News
നടി ആക്രമിക്കപ്പെട്ട കേസ്; തനിക്ക് വിവരങ്ങള്‍ കൈമാറിയില്ല, വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അതിജീവിത
നടി ആക്രമിക്കപ്പെട്ട കേസ്; തനിക്ക് വിവരങ്ങള്‍ കൈമാറിയില്ല, വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അതിജീവിത
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആകാംക്ഷ കനക്കുകയാണ്. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ വിധി എന്താകും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടന്ന തുടര്‍ അന്വേഷണത്തിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ശേഷം നടന്ന വിചാരണ അനന്തമായി നീളുകയാണ്.
ഇപ്പോഴിതാ കേസില്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അതിജീവിത. മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായ പരിശോധിച്ച സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും തനിക്ക് അത് സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും വിചാരണക്കോടതി കൈമാറിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി വീണ്ടും കോടതിയിലെത്തിയത്. കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍ വിചാരണ കോടതിയായ ജില്ലാ സെഷന്‍സ് കോടതിയാണ് അന്വേഷണം നടത്തിയത്.
മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന ആരോപണത്തില്‍ വസ്തുതാ അന്വേഷണം നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ജനുവരി 7നകം അന്വേഷണം പൂര്‍ത്തിയാക്കി ക്രിമിനല്‍ നടപടി പ്രകാരം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ആവശ്യമെങ്കില്‍ പോലീസ് സഹായം തേടാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വിചാരണ കോടതി അന്വേഷണം പൂര്‍ത്തിയാക്കി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതിന്റെ പകര്‍പ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അതിജീവിത പറയുന്നു. അന്വേഷണ പകര്‍പ്പ് തനിക്ക് ലഭ്യമാക്കണമെന്നും ഹര്‍ജിയില്‍ അതിജീവിത ആവശ്യപ്പെട്ടു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ തന്നെ മെമ്മറി കാര്‍ഡ് പല തവണകളായി അനധികൃതമായി പരിശോധിക്കപ്പെട്ടു എന്നാണ് കണ്ടെത്തിയത്.
തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നതായി കണ്ടെത്തുകയായിരുന്നു. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ 2018 ജനുവരി 9 നും ഡിസംബര്‍ 13 നും 2021 ജൂലൈയിലും മാറിയെന്നായിരുന്നു ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തല്‍. വിവോ ഫോണില്‍ കാര്‍ഡ് ഇട്ടപ്പോള്‍ 34 ഓളം ഫയലുകളോ ഫോള്‍ഡറുകളോ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
സാധാരണ നിലയില്‍ 2 മിനിറ്റ് മതി മെമ്മറി കാര്‍ഡ് കോപ്പി ചെയ്യാന്‍ എന്നാല്‍ 35 മിനിറ്റോളമാണ് ഈ മെമ്മറി കാര്‍ഡ് ഫോണിലുണ്ടായിരുന്നതെന്നും പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ആദ്യം വിചാരണ കോടതിയെ സമീപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ വിചാരണ കോടതി തയ്യാറായില്ല. തുടര്‍ന്ന് അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മെമ്മറി കാര്‍ഡ് ഫോണിലിട്ട് പരിശോധിച്ചതിന് തെളിവുകളുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഇത്രയധികം കേരളത്തെ പിടിച്ചുകുലുക്കിയ മറ്റൊരു കേസ് ഇല്ലെന്നു തന്നെ എന്ന് പറയാം. കേസില്‍ ദിലീപിനെപ്പോലൊരു നടന്‍ ജാമ്യംപോലും കിട്ടാതെ ജയിലില്‍ കഴിഞ്ഞ കേസ് കൂടിയാണ് ഇത്. തുടര്‍ അന്വേഷണത്തില്‍ ദിലീപിന്റെ പേരില്‍ പുതിയ കുറ്റങ്ങള്‍ വരുക മാത്രമല്ല സുഹൃത്ത് ശരത് കൂടി പ്രതിയാവുകയും ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ പൂര്‍ത്തിയാകുന്ന സമയത്താണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വരുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമം നടത്തി എന്ന ഗുരുതരമായ ആരോപണങ്ങള്‍ വന്നതോടെ കേസ് മറ്റൊരു രീതിയിലേക്ക് തിരിയുകയും അന്വേഷണം ശക്തമാവുകയും ചെയ്തു.
അതേസമയം, കൊച്ചിയില്‍ നടിക്ക് നേരെയുണ്ടായത് ക്രൂരമായ ആക്രമണമെന്ന് ഹൈക്കോടതി. അതിജീവിതയുടെ മൊഴി തന്നെ ഇത് പ്രഥമദൃഷ്ട്യാ വ്യക്തമാക്കുന്നുണ്ട്. മുദ്ര വെച്ച കവറില്‍ ഹാജരാക്കിയ മൊഴി പകര്‍പ്പ് പരിശോധിച്ചതിന് പിന്നാലെയായിരുന്നു കോടതി പരാമര്‍ശം. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.