Malayalam
വഴക്കും അടിയുമൊക്കെ ഉണ്ടായാലും പരസ്പരം മനസിലാക്കുകയെന്നതാണ് പ്രധാനം! ഞങ്ങള്‍ വഴക്ക് കൂടുമ്പോള്‍ പരസ്പരം ദ്രോഹിക്കാറുണ്ട്; അഖില്‍ മാരാര്‍
വഴക്കും അടിയുമൊക്കെ ഉണ്ടായാലും പരസ്പരം മനസിലാക്കുകയെന്നതാണ് പ്രധാനം! ഞങ്ങള്‍ വഴക്ക് കൂടുമ്പോള്‍ പരസ്പരം ദ്രോഹിക്കാറുണ്ട്; അഖില്‍ മാരാര്‍
സംവിധായകന്‍ എന്ന മേല്‍വിലാസത്തിലാണ് അഖില്‍ ഷോയിലേക്ക് കയറി വന്നതെങ്കിലും പരാജയപ്പെട്ട ആ സിനിമയേക്കാളും ശ്രദ്ധ അതിനകം തന്നെ അഖില്‍ മാരാര്‍ എന്ന വ്യക്തിയ്ക്ക് ലഭിച്ചിരുന്നു. ബിഗ് ബോസ് വീട്ടിലെത്തും മുന്‍പു തന്നെ വാര്‍ത്തകളിലും വിവാദങ്ങളിലുമൊക്കെ നിറഞ്ഞുനിന്നിരുന്നു അഖില്‍. ചാനല്‍ ചര്‍ച്ചകളിലെ സജീവസാന്നിധ്യവും അഖിലിന്റെ രാഷ്ട്രീയവും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയായ റോബിനുമായി നടത്തിയ വാക്‌പോരുകളുമെല്ലാം അഖിലിനെ സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതനാക്കി.
ഇടയ്ക്ക് വെച്ച് അഖിലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ആ വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി വന്‍ ആരാധകവൃന്ദത്തെ തന്നെ നേടിയെടുത്ത താരമാണ് അഖില്‍ മാരാര്‍. ഷോ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞെങ്കിലും പ്രേക്ഷകര്‍ക്ക് അഖിലിനെ ഇപ്പോഴും വലിയ ഇഷ്ടമാണ്. താരത്തിന്റെ വ്യക്തി ജീവിതത്തിലെ സന്തോഷങ്ങളെല്ലാം അറിയാന്‍ ഇപ്പോഴും ആരാധകര്‍ക്ക് താത്പര്യം ഏറെയാണ്. ഇപ്പോഴിതാ തന്റെ ഭാര്യ ലക്ഷ്മിയെ കുറിച്ചും കുടുംബം സന്തോഷമായിരിക്കുന്നതിന്റെ രഹസ്യത്തെ കുറിച്ചുമെല്ലാം തുറന്ന് സംസാരിക്കുകയാണ് അഖില്‍. യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഖിലിന്റെ പ്രതികരണം.
‘ഞങ്ങള്‍ വാലന്റൈന്‍സ് ഡേ ആഘോഷിക്കാറൊന്നുമില്ല. കല്ല്യാണം കഴിഞ്ഞിട്ട് പത്ത് വര്‍ഷമായി. ഇപ്പോഴും ഞാന്‍ വീട്ടിലുണ്ടെങ്കില്‍ രാവിലെ തൊട്ട് ഇവള്‍ എന്നേയും കെട്ടിപിടിച്ച് കിടക്കും. കാണിക്കാന്‍ വേണ്ടി കാണിക്കുകയല്ല. എന്നെ പേടിച്ചിട്ടാണ് ലക്ഷ്മി പലതും പറയുന്നതൊക്കെ എന്നാണ് ഇവളുടെ അടുത്ത കൂട്ടുകാരികള്‍ പോലും കരുതിയത്. അവരെല്ലാം ഇപ്പോള്‍ ഡിവോഴ്‌സിന്റെ വക്കിലാണ്.
അടുത്ത് സെറീന പറഞ്ഞു, അഖിലിനേട്ടനെ പൊക്കി ലക്ഷ്മി ചേച്ചി സംസാരിക്കുന്നു, ഭയങ്കര ഹാപ്പിയാണെന്നൊക്കെ. ഇനി അങ്ങനെ പറയണ്ട കണ്ണ് കിട്ടും എന്ന് പറഞ്ഞു. ഞാന്‍ പൊതുവെ സോഷ്യല്‍ മീഡിയയില്‍ നമ്മുടെ കാര്യങ്ങള്‍ പറയുന്ന ആളല്ല. ചിലരൊക്കെ ഉണ്ടാക്കി കാര്യങ്ങള്‍ അവതരിപ്പിക്കാറുണ്ട്. ഞാനിതാ സിനിമയെടുക്കാന്‍ പോകുന്നുവെന്നൊക്കെ പറയും. ചുമ്മാ ഷോ കാണിക്കും. സിനിമ ജനങ്ങളിലേക്ക് എത്തിക്കുമ്പോഴാണ് പറയേണ്ടത്. അല്ലാതെ ഞാന്‍ സിനിമ ചെയ്യാന്‍ പോകുന്നു, ഇന്നത് വാങ്ങിക്കാന്‍ പോകുന്നുവെന്നൊന്നും പറയേണ്ട കാര്യമില്ല. ആളുകളുടെ കണ്ണ് കിട്ടും എന്നത് കൊണ്ടല്ല, ആരേയും ബോധ്യപ്പെടുത്തി ജീവിക്കണമെന്ന് എനിക്ക് ആഗ്രഹമില്ല.
