Bollywood
മനുഷ്യശരീരത്തില്‍ അ ശ്ലീലമായി ഒന്നും കണ്ടെത്താത്തതിനാല്‍ ഈ അ ശ്ലീല ആരോപണങ്ങള്‍ എന്നെ രസിപ്പിച്ചിരുന്നു; സീനത്ത് അമന്‍
മനുഷ്യശരീരത്തില്‍ അ ശ്ലീലമായി ഒന്നും കണ്ടെത്താത്തതിനാല്‍ ഈ അ ശ്ലീല ആരോപണങ്ങള്‍ എന്നെ രസിപ്പിച്ചിരുന്നു; സീനത്ത് അമന്‍
ബോളിവുഡിലെ ഒരുകാലത്തെ താരറാണിയായിരുന്നു സീനത്ത് അമന്‍. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മികവുറ്റ വേഷങ്ങള്‍ അവതരിപ്പിച്ചു അവര്‍. സീനത്ത് അമന്റെ കരിയറിലെ തന്നെ ഏറ്റവും ചര്‍ച്ചയായ ചിത്രമാണ് 1978ല്‍ പുറത്തിറങ്ങിയ സത്യം ശിവം സുന്ദരം. സീനത്തിന്റെ വസ്ത്രധാരണത്തെച്ചൊല്ലി നിരവധി വിവാദങ്ങളും അന്നുണ്ടായിരുന്നു. ഈ വിഷയത്തേക്കുറിച്ച് ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് സീനത്ത് അമന്‍.
തന്റെ പഴയ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാമിലാണ് സീനത്ത് അമന്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. 1977ല്‍ സത്യം ശിവം സുന്ദരത്തിന്റെ ലുക്ക് ടെസ്റ്റിനിടെ ഫോട്ടോഗ്രാഫര്‍ ജെ പി സിംഗാളെടുത്ത ചിത്രമാണ് ഇത്. സീരീസ് ഷൂട്ട് ചെയ്തത് ആര്‍ കെ സ്റ്റുഡിയോയില്‍ വെച്ചാണ്. ഓസ്‌കാര്‍ ജേതാവ് ഭാനു അത്തയ്യയാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തതെന്ന് സീനത്ത് അമന്‍ പറഞ്ഞു.
‘സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലെ എന്റെ കഥാപാത്രമായ രൂപയെക്കുറിച്ച് നിരവധി വിവാദങ്ങളും ബഹളങ്ങളും ഉണ്ടായിരുന്നുവെന്ന് ബോളിവുഡിന്റെ ചരിത്രം അറിയുന്ന ആര്‍ക്കും അറിയാം. മനുഷ്യശരീരത്തില്‍ അശ്ലീലമായി ഒന്നും കണ്ടെത്താത്തതിനാല്‍ ഈ അശ്ലീല ആരോപണങ്ങള്‍ എന്നെ എപ്പോഴും രസിപ്പിച്ചിരുന്നു.
ഞാന്‍ ഒരു സംവിധായകന്റെ നടിയാണ്. ഈ ലുക്ക് എന്റെ ജോലിയുടെ ഭാഗമായിരുന്നു. രൂപ എന്ന കഥാപാത്രത്തിന്റെ രൂപത്തിലെ ആകര്‍ഷണീയത ഇതിവൃത്തത്തിന്റെ കാതല്‍ ആയിരുന്നില്ല, മറിച്ച് അതിന്റെ ഒരു ഭാഗമായിരുന്നു. സെറ്റില്‍ ഡസന്‍ കണക്കിന് ക്രൂ അംഗങ്ങള്‍ക്ക് മുന്നില്‍ ഓരോ നീക്കവും കൊറിയോഗ്രാഫ് ചെയ്യുകയും റിഹേഴ്‌സല്‍ ചെയ്യുകയും ചെയ്തിരുന്നു.’ എന്നും അവര്‍ എഴുതി.
സംവിധായകന്‍ രാജ് കപൂര്‍ സിനിമയിലേക്ക് കൊണ്ടുവന്നെങ്കിലും തന്റെ ‘പാശ്ചാത്യ’ ഇമേജിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നുവെന്ന് സീനത്ത് ഓര്‍ത്തെടുത്തു. ഈ രൂപത്തില്‍ പ്രേക്ഷകര്‍ തന്നെ സ്വീകരിക്കുമോ എന്ന് അദ്ദേഹത്തിന് ഉറപ്പില്ലായിരുന്നു, അതിനാല്‍ ഒരു ലുക്ക് ടെസ്റ്റ് നടത്തി. പിന്നീട്, ഇതിന്റെ അടിസ്ഥാനത്തില്‍, 1956ല്‍ പുറത്തിറങ്ങിയ ജഗ്‌തേ രഹോ എന്ന ചിത്രത്തിലെ ലതാജിയുടെ പ്രശസ്തമായ ‘ജാഗോ മോഹന്‍ പ്യാരേ’ എന്ന ഗാനത്തിന്റെ ഒരു ചെറിയ റീല്‍ ഞങ്ങള്‍ വീണ്ടും ചിത്രീകരിച്ചു.
ഈ വേഷത്തില്‍ ഞാന്‍ വന്നാല്‍ എങ്ങനെയായിരിക്കും പ്രതികരണം എന്നറിയാന്‍ രാജ് കപൂര്‍ തന്റെ വിതരണക്കാര്‍ക്കായി ആര്‍.കെ സ്റ്റുഡിയോയില്‍ ഈ റീലിന്റെ ഒരു പ്രദര്‍ശനം നടത്തി. ആ പ്രദര്‍ശനം വന്‍ വിജയമായിരുന്നെന്നും സീനത്ത് അമന്‍ കൂട്ടിച്ചേര്‍ത്തു. 2019ല്‍ പുറത്തിറങ്ങിയ പാനിപ്പത്ത് എന്ന ചിത്രത്തിലെ സാക്കിനാ ബീഗം എന്ന ചെറുവേഷത്തിലാണ് സീനത്ത് അമന്‍ ഒടുവില്‍ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. ഈയിടെയാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്.