ഹിന്ദുത്വ പരാമര്‍ശം, വിവാദ ട്വീറ്റിന് പിന്നാലെ നടന്‍ ചേതന്‍ കുമാറിന്റെ ഒസിഐ കാര്‍ഡ് റദ്ദാക്കി കേന്ദ്രം
നിരവധി ആരാധകരുള്ള നടനാണ് കന്നഡ നടന്‍ ചേതന്‍ കുമാര്‍. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള താരം ഇടയ്ക്കിടെ വാര്‍ത്തകളിലും നിറയാറുണ്ട്. ഇപ്പോഴിതാ ചേതന്‍ കുമാറിന്റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് കേന്ദ്രം റദ്ദാക്കിയെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്.
മറ്റുരാജ്യങ്ങളില്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് ഇന്ത്യയില്‍ താമസിക്കുന്നതിന് നല്‍കുന്ന അനുമതിരേഖയാണ് ഒസിഐ കാര്‍ഡ്. ഹിന്ദുത്വത്തെക്കുറിച്ച് സാമൂഹികമാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചതിനെത്തുടര്‍ന്ന് ചേതന്റെ ഒസിഐ കാര്‍ഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിവിധ ഹിന്ദുസംഘടനകള്‍ ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ (എഫ്ആര്‍ആര്‍ഒ) പരാതിനല്‍കിയിരുന്നു.
അമേരിക്കന്‍ പൗരത്വമുള്ള ചേതന് 2018ലാണ് ഒസിഐ കാര്‍ഡ് ലഭിച്ചത്. 15 ദിവസത്തിനകം ഒസിഐ കാര്‍ഡ് തിരികെ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് എഫ്ആര്‍ആര്‍ഒയില്‍നിന്നുള്ള അറിയിപ്പുവന്നത്. ഒസിഐ കാര്‍ഡ് കൈവശമുള്ളവര്‍ പാലിക്കേണ്ട നിബന്ധനങ്ങള്‍ പാലിച്ചില്ലെന്ന് അറിയിപ്പില്‍ പറയുന്നു.
വിവാദ ട്വീറ്റിന്റെ പേരില്‍ ചേതനെ മാര്‍ച്ച് 21ന് ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. 2022ല്‍ ഹിജാബ് കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനും ചേതന്‍ അറസ്റ്റിലായിരുന്നു.