ബിഗ് ബോസില്‍ ഉണ്ടായിരുന്നപ്പോള്‍ 50 ശതമാനം ആളുകള്‍ എന്നെ ഇഷ്ടപ്പെട്ടേക്കാമെന്നും 50 ശതമാനം വെറുത്തേക്കുമെന്നൊക്കെയായിരുന്നു കരുതിയത്. എന്നാല്‍ പുറത്തിറങ്ങിയപ്പോള്‍ 80 ശതമാനത്തോളം പേരും എന്നെ ഇഷ്ടപ്പെട്ട് തുടങ്ങി. അപ്പോ എനിക്ക് നിരാശ തോന്നി അങ്ങനെ ഞാന്‍ കുറച്ച് രാഷ്ട്രീയ പോസ്റ്റുകള്‍ ഇട്ടു. ഇപ്പോള്‍ എല്ലാവരും തെറിവിളിയാണ്.
എന്നെ നശിപ്പിക്കാന്‍ ഭയങ്കര എളുപ്പമാണ്. ഞാന്‍ അടിപൊളിയാണെന്ന് പറഞ്ഞാല്‍ മതി. അപ്പോള്‍ ഞാന്‍ ഒന്നും ചെയ്യില്ല. പക്ഷേ എന്നെ വിളിച്ചാല്‍ വാശി കേറും. ലക്ഷ്മിയും അതേ ടെക്‌നിക്കാണ് ഇറക്കുന്നത്, അംഗീകരിക്കില്ല, വാശി കേറ്റും’, എന്നും അഖില്‍ മാരാര്‍ പറഞ്ഞു.
ഭാര്യയെ തല്ലിയിരുന്നുവെന്ന് ബിഗ് ബോസില്‍ വെച്ച് അഖില്‍ വെളിപ്പെടുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ’യഥാര്‍ത്ഥ കുടുംബം നയിക്കുന്നവരും, കുടുംബത്തിന്റെ സന്തോഷം അനുഭവിക്കുന്നവരും വിമര്‍ശിക്കില്ല. ഡിവോഴ്‌സ് ആയവരൊക്കെയാണ് പറയുക. അവര്‍ക്ക് കുടുംബത്തില്‍ നിന്നും നല്ല അനുഭവം ഉണ്ടായിട്ടുണ്ടാകില്ല. അവര്‍ക്ക് കിട്ടിയത് ഇതാണ്, അതുകൊണ്ട് മറ്റുള്ളവര്‍ക്കും അതേ അനുഭവമാകും എന്ന് കരുതി മറ്റുള്ള കുടുംബങ്ങളെ കൂടി നശിപ്പിക്കണം എന്ന് ആലോചിക്കുന്നവരാണ്. വഴക്കും അടിയുമൊക്കെ ഉണ്ടായാലും പരസ്പരം മനസിലാക്കുകയെന്നതാണ് പ്രധാനം. !ഞങ്ങള്‍ വഴക്ക് കൂടുമ്പോള്‍ പരസ്പരം ദ്രോഹിക്കാറുണ്ട്’, അഖില്‍ പറഞ്ഞു.
അതിനിടെ അഖിലിനെ കുറിച്ച് നെഗറ്റീവ് വന്നപ്പോഴല്ല, പിന്തുണ കണ്ടപ്പോഴാണ് ഞെട്ടല്‍ വന്ന് തുടങ്ങിയത് എന്നായിരുന്നു അഖിലിന്റെ ബിഗ് ബോസ് പ്രകടനത്തെ കുറിച്ചുള്ള ചോദ്യത്തിന് ലക്ഷ്മിയുടെ പ്രതികരണം. ‘ബിഗ് ബോസിന് ശേഷം എന്റെ സ്വകാര്യതയും സ്വാതന്ത്ര്യവുമൊക്കെ ഇല്ലാതായി. പുറത്ത് ഇറങ്ങുമ്പോള്‍ തന്നെ യുട്യൂബുകാര്‍ കവര്‍ ചെയ്യാനൊക്കെ വരുന്നത് ബുദ്ധിമുട്ടിക്കുന്നുണ്ട്. ഞങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങളും ബഹളങ്ങളും സ്വരച്ചേര്‍ച്ചയൊക്കെ ഉണ്ടാകും. എന്നാലും അഖിലേട്ടന്‍ തോറ്റ് തരാറാണ് പതിവ്’,ലക്ഷ്മി പറഞ്ഞു.