Connect with us

സ്ത്രീകളിൽ 70-80% പേരെങ്കിലും ചെറുപ്പത്തിൽ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടവരാണ് ; കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ച് ആധികാരികമായി പറഞ്ഞുകൊണ്ടുള്ള സൈക്കാട്രിസ്റ്റിന്റെ കുറിപ്പ് വൈറലാകുന്നു !

Malayalam

സ്ത്രീകളിൽ 70-80% പേരെങ്കിലും ചെറുപ്പത്തിൽ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടവരാണ് ; കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ച് ആധികാരികമായി പറഞ്ഞുകൊണ്ടുള്ള സൈക്കാട്രിസ്റ്റിന്റെ കുറിപ്പ് വൈറലാകുന്നു !

സ്ത്രീകളിൽ 70-80% പേരെങ്കിലും ചെറുപ്പത്തിൽ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടവരാണ് ; കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ച് ആധികാരികമായി പറഞ്ഞുകൊണ്ടുള്ള സൈക്കാട്രിസ്റ്റിന്റെ കുറിപ്പ് വൈറലാകുന്നു !

കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ച് അധികമാരും സംസാരിക്കാറില്ല. കുട്ടികൾക്ക് അതിനെ കുറിച്ച് തുറന്നുപറയാനുള്ള പക്വതയില്ലാത്തതിനാൽ തന്നെ പലപ്പോഴും ഈ വിഷയം അധികം ശ്രദ്ധയിൽ പെടാറില്ല. എങ്ങനെയാണ് കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ സംഭവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? നിങ്ങൾക്കൊപ്പം കളിച്ചും ചിരിച്ചും ഓടിനടക്കുന്ന കുട്ടികൾ പറയാൻ അറിയാത്തതിന്റെ പേരിൽ പല ലൈംഗിക ചൂഷണങ്ങളും ഉള്ളിലൊതുക്കുന്നവരാകാം.

ഇനി അത്തരത്തിലുള്ള അവസ്ഥയെ കണ്ടെത്താനും നിങ്ങളിൽ കടന്നിരിക്കുന്ന തെറ്റായ ധാരണകളെ പൊളിച്ചെഴുതാനും ഈ കുറിപ്പ് സഹായകമാകും . പേരൂർക്കട മാനസികാരോഗ്യ ആശുപത്രിയിലെ സൈക്കിയാട്രിസ്റ്റ് ഡോ: തോമസ് റാഹേൽ മത്തായി വിശദമായ ഫേസ്ബുക്ക് കുറിപ്പിലൂടെ അക്കാര്യങ്ങളെക്കുച്ചുള്ള ബോധവൽക്കരണം നടത്തിയിരിക്കുകയാണ്. കുറിപ്പ് വായിക്കാം… മനസിലാക്കാം…!

” Child sexual abuse (CSA) അഥവാ കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം. സംസാരിക്കാൻ എല്ലാവർക്കും ബുദ്ധിമുട്ടുള്ള വിഷയം. അത് കൊണ്ട് തന്നെ ഇതെങ്ങനെ സംഭവിക്കുന്നെന്നോ, എങ്ങനെ തടയണമെന്നോ, ആർക്കും ഒരു ധാരണയില്ലാ. എങ്ങനെ കുഞ്ഞുങ്ങൾക്ക് കാര്യങ്ങൾ പറഞ്ഞ് കൊടുക്കണം, എവിടെ നിന്ന് തുടങ്ങണം, ഇതൊന്നും വീടുകളിലോ വിദ്യാലയങ്ങളിലോ ചർച്ച ചെയ്യപ്പെടാറില്ലല്ലോ.

CSAയ്ക്ക് എതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം എന്ന നിലയിൽ, ഇതിനെ സംബന്ധിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ചില മിഥ്യാധാരണകളെ തിരുത്തുക എന്നതാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം. ഈ മിഥ്യാധാരണകളെ കുറിച്ചാണ് ഇനി പറയുന്നത്.

