Actor
ചെയ്യാത്ത കുറ്റത്തിന്‍റെ പേരിൽ തന്നെ ഒറ്റപ്പെടുത്തുന്ന താരസംഘടന ഇപ്പോൾ പീഡന കേസിലെ പ്രതികൾക്ക് സ്വീകരണമാണ് നൽകുന്നത്; വിജയകുമാർ
ചെയ്യാത്ത കുറ്റത്തിന്‍റെ പേരിൽ തന്നെ ഒറ്റപ്പെടുത്തുന്ന താരസംഘടന ഇപ്പോൾ പീഡന കേസിലെ പ്രതികൾക്ക് സ്വീകരണമാണ് നൽകുന്നത്; വിജയകുമാർ
‘അമ്മ’യ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ വിജയകുമാര്‍. ചെയ്യാത്ത കുറ്റത്തിന്‍റെ പേരിൽ 13 വർഷമായി തന്നെ ഒറ്റപ്പെടുത്തുന്ന താരസംഘടന അമ്മ ഇപ്പോൾ പീഡന കേസിലെ പ്രതികൾക്ക് സ്വീകരണമാണ് നൽകുന്നതെന്ന് വിജയകുമാർ ആരോപിച്ചു.
ചോദ്യം ചെയ്യലിനിടെ പൊലീസിനെ ആക്രമിച്ച് അത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസിൽ നടൻ വിജയകുമാറിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്‍റെ പ്രതികരണം.
കുറ്റവിമുക്തനായെങ്കിലും ചെയ്യാത്ത തെറ്റിന്‍റെ പേരിൽ താരസംഘടന അമ്മ ഒറ്റപ്പെടുത്തിയത് ഏറെ വേദനിപ്പിച്ചെന്ന് വിജയകുമാർ പറഞ്ഞു. 2009 ഫെബ്രുവരി 11നാണ് വിജയകുമാര്‍ പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യ ശ്രമം നടത്തിയത്. 25 ലക്ഷം രൂപ തട്ടിച്ചെന്ന കേസിൽ ചോദ്യം ചെയ്യാനായി നടൻ വിജയകുമാറിനെ തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷർ ഓഫീസിലേക്ക് വിളിച്ച് വരുത്തിയപ്പോഴായിരുന്നു സംഭവം.
സിഐയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിനിടെ സമീപത്തുണ്ടായിരുന്ന പൊലീസുകാരനെ തള്ളി വീഴ്ത്തി മുറിയിലെ കടലാസ് മുറിയ്ക്കുന്ന കത്തിയെടുത്ത് കൈയ്യിലെ ഞരമ്പ് അറുത്ത് വിജയകുമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നായിരുന്നു പൊലീസ് ഭാഷ്യം. പിന്നാലെ പൊലീസിന്‍റെ ഔദ്യോഗിക കൃത്യ നിർവഹണം നടത്തിയതിനും ആത്മഹത്യ ശ്രമത്തിനും വിജയകുമാറിന് എതിരായ കേസെടുക്കുകയായിരുന്നു. എന്നാൽ കോടതിയിൽ കേസ് സംശയാതീതമായി തെളിയിക്കാൻ പൊലീസിനായില്ല. തെളിവുകൾ ഹാജരാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന് കോടതി വിലയിരുത്തി.
വിജയകുമാറിനെതിരായ 25 ലക്ഷം രൂപയുടെ പണാപഹരണ കേസ് പറവൂർ കോടതി നേരത്തെ തള്ളിയിരുന്നു. ഇവയടക്കം അഞ്ച് കേസുകളാണ് വിജയകുമാറിനെതിരെ ഉണ്ടായിരുന്നത്. എല്ലാ കേസുകളിലും കോടതി കുറ്റവിമുക്തനാക്കിയെന്ന് വിജയകുമാർ അറിയിച്ചു. പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന ഷാജി കൈലാസിന്‍റെ പുതിയ ചിത്രത്തിൽ അഭിനയിക്കുകയാണ് വിജയകുമാർ.