Connect with us

‘ദൃശ്യങ്ങള്‍ നേരത്തെ കണ്ടതാണെന്ന് ജഡ്ജിയോട് പറയാനാവില്ലല്ലോ’…!, ദിലീപും കൂട്ടരും നടിയുടെ ദൃശ്യങ്ങള്‍ നേരത്തെ കണ്ടതിന്റെ കൃത്യമായ തെളിവുകള്‍ ക്രൈംബ്രാഞ്ചിന്

Malayalam

‘ദൃശ്യങ്ങള്‍ നേരത്തെ കണ്ടതാണെന്ന് ജഡ്ജിയോട് പറയാനാവില്ലല്ലോ’…!, ദിലീപും കൂട്ടരും നടിയുടെ ദൃശ്യങ്ങള്‍ നേരത്തെ കണ്ടതിന്റെ കൃത്യമായ തെളിവുകള്‍ ക്രൈംബ്രാഞ്ചിന്

‘ദൃശ്യങ്ങള്‍ നേരത്തെ കണ്ടതാണെന്ന് ജഡ്ജിയോട് പറയാനാവില്ലല്ലോ’…!, ദിലീപും കൂട്ടരും നടിയുടെ ദൃശ്യങ്ങള്‍ നേരത്തെ കണ്ടതിന്റെ കൃത്യമായ തെളിവുകള്‍ ക്രൈംബ്രാഞ്ചിന്

ഏറെ നിര്‍ണായക ദിവസങ്ങളിലൂടെയാണ് നടി ആക്രമിക്കപ്പെട്ട കേസ് കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസം കഴിയും തോറും നിരവധി വിവരങ്ങളാണ് പുറത്തെത്തുന്നത്. ഇപ്പോഴിതാ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കേസിലെ പ്രതിയായ ദിലീപും കൂട്ടുപ്രതികളും കണ്ടിരുന്നുയെന്നതിന്റെ ശക്തമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരം.

ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് ദൃശ്യങ്ങള്‍ നേരത്തെ കണ്ടിട്ടുണ്ടെന്ന് അഭിഭാഷകനോട് പറഞ്ഞ സംഭാഷണമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭാഷണത്തില്‍ സുരാജ് അഭിഭാഷകനോട് ‘ദൃശ്യങ്ങള്‍ നേരത്തെ കണ്ടതാണെന്ന് ജഡ്ജിയോട് പറയാനാവില്ലല്ലോ’ എന്നാണ് പറയുന്നത്. ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം, ദിലീപിന്റെ ഫോണില്‍ നിന്നും ചാറ്റുകള്‍ നീക്കാന്‍ മുംബൈയിലെ ഏജന്‍സിയെ പരിചയപ്പെടുത്തി നല്‍കിയ വിന്‍സെന്റ് ചൊവ്വല്ലൂരിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു. താനാണ് ഏജന്‍സിയെ പരിചയപ്പെടുത്തി നല്‍കിയതെന്ന് വിന്‍സന്റ് അന്വേഷണ ഉദ്യോഗസ്ഥരോട് ഏറ്റു പറഞ്ഞിട്ടുണ്ട്. ദിലീപിന്റെയും സംഘത്തിന്റെയും മൊബൈല്‍ ഫോണുകളിലെ വിവരങ്ങളും ചാറ്റുകളും നശിപ്പിക്കാന്‍ മുംബൈയിലെ ലാബ് ഡയറക്ടറെ പരിചയപ്പെടുത്തിയത് വിന്‍സെന്റാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപ് എങ്ങനെയാണ് മുംബൈയിലെ ലാബില്‍ എത്തിയതെന്ന അന്വേഷണമാണ് വിന്‍സെന്റിലേക്കെത്തിയത്. സിബിഐ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസിലെ പ്രതി കൂടിയാണ് വിന്‍സെന്റ്. ദിലീപുമായും അഭിഭാഷകരുമായും അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തി കൂടിയാണ് വിന്‍സെന്റ്. ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ട പ്രകാരമാണ് മുംബൈയിലെ ലാബിനെ സമീപിച്ചതെന്നും അവിടെ പോയിരുന്നെന്നും വിന്‍സന്റ് പറഞ്ഞിരുന്നു.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ശബ്ദസാമ്പിള്‍ വീണ്ടും അന്വേഷണസംഘം ശേഖരിക്കാനൊരുങ്ങുകയാണ്. കേസിലെ മാപ്പുസാക്ഷിയും പള്‍സര്‍ സുനിക്കൊപ്പം ജയിലില്‍ കഴിഞ്ഞിരുന്ന വ്യക്തിയുമായ ജിന്‍സന്റെ ശബ്ദസാമ്പിളുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. ഇത് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ജയിലില്‍നിന്ന് ജിന്‍സനെ ഫോണില്‍ വിളിച്ച പള്‍സര്‍ സുനി, തന്റെ ആശങ്കകളെക്കുറിച്ച് സംസാരിച്ചിരുന്നു.

ഇത് പുറത്തുവന്നതോടെയാണ് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചത്. ഫോണ്‍ സംഭാഷണത്തിലുള്ളത് ഇരുവരുടെയും ശബ്ദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കാനാണ് സാമ്പിള്‍ പരിശോധന നടത്തുന്നത്. പള്‍സര്‍ സുനിയുടെ ശബ്ദസാമ്പിള്‍ ആദ്യം ശേഖരിച്ചിരുന്നു. എന്നാല്‍, ഒരിക്കല്‍കൂടി പരിശോധിക്കുമെന്നാണ് വിവരം. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യും. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ മൊഴി വീട്ടിലെത്തി ശേഖരിക്കുമെന്നാണ് വിവരം. നടിയെ അക്രമിച്ച കേസിലെ സാക്ഷികളുമായി കാവ്യ നടത്തിയ കൂടിക്കാഴ്ചയടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് കാവ്യയുടെ മൊഴിയെടുക്കുന്നത്. അതിനുശേഷമായിരിക്കും തുടര്‍നടപടികളെ കുറിച്ച് ആലോചിക്കുക.

അതേസമയം, സാക്ഷികളെ സ്വാധീനിക്കാന്‍ ഗള്‍ഫിലുള്ള മലയാളത്തിലെ നടി ശ്രമിച്ചുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ നടിയോട് ഉടന്‍ തന്നെ ഗള്‍ഫില്‍ നിന്ന് കേരളത്തിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. ദിലീപുമായി നടിക്ക് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. കൂടാതെ, ഇരുവരും നടത്തിയ ചാറ്റുകള്‍ ചിലത് നീക്കം ചെയ്തുവെന്നും സംശയിക്കുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് വിളിപ്പിച്ചിരിക്കുന്നത്.

ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടക്കുകയാണ്. ഏപ്രില്‍ 15ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞു. ദിലീപിനെ രണ്ടു ദിവസം ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ ഫോണ്‍ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ചില രേഖകള്‍ ഇതില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top