Connect with us

അവന്‍ എന്നെ വെല്ലുവിളിച്ചപ്പോള്‍ ചെയ്തതാണ്; തുറന്ന് പറഞ്ഞ് രശ്മിക മന്ദാന

News

അവന്‍ എന്നെ വെല്ലുവിളിച്ചപ്പോള്‍ ചെയ്തതാണ്; തുറന്ന് പറഞ്ഞ് രശ്മിക മന്ദാന

അവന്‍ എന്നെ വെല്ലുവിളിച്ചപ്പോള്‍ ചെയ്തതാണ്; തുറന്ന് പറഞ്ഞ് രശ്മിക മന്ദാന

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. വിജയ് നായകനായി എത്തിയ വാരിസില്‍ രശ്മികയായിരുന്നു നായിക. അധികം പ്രൊമോഷനില്ലാത്ത ഇടങ്ങളില്‍ പോലും മികച്ച പ്രകടനം കാഴ്ച വെച്ച വാരിസിന് കര്‍ണാടകയില്‍ മാത്രം വേണ്ട വിജയം നേടിയില്ല. വാരിസിന്റെ 291 ഷോകള്‍ കര്‍ണാടകയില്‍ വെട്ടിക്കുറച്ചതായും റിപ്പോര്‍ട്ട് വന്നിരുന്നു.

ഇതിന് കാരണം ചിത്രത്തില്‍ നായികയായെത്തിയ രശ്മിക മന്ദാനയാണ് എന്നാണ് പരക്കെയുള്ള സംസാരം. ഒരു അഭിമുഖത്തിനിടെ രശ്മിക ആദ്യ ചിത്രമായ കിറുക്ക് പാര്‍ട്ടിയുടെ വിജയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഋഷഭ് ഷെട്ടിയുടെ പ്രൊഡക്ഷന്‍ ഹൗസായ പരംവ സ്റ്റുഡിയോയുടെ പേര് പറയാതിരുന്നത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കാന്താരയുടെ വിജയക്കുതിപ്പിനിടെയായിരുന്നു ഇത്.

ഇതാണ് നടിയുടെ ചിത്രം കര്‍ണാടകയില്‍ വിജയിക്കാത്തതിന്റെ കാരണമായി നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നത്. 2016ല്‍ രക്ഷിത് ഷെട്ടിയ്‌ക്കൊപ്പം കിറുക്ക് പാര്‍ട്ടി എന്ന ചിത്രത്തിലൂടെയാണ് രശ്മിക അഭിനയരംഗത്തേക്ക് എത്തുന്നത്. പരംവ സ്റ്റുഡിയോയുടെ സഹസ്ഥാപകനാണ് രക്ഷിത്. നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്തത്.

വിവാഹ നിശ്ചയം വരെ എത്തിയ രക്ഷിത്-രശ്മിക പ്രണയത്തില്‍ നിന്ന് നടി പിന്‍മാറിയതും കന്നട സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. രശ്മികയ്ക്ക് കന്നട സിനിമ ലോകത്ത് തന്നെ അപ്രഖ്യാപിത വിലക്കുണ്ടെന്ന അഭ്യൂഹങ്ങളും വന്നിരുന്നു. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം 2018ല്‍ ചെയ്ത സിനിമയായ ഗീത ഗോവിന്ദം രശ്മികയുടെ കരിയറിലെ മികച്ച ചിത്രമായിരുന്നു.

അടുത്തിടെ ഇറപ്ലേസബിള്‍ എന്ന വാക്ക് താന്‍ കൈയ്യില്‍ പച്ച കുത്തിയതിന് പിന്നിലെ കഥ താരം വെളിപ്പെടുത്തിയിരുന്നു. വാശിക്ക് താന്‍ ചെയ്ത ടാറ്റുവാണെന്നാണ് രശ്മിക പറയുന്നത്. ‘ഒരിക്കല്‍ എന്റെ കോളജിലെ ഒരു ആണ്‍കുട്ടി എന്നോട് പറഞ്ഞു, പെണ്‍കുട്ടികള്‍ക്ക് ടാറ്റു ചെയ്യാന്‍ പേടിയാണെന്ന്. സൂചിയും വേദനയും അവര്‍ക്ക് ഭയമായതിനാല്‍ പെണ്‍കുട്ടികള്‍ ഇത്തരം പ്രവൃത്തികള്‍ക്ക് മുതിരില്ലെന്നും അവന്‍ പറഞ്ഞു. അത് കേട്ടതും റിബല്‍ ചിന്താഗതി എനിക്ക് വന്നു. പിന്നെ ടാറ്റു ചെയ്യണമെന്നത് വാശിയായി.’

‘അങ്ങനെ ടാറ്റു ചെയ്യാന്‍ തീരുമാനിച്ചു. പക്ഷെ എന്താണ് ടാറ്റു ചെയ്യേണ്ടത് എന്നതിനെ കുറിച്ച് എനിക്ക് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. പിന്നെ കുറേ ആലോചിച്ചും അങ്ങനെയാണ് ഇറപ്ലേസബിള്‍ എന്ന വാക്കിലേക്ക് എത്തിയത്. ഞാന്‍ പകരം വയ്ക്കാനില്ലാത്തവളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.’

‘എന്നെപ്പോലെ ഞാന്‍ മാത്രമെ ലോകത്തുളളൂ. നമ്മള്‍ ഓരോരുത്തരും നമ്മുടെ രീതിയില്‍ വ്യത്യസ്തരാണ്. നിങ്ങളുടെ ജീവിതത്തില്‍ ആര്‍ക്കും മറ്റൊരു വ്യക്തിയെ പകരം വെയ്ക്കാന്‍ കഴിയില്ല അതിനാലാണ് ആ വാക്ക് ടാറ്റു ചെയ്തത്’ എന്നും രശ്മിക വിശദീകരിച്ചു. ‘വേദന എല്ലാവര്‍ക്കും ഉളളതാണ് ആണ്‍പെണ്‍ എന്നൊന്നുമില്ല. സ്ത്രീകള്‍ക്ക് വേദന സഹിക്കാനുളള കഴിവില്ല എന്നു പറയുന്നതില്‍ എന്ത് പ്രസക്തിയാണുള്ളത്’ രശ്മിക കൂട്ടിച്ചേര്‍ത്തു.

More in News

Trending