Malayalam Breaking News
പ്രതിക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യം ഗൗരവമുള്ളത്! പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി.. പക്ഷെ
പ്രതിക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യം ഗൗരവമുള്ളത്! പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി.. പക്ഷെ
നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയ്ക്ക് വീണ്ടും തിരിച്ചടി. പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളിയിരിക്കുന്നു. പ്രതിക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. പ്രതിക്ക് ജാമ്യം നല്‍കരുത് എന്ന പ്രോസിക്യൂഷന്‍ വാദം ശരിവച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
അറസ്റ്റിലായി ആറ് വർഷമായെന്നും കേസിന്‍റെ വിചാരണ നീളുന്നതിനാൽ ജാമ്യം വേണമെന്നുമായിരുന്നു സുനിയുടെ ആവശ്യം. എന്നാൽ കേസിന്‍റെ നിർണായകമായ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ വര്‍ഷം വീണ്ടും പ്രതി ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു.നടിയുടെ മൊഴി പരിശോധിച്ച ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി തീരുമാനിച്ചു. നടിയുടെ മൊഴി പകര്‍പ്പ് വിചാരണ കോടതി ഹൈക്കോടതിക്ക് റിപ്പോര്‍ട്ടായി സമര്‍പ്പിച്ചു. നടിയുടെ മൊഴി വളരെ ഗൗരവമുള്ളതാണ് എന്ന് ഹൈക്കോടതി വിലയിരുത്തി. തുടര്‍ന്നാണ് ഇന്ന് സുനിയുടെ ജാമ്യ ഹര്‍ജി തള്ളിയത്. പ്രഥമ ദൃഷ്ട്യാ തന്നെ നടിക്ക് നേരെയുണ്ടായ ആക്രമണം ക്രൂരമാണെന്ന് കോടതി വിലയിരുത്തി.
വിചാരണയ്ക്ക് വേണ്ടി പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിചാരണ നടത്തിയിരുന്നത്. ഇതിന് പകരം നേരിട്ട് ഹാജരാക്കണമെന്ന് സുനി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കോടതി അംഗീകരിക്കുകയും ചെയ്തു. വിചാരണ ദിവസം സുനിയെ കോടതിയില്‍ എത്തിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേസില്‍ ജയിലില്‍ കഴിയുന്ന ഏക പ്രതിയാണ് പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍. കേസിലെ ഒന്നാം പ്രതിയായ ഇയാളാണ് മറ്റു പ്രതികളെ ചേര്‍ത്ത് അക്രമം നടത്തിയത് എന്നാണ് പോലീസ് കേസ്. 2017 ഫെബ്രുവരിയിലാണ് നടി യാത്രാ മധ്യേ ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്നു അവര്‍. ഈ വേളയില്‍ കാറില്‍ അതിക്രമിച്ച് കടന്ന പ്രതികള്‍ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ദിവസങ്ങള്‍ കഴിയും മുമ്പേ പള്‍സര്‍ സുനിയെയും കൂട്ടുപ്രതിയെയും പോലീസ് അറസ്റ്റ് ചെയ്തു
കോടതിയില്‍ കീഴടങ്ങാനെത്തിയ വേളയില്‍ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. റിമാന്റില്‍ കഴിയവെ സുനി നടന്‍ ദിലീപിന് കത്തയച്ചുവെന്ന ആരോപണം ഉയര്‍ന്നതോടെയാണ് കേസിന്റെ ഗൗരവം കൂടിയത്. ദിലീപ് നല്‍കിയ ക്വട്ടേഷനാണ് എന്ന ആരോപണമാണ് പിന്നീട് ഉയര്‍ന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിയ പോലീസ് 2017 ജൂലൈയില്‍ ദിലീപിനെയും അറസ്റ്റ് ചെയ്തു. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം ദിലീപിന് ജാമ്യം ലഭിച്ചു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യം ജാമ്യം ലഭിച്ച പ്രതി ദിലീപ് ആയിരുന്നു. പിന്നീട് പലപ്പോഴായി മറ്റു പ്രതികള്‍ക്കും ജാമ്യം കിട്ടി. കഴിഞ്ഞ വര്‍ഷമാണ് സുനിയുടെ കൂട്ടുപ്രതിക്ക് ജാമ്യം കിട്ടിയത്. ഇതേ തുടര്‍ന്ന് സുനി ഹൈക്കോടതിയെ സമീപിച്ച് ജാമ്യം തേടുകയായിരുന്നു.
