള്‍ കാണുന്ന പ്രേക്ഷകര്‍ക്ക് തൊണ്ടിമുതലിലെ സുരാജിന്റെ അവസ്ഥയാണ്.”നിങ്ങളെന്ത് മനുഷ്യനാണ്!?’ എന്ന് കൂടെക്കൂടെ ചോദിച്ചുപോവും! ഫഹദിന് പ്രേക്ഷകരോട് സംവദിക്കാന്‍ തന്റെ കണ്ണുകള്‍ മാത്രം മതി.അവയുടെ ചൈതന്യം നഷ്ടപ്പെടാതിരിക്കട്ടെ !
കയ്പുനിറഞ്ഞ അരങ്ങേറ്റത്തിനുശേഷം ഫഹദ് സിനിമയില്‍നിന്ന് മാറിനിന്നിരുന്ന സമയത്ത് സംവിധായകന്‍ ഫാസില്‍ മനോരമ ന്യൂസിന് ഒരു അഭിമുഖം നല്‍കിയിരുന്നു.ഒരുപാട് പുതുമുഖങ്ങളെ സൂപ്പര്‍താരങ്ങളാക്കിയ ഫാസിലിന് സ്വന്തം മകനെ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചില്ലല്ലോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ ഫാസില്‍ ആത്മവിശ്വാസത്തോടെ പറഞ്ഞത് ”ഹീ വില്‍ കം ബാക്ക് ” എന്നാണ് !
ആ മറുപടി മലയാളസിനിമയുടെ ഐതിഹ്യത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു.ഫഹദ് തിരിച്ചുവന്നു.പ്രേക്ഷകമനസ്സുകളില്‍ നിന്ന് ഇനിയൊരു മടങ്ങിപ്പോക്കുണ്ടാവില്ല.മറ്റൊരു അജ്ഞാതവാസത്തിന് ആ ചെറിയ വലിയ മനുഷ്യന്‍ ധൈര്യപ്പെടുകയുമില്ല !

fahad fasil

More in Malayalam

Trending

Recent

To Top