Malayalam
ദിലീപിന്റെ സിനിമയ്‌ക്കെതിരെ മോശം റിവ്യു; 7 വ്‌ലോഗര്‍മാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
ദിലീപിന്റെ സിനിമയ്‌ക്കെതിരെ മോശം റിവ്യു; 7 വ്‌ലോഗര്‍മാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
ദിലീപിന്റെ ബാന്ദ്ര സിനിമയ്‌ക്കെതിരെ മോശം റിവ്യു നടത്തിയ വ്‌ലോഗര്‍മാര്‍ക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 7 വ്‌ലോഗര്‍മാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. സിനിമയുടെ നിര്‍മ്മാണ കമ്പനി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്‌സ്, ഷാസ് മുഹമ്മദ്, അര്‍ജുന്‍, ഷിജാസ് ടോക്ക്‌സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കളായ അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.
ചിത്രം റിലീസ് ചെയ്ത് മൂന്നു ദിവസത്തിനുള്ളില്‍ കമ്പനിക്കു നഷ്ടമുണ്ടാകുന്ന രീതിയില്‍ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം. കേസെടുക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നിര്‍ദ്ദേശം നല്‍കണമെന്നും നിര്‍മാണ കമ്പനി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ചിത്രത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയ വഴി വ്യാജവും മോശവും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് ആരോപണം.
ഇവര്‍ ചെയ്യുന്നത് അപകീര്‍ത്തിപ്പെടുത്തല്‍ മാത്രമല്ല കൊള്ളയടിക്കലാണെന്നും നിര്‍മാതാക്കള്‍ പറയുന്നു. ഈയടുത്ത കാലത്ത് മലയാളികളുടെ ചര്‍ച്ചവട്ടങ്ങളില്‍ സജീവമായ വാക്കാണ് ‘റിവ്യൂ ബോംബിങ്’. സമൂഹമാധ്യമങ്ങളിലൂടെ നെഗറ്റീവ് റിവ്യൂ പങ്കുവച്ച് സിനിമയെ തകര്‍ക്കുന്നതിനെ ‘റിവ്യൂ ബോംബിങ്’ എന്നു വാക്കു കൊണ്ടാണ് കോടതി പോലും അടയാളപ്പെടുത്തിയത്.
സിനിമയെക്കുറിച്ച് അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ടെങ്കിലും മനഃപൂര്‍വം വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള നിരൂപണമോ നെഗറ്റീവ് റിവ്യൂ സംബന്ധിച്ച ബ്ലാക്ക് മെയിലിങ് പോലെയുള്ള ക്രിമിനല്‍ സ്വഭാവമുള്ള ഇടപെടലോ നടന്നാല്‍ പരാതിപ്പെടാമെന്ന് പൊലീസ് പറയുന്നു. ദീപാവലി റിലീസുകള്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ റിവ്യൂ ബോംബിങ് വീണ്ടും ചര്‍ച്ചയാവുകയാണ്.
റിലീസ് ദിവസം വരുന്ന നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ ഒരു സിനിമയുടെ പിന്നീടുള്ള പ്രദര്‍ശനങ്ങളെ വരെ ബാധിക്കുന്നുണ്ട്. ഒരാഴ്ച പോലും തികയ്ക്കാതെ ചില സിനിമകള്‍ തിയറ്റര്‍ വിട്ടു പോകുന്നതിനും ലഭിച്ച ഷോകളുടെ എണ്ണം വെട്ടികുറയ്ക്കുന്നതിലേക്കും വരെ ഇത്തരം റിപ്പോര്‍ട്ടുകള്‍ സിനിമകളെ കൊണ്ടെത്തിക്കാറുണ്ട്. സിനിമകള്‍ റിലീസ് ചെയ്യുന്നതിന് പിന്നാലെ തന്നെ റിവ്യൂ ബോംബിങ് ആണ് ചില യുട്യൂബര്‍മാര്‍ നടത്തുന്നതെന്നും വലിയ നഷ്ടമാണ് ഇത് തങ്ങള്‍ക്ക് ഉണ്ടാക്കുന്നതെന്നുമാണ് സിനിമ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.നേരത്തേ ബാന്ദ്രയുടെ സംവിധായകന്‍ അരുണ്‍ ഗോപിയും റിവ്യൂവര്‍മാര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
‘പ്രേക്ഷകരുടെ അഭിരുചികള്‍ പല തരത്തിലാണ്. അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് എല്ലാവരും സിനിമ കാണുന്നതും. അതുകൊണ്ട് തന്നെ സ്വാഭാവികമായും അഭിപ്രായ വ്യത്യസങ്ങളുമുണ്ടാകും. സിനിമ ഇഷ്ടപ്പെടുന്നവര്‍ ഒരുപാടുണ്ട്.അത് അവരുടെ സ്വാതന്ത്രവും അവകാശവുമാണ്. എന്നാല്‍ അഭിപ്രായങ്ങള്‍ എന്ന തരത്തില്‍ പലതരം കോപ്രായങ്ങള്‍ കാണിക്കുന്ന ആളുകളെയാണ് നാം കാണുന്നത്.റിവ്യൂ എന്ന പേരില്‍ കാണിക്കുന്ന ഈ പ്രഹസനങ്ങള്‍ വളരെ മോശമാണെന്നും അരുണ്‍ ഗോപി പറഞ്ഞിരുന്നു.
നടന്‍ ദിലീപും രൂക്ഷമായ ഭാഷയിലായിരുന്നു റിവ്യൂവര്‍മാര്‍ക്കെതിരെ തുറന്നടിച്ചത്.’കഷ്ടപ്പാടൊക്കെ സഹിച്ച് ഒരു സിനിമ ഒരാള്‍ കൊണ്ടുവരുമ്പോള്‍ ഇത്ര വൃത്തികെട്ട സിനിമ എന്നൊക്കെ പറഞ്ഞ് ഒരാള്‍ തുടങ്ങുകയാണ്. പറയുന്നവന്‍ ചെലവാക്കുന്നത് നൂറ് രൂപയാണ്. ഇയാള് ചെലവാക്കുന്നത് കോടി രൂപയും. എന്റെ ടേസ്റ്റിന്റെ പുറത്ത് ഒരാളോട് കാണരുതെന്ന് പറഞ്ഞാല്‍. മോശമാണെന്ന് പറഞ്ഞൊരു സിനിമ കാണാന്‍ പോകുമ്പോ കളിയാക്കുമോയെന്ന് പേടിച്ചിട്ട് ചിലര്‍ വലിയും.സിനിമ വരുന്നതിന് മുന്‍പേ റിവ്യൂ ഉണ്ട്. എല്ലാവരും തിരക്കുള്ളവരാണ് ഇപ്പോള്‍.അപ്പോ ഏതാണ് നല്ല റിവ്യ ഉള്ള പടം എന്നാണ് പലരും നോക്കുന്നത്’. എന്നായിരുന്നു ദിലീപ് പറഞ്ഞത്.
ദിലീപ്, തമന്ന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ ഗോപി സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ബാന്ദ്ര. ഉദയകൃഷ്ണയാണ് സിനിമയുടെ തിരക്കഥ എഴുതിയത്. ബാന്ദ്രയുടെ ഹൈലൈറ്റ് അരുണ്‍ ഗോപിയുടെ സംവിധായക മികവുമാണ്. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. കെ ബി ഗണേഷ് കുമാറിനൊപ്പം ചിത്രത്തില്‍ വേറിട്ട ഒരു വേഷവുമായി എത്തിയിരിക്കുന്നത് കലാഭാവന്‍ ഷാജോണാണ്.