അപൂർവമായി സംഭവിക്കുന്നതാണ് ചൈൽഡ് സെക്ഷ്വൽ അബ്യൂസ്

എല്ലാവരും വിശ്വസിക്കാനാഗ്രഹിക്കുന്നത് തന്നെ, പക്ഷേ സത്യം അതല്ലാ. ഒരു സൈക്യാട്രിസ്റ്റ് എന്ന നിലയിൽ എന്റെ അനുഭവം പറയാം. ഓപിയിൽ കൺസൾട്ട് ചെയ്യാൻ വരുന്ന സ്ത്രീകളിൽ 70-80% പേരെങ്കിലും ചെറുപ്പത്തിൽ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതിന്റെ ഹിസ്റ്ററി പറയാറുണ്ട്. അവരുടെ സെക്സ് ലൈഫ് താറുമാറാക്കി, ഡിപ്രെഷൻ, ആൻക്‌സൈറ്റി, ബോഡി ഇമേജ് ഇഷ്യൂസ് അങ്ങനെ പല രൂപത്തിൽ, ഇന്നും ആ ട്രോമ അവരെ വേട്ടയാടുന്നു. ആ മുറിവ് ഉണങ്ങി കിട്ടിയെങ്കിൽ എന്നാഗ്രഹിച്ചാണ് അവർ വരുന്നത്.

കണക്കുകൾ നോക്കിയാൽ, ഇന്ത്യയിൽ പതിനെട്ട് വയസ്സിന് താഴെ പീഡിപ്പിക്കപ്പെടുന്ന കുട്ടികളുടെ സംഖ്യ 50%ലും കൂടുതലാണ്. എത്ര ഭയാനകമാണെന്ന് ഓർത്ത് നോക്കുക, രണ്ട് കുട്ടികളിൽ ഒരാൾ CSA നേരിടേണ്ടി വരുക! അത് കൊണ്ട് ഇനിയെങ്കിലും, വാർത്തകളിലും മറ്റും കാണുമ്പോൾ, ഇത് ലോകത്തിന്റെ ഏതോ കോണിൽ നടക്കുന്ന അപൂർവ സംഭവമാണ് എന്ന് കരുതാതിരിക്കുക.

കുട്ടികൾക്ക് അപരിചിതരായവരാണ് അവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നത്

ഒരു ‘സ്ട്രേഞ്ചർ’ ആവും കുഞ്ഞുങ്ങളെ പീഡിപ്പിക്കാൻ മുതിരുക എന്നതാണ് പൊതുധാരണ. സിനിമകളിലും മറ്റും കാണുന്നതും അങ്ങനെയാണല്ലോ. അത് തെറ്റാണ്.
കുട്ടികൾക്ക് കൂടുതലും പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നത് അവർക്ക് പരിചയമുള്ളവരിൽ നിന്ന് തന്നെയാണ്. ബന്ധുക്കൾ, അയൽക്കാർ, മാതാപിതാക്കളുടെ സുഹൃത്തുക്കൾ.. കണക്കുകൾ പറയുന്നത് 90%വും അങ്ങനെ ആണെന്നാണ്. അങ്കിൾ ആവാം, സ്കൂളിലെ മാഷ്, ട്യൂഷൻ മാഷ്, അടുത്ത് നിൽക്കുന്നവർ ആയിരിക്കും എപ്പോഴും. നിങ്ങൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ, ഈ അനുഭവം നേരിടേണ്ടി വന്നവരോട് ചോദിക്കുക. 90% it’s!

കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് പീഡോഫൈലുകൾ ആണ്

എല്ലാവരുടെയും മറ്റൊരു തെറ്റിദ്ധാരണയാണ്, കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന എല്ലാവരും പീഡോഫൈൽസാണെന്നത്. കുഞ്ഞുങ്ങളോട് ശക്തമായി ലൈംഗിക ആകർഷണം തോന്നുന്നതിനാണ് പീഡോഫീലിയ എന്ന് പറയുന്നത്. പക്ഷേ അത് വളരെ ചെറിയൊരു ശതമാനം ആളുകളെ വരുന്നുള്ളു. അവർ തന്നെ കുഞ്ഞുങ്ങളെ പീഡിപ്പിക്കാൻ മുതിരണം എന്ന് നിർബന്ധമില്ലാ.
സാധാരണ പോലെ ഹെറ്ററോ സെക്ഷ്വലായി, പാർട്ണറും കുടുംബവുമെല്ലാമായിട്ട് ജീവിക്കുന്നവരാണ് കൂടുതലും CSA കേസുകളിൽ പ്രതിസ്ഥാനത്ത് കാണാറുള്ളത്. അവർക്ക് വഴങ്ങുന്ന ലൈംഗിക പങ്കാളിയെ പെട്ടെന്ന് കിട്ടാത്തത് കൊണ്ട് കുട്ടികളുടെ നേരെ തിരിയുന്നതാവാം. ഒരു കുഞ്ഞിന്റെ കൂടെ തനിച്ച് വരുമ്പോൾ, ആ സൗകര്യം മുതലെടുത്തു ചെയ്യുന്നതാവാം. കാരണങ്ങൾ പലതാണ്.

