News
ഇരയായ നടിമാര്‍ക്കൊപ്പം, മന്‍സൂര്‍ അലി ഖാന്‍ പരസ്യമായി മാപ്പ് പറയണം; നടനെതിരെ നടികര്‍ സംഘം
ഇരയായ നടിമാര്‍ക്കൊപ്പം, മന്‍സൂര്‍ അലി ഖാന്‍ പരസ്യമായി മാപ്പ് പറയണം; നടനെതിരെ നടികര്‍ സംഘം
കഴിഞ്ഞ ദിവസമായിരുന്നു നടി തൃഷയ്ക്ക് എതിരെ മോശം പരാമര്‍ശവുമായി നടന്‍ മന്‍സൂര്‍ അലി ഖാന്‍ രംഗത്തെത്തിയിരുന്നത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിലെയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് താര സംഘടനയായ നടികര്‍ സംഘം. പരാമര്‍ശത്തില്‍ മന്‍സൂര്‍ അപലപിക്കണമെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിരുപാധികവും ആത്മാര്‍ത്ഥവുമായ മാപ്പ് പറയണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
മന്‍സൂര്‍ അലിഖാന്റെ പരാമര്‍ശം തങ്ങളെ ഞെട്ടിച്ചെന്നും നടന്റെ അംഗത്വം താല്‍കാലികമായി സസ്‌പെന്‍ഡ് ചെയ്യാനുള്ള കാര്യം പരിഗണനയില്‍ ആണെന്നും അസോസിയേഷന്‍ പറയുന്നു. ഈ വിഷയത്തില്‍ ഇരയായ നടിമാര്‍ക്കൊപ്പം(തൃഷ,റോജ,ഖുശ്ബു) അസോസിയേഷന്‍ നിലകൊള്ളും. ഉത്തരവാദിത്തത്തോടെ സംസാരിക്കാന്‍ മന്‍സൂര്‍ പഠിക്കേണ്ടതുണ്ടെന്നും ഇവര്‍ പറഞ്ഞു.
ഒരു സെലിബ്രിറ്റി എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വത്തെ കുറിച്ച് മന്‍സൂര്‍ ശ്രദ്ധിക്കേണ്ടതാണ്. പരസ്യ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ഉത്തരവാദിത്തം കാണിക്കേണ്ടതുമുണ്ട്. ഭാവിയില്‍ ഇത്തരം പെരുമാറ്റം ഉണ്ടായാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അസോസിയേഷന്‍ അറിയിച്ചു.
ലിയോയില്‍ തൃഷയുമായി ബെഡ് റൂം സീന്‍ ഉണ്ടാകുമെന്ന് കരുതിയെന്നും പണ്ട് റോജ, ഖുശ്ബു എന്നിവരെ കട്ടിലിലേയ്ക്ക് ഇട്ടതുപോലെ തൃഷയെയും ചെയ്യാന്‍ സാധിക്കുമെന്ന് കരുതിയെന്നും മന്‍സൂര്‍ പറഞ്ഞിരുന്നു. അതിനായി ആഗ്രഹമുണ്ടായിരുന്നു എന്നും മന്‍സൂര്‍ പറഞ്ഞിരുന്നു.
പിന്നാലെ കഴിഞ്ഞ ദിവസം തൃഷ പ്രതികരിക്കുകയും ചെയ്തിരുന്നു. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മന്‍സൂര്‍ എന്നായിരുന്നു തൃഷ പറഞ്ഞത്. പിന്നാലെ സംവിധായകര്‍ അടക്കമുള്ളവര്‍ മന്‍സൂറിനെതിരെ രംഗത്ത് എത്തിയിരുന്നു.
വിഷയം വിവാദമായതോടെ വിശദീകരണവുമായി മന്‍സൂര്‍ അലി ഖാനും രംഗത്ത് എത്തിയിരുന്നു. തൃഷയെ പ്രശംസിക്കുക ആണ് താന്‍ ചെയ്തതെന്നും എഡിറ്റഡ് വീഡിയോ മാത്രമാണ് പുറത്തുവന്നതെന്നും മന്‍സൂര്‍ പറഞ്ഞിരുന്നു. ഒപ്പം അഭിനയിക്കുന്നവരെ ബഹുമാനിക്കുന്ന ആളാണ് താനെന്നും നടന്‍ പ്രതികരിച്ചിരുന്നു.