ഓരിടത്തും ഹണിമൂണിന് പോയിട്ടില്ല എവിടെ പോയാലും സംഭവിക്കുന്നത് ഒന്ന് തന്നെയല്ലേ; അഖിൽ മാരാർ
ബിഗ് ബോസ് മലയാളം സീസൺ 5ന്റെ ടൈറ്റിൽ വിജയിയാണ് ഇപ്പോൾ അഖിൽ മാരാർ. ഒരു താത്വിക അവലോകനമെന്ന ചിത്രത്തിലൂടെ സംവിധായകനായി സിനിമയിലെത്തിയ അഖിലിന് വൻ ജനപ്രീതിയാണ് ഷോയിലൂടെ ലഭിച്ചത്. സംവിധായകനായ അഖിൽ മാരാർ ബിഗ് ബോസിൽ എത്തിയതോടെയാണ് മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. സോഷ്യൽ മീഡിയയിലെ വിവാദ പ്രസ്താവനകളിലൂടെയൊക്കെ നിരവധി ഹേറ്റേഴ്സിനെ സ്വന്തമാക്കിക്കൊണ്ടായിരുന്നു അഖിൽ മാരാരുടെ ബിഗ് ബോസ് പ്രവേശനം. എന്നാൽ തന്റെ വിമർശകരെ പോലും ആരാധകരാക്കി, വിജയകിരീടവുമായാണ് അഖിൽ പുറത്തെത്തിയത്.
കല്യാണത്തിന് ശേഷം തങ്ങൾ ഒരിടത്തും ഹണിമൂണിന് പോയിട്ടില്ലെന്നാണ് അഖിൽ പറഞ്ഞത്. എവിടെ പോയാലും സംഭവിക്കുന്നത് ഒന്ന് തന്നെയല്ലേയെന്ന് അഖിൽ ചോദിക്കുന്നു. യാത്രകളൊന്നും പോകാത്തതിന്റെ കാരണവും അഖിൽ പങ്കുവച്ചു. എനിക്ക് പൊതുവെ യാത്രകള്‍ അത്ര ഇഷ്ടമല്ല. പിന്നെ ഞാൻ പറയുന്നത് ഇവൾക്കും ഇവൾ പറയുന്നത് എനിക്കും മനസിലാകില്ല. സുഹൃത്തുക്കളോടൊപ്പമാണ് പോകുന്നതെങ്കിൽ സംസാരിക്കുന്നതിലൊക്കെ എന്തെങ്കിലുമൊക്കെ കാര്യങ്ങൾ വന്നുകൊണ്ടിരിക്കുമെന്നും അഖിൽ പറയുന്നു.
ഭാര്യ ഒന്നിനെകുറിച്ചും വലിയ ബോധവും വിവരവുമൊന്നുമില്ലാത്ത ആളായിരുന്നു. അങ്ങനെ വലിയ ആഗ്രഹങ്ങളോ സ്വപ്നങ്ങളോ ഇല്ല. ഇപ്പോൾ ഈ ഫ്ലാറ്റിലേക്ക് ഒക്കെ വന്നപ്പോഴാണ് ഓരോന്ന് പറഞ്ഞു തുടങ്ങിയത്. കഴിഞ്ഞ ദിവസം എന്നോട് മുടി സ്ട്രൈറ്റ് ചെയ്യണമെന്ന് പറഞ്ഞു. മുടി സ്ട്രൈറ്റ് ചെയ്യുന്നതിലൊന്നും എനിക്ക് കുഴപ്പമില്ല. അല്ലെങ്കിലേ മുടിക്ക് ആരോഗ്യം കുറവാണ്. ഇനി ഇതൊക്കെ കൂടി ചെയ്ത് വെച്ചിട്ട് എന്തെങ്കിലും പറ്റിയാൽ അവസാനം ഇരുന്ന് കരയും.
ഇപ്പോൾ കുറെ പെണ്ണുങ്ങൾ അങ്ങനെ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ്. നമ്മുടെ പ്രശ്നം എന്താണെന്ന് വെച്ചാൽ പലർക്കും ഒരു കാര്യം ചെയ്യുമ്പോൾ അതിന്റെ വരും വരായ്കകളെ കുറിച്ച് ചിന്തയില്ല. ദൈവം എനിക്ക് ആ സെൻസ് തന്നിട്ടുണ്ട്. സുഹൃത്തുക്കളോടൊക്കെ ഈ വിഷയത്തില്‍ ഞാന്‍ അടിയുണ്ടാക്കിയിട്ടുണ്ട്. ഒരു സുഹൃത്ത് ഒരിക്കല്‍ അവന്റെ കല്യാണക്കാര്യം എന്നോട് സംസാരിച്ചിരുന്നു. ഞാന്‍ അന്ന് പറഞ്ഞത് അവളെ കെട്ടരുതെന്നാണ്. പക്ഷെ അവനത് കേട്ടില്ല.
അവസാനം അടിച്ച് പിരിഞ്ഞ് രണ്ടും രണ്ട് വഴിക്കായതോടെ അവന്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു ‘നീ പറഞ്ഞത് ശരിയായിരുന്നു’ എന്ന്. ഇത് കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള എന്റെ ഒരു സെന്‍സാണെന്ന് അഖിൽ പറയുന്നു. വീട്ടില്‍ കുട്ടികളുടെ ഭക്ഷണ കാര്യത്തിലൊക്കെ ഞാന്‍ ഇക്കാര്യം പറയാറുണ്ട്. ബേക്കറി, ചോക്ലേറ്റ് തുടങ്ങിയവയൊന്നും അങ്ങനെ പ്രോല്‍സാഹിപ്പിക്കില്ല. ഹാർബറില്‍ പോയി ഏറ്റവും ഫ്രഷ് ആയിട്ടുള്ള മീന്‍ മേടിക്കുന്ന ആളാണ് ഞാൻ. മാങ്ങാ കച്ചവടം നടത്തുന്ന സമയത്തും തോട്ടത്തില്‍ പോയി പരമാവധി വിഷം അടിക്കാത്ത മാങ്ങകള്‍ കൊണ്ടു വരും.
ഒരു സമയത്ത് വീട്ട് ആവശ്യത്തിന് വേണ്ടിയുള്ള പച്ചകറികളും മീനും കോഴിയുമൊക്കെ വീട്ടില്‍ തന്നെയുണ്ടായിരുന്നു. ലക്ഷ്മിക്ക് ചിക്കന്‍ വലിയ ഇഷ്ടമാണ്. പക്ഷെ ബ്രോയിലർ കോഴി കഴിക്കാൻ ഞാൻ സമ്മതിക്കില്ല. അതുകൊണ്ടാണ് വീട്ടില്‍ കുറെ കോഴികളെ വളർത്തുന്നത്. ഓരോ കാര്യത്തിലും ഉപദേശിച്ചിട്ട് മാത്രം കാര്യമില്ല. അതിനുള്ള സാഹചര്യവും ഒരുക്കി കൊടുക്കണം. കൊച്ചിയില്‍ ആയപ്പോള്‍ കൃഷിയൊന്നും നടക്കില്ല. ഏറ്റവും ഫ്രഷ് ആയിട്ടുള്ള സാധനം എവിടെ കിട്ടുമോ അത് വാങ്ങാനാണ് ശ്രമിക്കാറെന്നും അഖില്‍ മാരാർ പറഞ്ഞു.