ഒന്നോർക്കുക, ‘പീഡോഫൈലു’കളെ തപ്പി കണ്ടുപിടിച്ച് തൂക്കി കൊല്ലുന്നതും, കാസ്ട്രേറ്റ് ചെയ്യുന്നതും ഈ പ്രശ്നത്തിന് ഒരു പരിഹാരമെന്ന രീതിയിൽ പ്രാക്ടിക്കലല്ലാ. Because predators are everywhere, സാഹചര്യം മുതലെടുത്തു പീഡിപ്പിക്കുന്നവരെ എങ്ങനെ നാം തിരിച്ചറിയും. കുഞ്ഞുങ്ങളെ പ്രതിരോധ മുറകൾ പഠിപ്പിച്ച് പരിശീലിപ്പിച്ച് സജ്ജരാക്കുക. അതേ ഫലപ്രദമാവുകയുള്ളൂ.

പെൺകുട്ടികൾ മാത്രമേ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നുള്ളൂ

ആൺകുട്ടികളും പെൺകുട്ടികളെ പോലെ തന്നെ CSA റിസ്ക് നേരിടുന്നുണ്ട്. ഒരേ റിസ്ക് ആണെങ്കിലും, പലപ്പോഴും ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണം നൽകുമ്പോഴും, സെക്സ് എഡ്യൂക്കേഷൻ കൊടുക്കുമ്പോഴും, ആൺകുട്ടികളെ നാം അത്ര പരിഗണിക്കാറില്ലാ.

മാത്രമല്ല, പീഡിപ്പിക്കുന്നവരിലും പുരുഷന്മാർ മാത്രമേ ഉള്ളൂ എന്നാണ് പൊതുധാരണ. അത് തെറ്റാണ്, സ്ത്രീകൾ സെക്ഷ്വലി അബ്യൂസ് ചെയ്യുന്ന കേസുകളും ധാരാളമായി ഉണ്ട് സമൂഹത്തിൽ.

സ്പർശനം വഴി മാത്രമാണ് അബ്യൂസ് നടക്കുന്നത്

Touching മാത്രമല്ലാ, non-touching ആയിട്ടും ലൈംഗിക ചൂഷണം നടക്കാം എന്ന് മനസ്സിലാക്കുക. കുഞ്ഞുങ്ങളുടെ മുൻപിൽ ജനനേന്ദ്രിയം പ്രദർശിപ്പിക്കുക, അവരോട് പരസ്പരം സെക്സ് ചെയ്യുന്നത് പോലെ അഭിനയിച്ച് കാണിക്കാൻ പറയുക, വിവസ്ത്രരാക്കുക, അങ്ങനെ ചിത്രങ്ങൾ പകർത്തുക, അവരെ പോൺ കാണിക്കുക, ഇവയെല്ലാം സെക്ഷ്വൽ അബ്യൂസ് തന്നെയാണ്. Touching പോലെ തന്നെ ഇവയും കുട്ടികളിൽ സൈക്കോളജിക്കൽ ഡാമേജ് ഉണ്ടാക്കുന്നു.

കുഞ്ഞുങ്ങളോട് സെക്ഷ്വൽ അബ്യൂസിനെ കുറിച്ച് തുറന്ന് സംസാരിച്ചാൽ അതവരിൽ ഭയം ജനിപ്പിക്കും

കുഞ്ഞുങ്ങളോട്, അവരുടെ ഭാഷയിൽ, പറയേണ്ടത് പോലെ കാര്യങ്ങൾ പറഞ്ഞ് വ്യക്തമാക്കിയാൽ, അവർക്ക് കൂടുതൽ സുരക്ഷിതരായി അനുഭവപ്പെടുകയേ ഉള്ളൂ. എല്ലാ ശരീര ഭാഗങ്ങളുടെയും പേര് കൃത്യമായി പറഞ്ഞ് കൊടുക്കുക. അബ്യൂസ് നടന്നാൽ തന്നെ, അത് കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള വോക്യാബുലറി കുഞ്ഞുങ്ങൾക്കിന്നില്ലല്ലോ.

