മുന്നോട്ടുപോണം എന്ന ആഗ്രഹമായിരുന്നു ഉണ്ടായിരുന്നത്, പറയാന്‍ പാടില്ലാത്ത കാര്യമാണ് താന്‍ പറഞ്ഞത്; ക്ഷമ ചോദിച്ച് അനിയൻ മിഥുൻ
ബിഗ് ബോസ് മലയാളം സീസൺ 5 ലെ ജീവിത ഗ്രാഫ് എന്ന ടാസ്ക്കിന്റെ ഭാഗമായി അനിയൻ മിഥുൻ പറഞ്ഞ കഥ വലിയ രീതിയിൽ ചർച്ചയായിരുന്നു. പാര കമാന്റോയായ ഒരു കാമുകിയുണ്ടായിരുന്നുവെന്നും അവൾ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവളെ കെട്ടിപ്പിടിച്ച് കരഞ്ഞുവെന്നും അനിയൻ പറഞ്ഞിരുന്നു. നിരവധി പേരാണ് ഈ കഥ പച്ചക്കള്ളമാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയത്.
ഇപ്പോഴിത കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ഇന്ത്യൻ ആർമിയോട് അടക്കം ക്ഷമ ചോദിച്ചിരിക്കുകയാണ് മിഥുൻ. നോമിനേഷനിൽ വന്നതിനെ കുറിച്ച് എന്തെങ്കിലും പറയാൻ താൽപര്യമുണ്ടോയെന്ന് എവിക്ഷന് മുമ്പ് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ മത്സരാർത്ഥികളോടും മോഹൻലാൽ ചോദിച്ചിരുന്നു. അപ്പോഴാണ് മിഥുൻ ക്ഷമ ചോദിച്ചത്.
പറയാന്‍ പാടില്ലാത്ത കാര്യമാണ് താന്‍ പറഞ്ഞത്, മുന്നോട്ട് പോകണമെന്ന ആഗ്രഹം കൊണ്ട് പറഞ്ഞു പോയതാണ് എന്നാണ് മിഥുന്‍ പറയുന്നത്.
അനിയന്‍ മിഥുന്റെ വാക്കുകള്‍:
മുന്നോട്ടുപോണം എന്ന ആഗ്രഹമായിരുന്നു ഉണ്ടായിരുന്നത് . പക്ഷേ കഴിഞ്ഞ എപ്പിസോഡിനു ശേഷം എനിക്ക് പോണം എന്നാണ് ആഗ്രഹം. സമ്മതിക്കുകയാണെങ്കില്‍. മത്സരത്തിന്റെ ഗുഡ് വൈബ് പോയി. കഴിഞ്ഞ എപ്പിസോഡിലുണ്ടായ സംഭവത്തില്‍ എനിക്ക് വ്യക്തിപരമായി സോറി പറയണം എന്ന് തോന്നി. ബിഗ് ബോസിനോടായാലും ഏഷ്യാനെറ്റിനോടായാലും പ്രേക്ഷകരോടായാലും ലാലേട്ടനോടായാലും എന്നെ ഇഷ്ടപ്പെടുന്ന ആള്‍ക്കാരോടും, ഇന്ത്യന്‍ ആര്‍മി എന്ന് പറയുന്ന ആ വലിയ ഫോഴ്‌സിനോടും.
എനിക്ക് ഈ വേദിയില്‍ വച്ച് തന്നെ സോറി പറയണമെന്ന് തോന്നി. കാര്യം എന്റെ കഥയില്‍ ഞാന്‍ പറഞ്ഞ കാര്യം ഏതെങ്കിലും രീതിയില്‍ ബാധിച്ചിട്ടുണ്ട് എന്ന് എനിക്ക് അറിയാം. ഞാന്‍ അത് ന്യായീകരിക്കുകയല്ല, സോറി പറഞ്ഞിട്ട് എനിക്ക് ഇവിടെ നിന്ന് ഇറങ്ങണം എന്ന് തോന്നി. ഞാന്‍ കാരണമുണ്ടായ ഒരു വിഷമം അല്ലെങ്കില്‍ ഞാന്‍ പറയാന്‍ പാടില്ലാത്ത ഒരു കാര്യം ഇവിടെ പറഞ്ഞിട്ടുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്. അത് എത്രത്തോളം ആ വലിയ ഫോഴ്‌സിനെ ബാധിക്കുമെന്ന് എനിക്ക് ബോധ്യമുണ്ട്.
ആര്‍മിയെ കുറിച്ച് പറഞ്ഞതില്‍ മോഹന്‍ലാലും മിഥുനെതിരെ കടുത്ത രീതിയില്‍ പ്രതികരിച്ചിരുന്നു. പാര കമന്റോയില്‍ ഒരു ലേഡി ഇല്ലെന്ന് മോഹന്‍ലാല്‍ തീര്‍ത്ത് പറഞ്ഞിരുന്നു. മിഥുന്‍ പറഞ്ഞ കഥയിലെ അവിശ്വസനീയമായ കാര്യങ്ങള്‍ എടുത്ത് ചോദിച്ചപ്പോള്‍ ട്രൂപ്പോ പദവിയോ മാറാം എന്നാണ് മിഥുന്‍ പറഞ്ഞത്. പിന്നാലെ എവിക്ഷന്‍ ഘട്ടത്തില്‍ ക്ഷമ ചോദിക്കുകയായിരുന്നു.