News
ജാവേദ് അക്തറിന്റെ മാനനഷ്ടക്കേസ്; കങ്കണ റണാവത്ത് നല്‍കിയ ഹര്‍ജി തള്ളി ബോംബെ ഹൈക്കോടതി
ജാവേദ് അക്തറിന്റെ മാനനഷ്ടക്കേസ്; കങ്കണ റണാവത്ത് നല്‍കിയ ഹര്‍ജി തള്ളി ബോംബെ ഹൈക്കോടതി
ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടകേസില്‍ ബോളിവുഡ് താരം കങ്കണ റണാവത്ത് നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. തനിക്കെതിരെയുള്ള നിയമനടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് താരം സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.
കഴിഞ്ഞ വര്‍ഷമാണ് ജാവേജ് അക്തര്‍ കങ്കണക്കെതിരെ പരാതി നല്‍കിയത്. ബോളിവുഡ് സിനിമ മേഖലയില്‍ നിരവധി പേരെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്ന സംഘത്തിന്റെ തലവനാണ് ജാവേദ് അക്തര്‍ എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. നിരവധി ദേശീയ മാധ്യമങ്ങളിലും താരം ആരോപണം ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കങ്കണയുടെ പരാമര്‍ശം തന്റെ പ്രതിഛായ തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ജാവേദ് അക്തര്‍ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് അന്ധേരി മജിസ്‌ട്രേറ്റ് കോടതി കേസില്‍ നടപടികള്‍ ആരംഭിക്കുകയും വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
പിന്നീട് കോടതിയിലെത്തി കങ്കണ ജാമ്യം നേടുകയും ചെയ്തു. മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയെ ചോദ്യം ചെയ്താണ് കങ്കണ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, തലൈവി എന്ന ചിത്രമാണ് കങ്കണയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ചിത്രത്തില്‍ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വേഷമാണ് കങ്കണ അവതരിപ്പിച്ചിരിക്കുന്നത്. അരവിന്ദ് സ്വാമിയാണ് എംജിആര്‍ ആയി എത്തുന്നത്. അതേസമയം തലൈവി ഒരു പൊളിറ്റിക്കല്‍ ത്രില്ലറല്ലെന്ന് സംവിധായകന്‍ വിജയ് വ്യക്തമാക്കിയിരുന്നു.
ചിത്രം ജയലളിതയുടെ ജീവിത യാത്രയെ കുറിച്ചാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2021 ഏപ്രില്‍ 23നാണ് തലൈവി റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്. ഹിന്ദി, തമിഴ്, തെലുങ്കു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.