ചില ഭാഗങ്ങൾ സ്വകാര്യ ഭാഗങ്ങൾ ആണെന്നും, അവയിൽ സ്പർശിക്കാൻ ആർക്കും അവകാശമില്ലെന്നും അവർ മനസ്സിലാക്കണം. സ്വകാര്യ ഭാഗങ്ങളെ സംബന്ധിക്കുന്ന ഒരു സംഭാഷണം വരുമ്പോൾ, അവരെ കളിയാക്കുന്നതും, എന്തോ വലിയ നാണക്കേട് പോലെ പറയുന്നതും നിർത്തണം.
അവരുടെ ശരീരത്തിന്റെ മേലുള്ള പൂർണ്ണമായ അവകാശം അവർക്കാണെന്നും, കൺസെന്റ് ഇല്ലാതെ ആരും ആ സ്പേസിലേക്ക് കേറാൻ പാടില്ലെന്നും ചെറുപ്രായത്തിലേ കുഞ്ഞുങ്ങൾക്ക് ക്ലിയർ ആയിരിക്കണം. അതവർ ജീവിതത്തിൽ നിരന്തരം പരിശീലിക്കുകയും വേണം. വന്ന വഴിയേ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുന്ന ആന്റിമാരും, മടിയിൽ കേറ്റി ഇരുത്തുന്ന അങ്കിൾമാരും നോർമലാണല്ലോ ഈ നാട്ടിൽ. കുഞ്ഞിന്റെ കൺസെന്റ് നമ്മളാരും ചോദിക്കാറില്ലാ. ആ അവസ്ഥയ്ക്ക് മാറ്റം വരണം.

മുതിർന്നവർ മാത്രമാണ് കുഞ്ഞുങ്ങളെ സെക്ഷ്വലി അബ്യൂസ് ചെയ്യുന്നത്

20%ഓളം കേസുകളിൽ കുട്ടികൾ തന്നെ അബ്യൂസേഴ്‌സ് ആയി മാറാറുണ്ട്. സമപ്രായക്കാർ, കസിൻസ്, മുതിർന്ന കുട്ടികളൊക്കെ ലൈംഗികമായി ചൂഷണം ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത് കൊണ്ട്, മറ്റുള്ള കുട്ടികൾക്കും തന്റെ സ്വകാര്യ ഭാഗത്ത്‌ സ്പർശിക്കാനുള്ള അവകാശമില്ലെന്ന് കുട്ടികൾ മനസ്സിലാക്കണം. വിവസ്ത്രരാക്കുന്ന തരത്തിലുള്ള കളികളും മറ്റും ഉണ്ടാവാതെ സൂക്ഷിക്കുക. വേറെ കുട്ടികളുടെ കൂടെ കളിക്കാൻ വിടുമ്പോഴും, എപ്പോഴും അവരുടെ മേൽ ശ്രദ്ധ ഉണ്ടായിരിക്കണം.

ജാഗ്രതയോടെ ശ്രദ്ദിച്ചാലേ ചിലപ്പോൾ CSA തിരിച്ചറിയാൻ പറ്റുള്ളൂ. കുട്ടികളുടെ സ്വഭാവത്തിൽ വരുന്ന ചെറിയ മാറ്റങ്ങൾ, ഉൾവലിയൽ, ദേഷ്യം, മൗനം, ഇവയെല്ലാം ചുമ്മാ വിട്ടുകളയരുത്. Try to understand what they are trying to communicate. പേടിപ്പിക്കാതെ, കുറ്റപ്പെടുത്താതെ, കൂടെ ഉണ്ടാവുമെന്ന് ഉറപ്പ് നല്കിക്കൊണ്ട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുക. ഓരോ കുഞ്ഞിനും സന്തോഷത്തോടെ, സമാധാനത്തോടെ, ക്രിയേറ്റീവായ ചുറ്റുപാടുകളിൽ വളരാനുള്ള അവകാശമുണ്ട്. അല്ലാതെ, പാപബോധത്തിൽ, പേടിച്ചരണ്ട്, സ്വന്തം ശരീരത്തെ വെറുത്ത് ഒരു കുഞ്ഞും വളരേണ്ടി വരരുത്. അതവരുടെ വ്യക്തിത്വ വികസനത്തെയും മാനസികാരോഗ്യത്തെയും സാരമായി ബാധിക്കും. അതൊഴിവാക്കാൻ, we should start talking about CSA. Clear and loud!

about child abuse

More in Malayalam

Trending

Recent

To Top