Tamil
അനുവാദമില്ലാതെ വീഡിയോ എടുത്തു; ആരാധകന്റെ ഫോണ്‍ പിടിച്ചു വാങ്ങി വീഡിയോ ഡിലീറ്റ് ചെയ്ത് നടന്‍ അജിത്ത്
അനുവാദമില്ലാതെ വീഡിയോ എടുത്തു; ആരാധകന്റെ ഫോണ്‍ പിടിച്ചു വാങ്ങി വീഡിയോ ഡിലീറ്റ് ചെയ്ത് നടന്‍ അജിത്ത്
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് അജിത് കുമാര്‍. അദ്ദേഹത്തിന്റേതായി പുറത്തത്തൊറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. എന്നാല്‍, ഇപ്പോഴിതാ അജിത്തിന്റേതായി പുറത്തുവന്നിരിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.
അനുവാദമില്ലാതെ തന്റെ വീഡിയോയെടുത്ത ആരാധകനോട് അദ്ദേഹം അനിഷ്ടം പ്രകടിപ്പിച്ചതാണ് സംഭവം. ഫോണ്‍ വാങ്ങിയ ശേഷം ആ വീഡിയോ ഡിലീറ്റ് ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഒപ്പം ആരാധകന് താക്കീതും നല്‍കുന്നുണ്ട് അജിത്ത്. ദുബൈ എയര്‍പോട്ടില്‍ വച്ചാണ് സംഭവമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഒരു വിഭാഗം അജിത്തിനെ തുണച്ചെത്തിയപ്പോള്‍ മറ്റൊരു വിഭാഗം വന്‍ വിമര്‍ശനം ഉന്നയിക്കുകയാണ്. ‘ഇത്ര വലിയ തെറ്റാണോ ചെയ്തത്, ഈ നടന്‍മാര്‍ എങ്ങനെ ആണ് ഉണ്ടായത്. ഇയാളുടെ സിനിമ ഈ ആരാധകര്‍ /പ്രേക്ഷകര്‍ കഷ്ടപ്പെട്ട് ഉണ്ടാകുന്ന പൈസ മുടക്കി തിയേറ്ററില്‍ പോയി കണ്ട്, ആ പടങ്ങള്‍ വിജയിച്ചപ്പോള്‍ അല്ലെ ഇവനൊക്കെ നടനായത്, ഇനി ഇയാളുടെ സിനിമ കാണാന്‍ അനുവാദം വാങ്ങണം എന്നിട്ട് കാണാം’, എന്നിങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍.
അതേസമയം, മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടന്നു ചെല്ലാന്‍ ആര്‍ക്കും അനുവാദം ഇല്ലെന്ന് പറയുന്നവരും ഉണ്ട്. ‘നല്ല കാര്യമാണ് തല അജിത്ത് ചെയ്തത് ഒരാളുടെ അനുവാദമില്ലാതെ അയാളുടെ കൂടെ വീഡിയോ എടുക്കുന്നത് അത്ര നല്ല കാര്യമല്ല, സിനിമ ഇഷ്ടമായാല്‍ പോയി കാണുക അതിനപ്പുറം അവരുടെ സ്വകാര്യതയില്‍ കേറിയാല്‍ എല്ലാവരും അനുവദിച്ചു തരണം എന്നില്ല, ഈ നടന്മാരുടെ സ്വകാര്യത കാണിച്ചിട്ടല്ലല്ലോ അവര്‍ ഫേമസ് ആയത് എന്നിങ്ങനെയും അഭിപ്രായപ്പെടുന്നവരുണ്ട്.
അതേസമയം, വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തന്റെ സ്വകാര്യത സംരക്ഷിക്കുകയാണ് താരം ചെയ്തതെന്നാണ് ഒരുവിഭാഗം ആളുകളുടെ പ്രതികരണം. എന്നാല്‍ കമന്റുകള്‍ക്കൊപ്പം തന്നെ വിമര്‍ശനങ്ങളും അദ്ദേഹത്തിനെതിരെ ഉയരുന്നുണ്ട്. ഇതാദ്യമായല്ല അജിത്ത് സമാനരീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുന്നത്.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, പോളിങ് ബൂത്തില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ അജിത്ത് പിടിച്ചെടുത്തിരുന്നു. കോവിഡ് സമയത്ത് മാസ്‌ക് ധരിക്കാതെ സെല്‍ഫി എടുക്കാന്‍ വന്നതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതില്‍ അജിത്ത് പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു. എച്ച്. വിനോദ് കുമാര്‍ സംവിധാനം ചെയ്ത തുനിവാണ് അവസാനമായി പുറത്തിറങ്ങിയ അജിത് ചിത്രം. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാമുയര്‍ച്ചി’യാണ് താരത്തിന്റെ പുതിയ സിനിമ.