News
ഒരു കുഴിയില്‍ സ്‌കൂട്ടര്‍ വീണു അതിന്മേലുണ്ടായിരുന്ന ആള്‍ ആശുപത്രിയിലായതിനു മന്ത്രി എന്ത് ചെയ്യാനാണ് ; ഇളിഞ്ഞ മൂന്തയോടെ ഇങ്ങോട്ട് വോട്ടും യാചിച്ച് വന്ന് എന്നെ തെരഞ്ഞേടുക്കണേ എന്ന് പറയുന്ന അധികാര രാഷ്ട്രീയക്കാർ….; ന്നാ താന്‍ കേസ് കൊടിനെക്കുറിച്ച് ഷഹബാസ് അമന്‍!
ഒരു കുഴിയില്‍ സ്‌കൂട്ടര്‍ വീണു അതിന്മേലുണ്ടായിരുന്ന ആള്‍ ആശുപത്രിയിലായതിനു മന്ത്രി എന്ത് ചെയ്യാനാണ് ; ഇളിഞ്ഞ മൂന്തയോടെ ഇങ്ങോട്ട് വോട്ടും യാചിച്ച് വന്ന് എന്നെ തെരഞ്ഞേടുക്കണേ എന്ന് പറയുന്ന അധികാര രാഷ്ട്രീയക്കാർ….; ന്നാ താന്‍ കേസ് കൊടിനെക്കുറിച്ച് ഷഹബാസ് അമന്‍!
കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ “ന്നാ താന്‍ കേസ് കൊട്” സിനിമ വൻ വിജയമായിരിക്കുകയാണ്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം നിർവഹിച്ച സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് തീയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. റിലീസ് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും മിക്കയിടത്തും സിനിമ ഹൗസ്ഫുള്‍ ആണ്. ഇതുവരെ കാണാത്തൊരു ചാക്കോച്ചനെയാണ് സിനിമയില്‍ കാണാന്‍ സാധിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
കോമഡിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ മികച്ചൊരു കോര്‍ട്ട് ഡ്രാമയും ആക്ഷേപ ഹാസ്യവുമായിട്ടാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. സിനിമ കണ്ടിറങ്ങിയവരെല്ലാം സോഷ്യൽ മീഡിയ പോസ്റ്റുമായി രംഗത്തുവരുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഗായകന്‍ ഷഹബാസ് അമന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. വായിക്കാം വിശദമായി….
‘ന്നാ താന്‍ കേസ് കൊട്’ കണ്ടു! ഗംഭീര പടം! ആടലോടകം എന്ന പാട്ട് പാടി ഈസിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള അഭിമാനവും സന്തോഷവും നന്ദിയും ഇവിടെ ആത്മാര്‍ത്ഥമായി രേഖപ്പെടുത്തിക്കൊള്ളുന്നു!
പ്രച്ഛന്ന വേഷധാരികളായി രാത്രി കാലങ്ങളില്‍ പ്രജാക്ഷേമം അന്വേഷിച്ച് നടക്കുന്ന ഭരണാധികാരികളുടെ കഥകളാണു കുട്ടിക്കാലത്ത് ഏറ്റവും കേട്ടിട്ടുള്ളത്! കുഞ്ഞിന്റെ കരച്ചിലടക്കാന്‍ വെറുതേ വെള്ളം ചൂടാക്കി സങ്കടപ്പെടുന്ന അമ്മക്ക് മാവും ഈത്തപ്പഴവുമൊക്കെ എത്തിക്കുന്ന ‘ വിചാരണാ ഭയം’ ഉള്ള ഖലീഫമാര്‍! ഭരണാധികളായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ തന്റെ ഉത്തരവാദിത്വഭാരം ഓര്‍ത്ത് കരയുകയും മര്യാദക്ക് കിടന്നുറങ്ങാന്‍ പേടിക്കുകയും ചെയ്യുന്നവര്‍! ഓക്കെ. ഇന്ന് അത് ഉട്ടോപ്യനാണെന്ന് തന്നെ കൂട്ടിക്കൊ.പക്ഷേ കുഞ്ഞുമനസ്സില്‍ കയറിയപ്പറ്റിയ സൗന്ദര്യമുള്ള നന്മക്കഥയല്ലേ? എന്ത് ചെയ്യാന്‍ പറ്റും?
വലുതായപ്പൊ ഇളിഞ്ഞ മൂന്തയോടെ ഇങ്ങോട്ട് വോട്ടും യാചിച്ച് വന്ന് എന്നെ തെരഞ്ഞേടുക്കണേ എന്ന് പുളിച്ചികളായി തുറന്ന ജീപ്പില്‍ കൈവീശി നില്‍ക്കുന്ന അധികാര രാഷ്ട്രീയക്കാരെക്കണ്ടാണു കോണ്ട്രി അടിച്ച് ട്രോമയിലായത്! ആദ്യത്തേത് കഥയും രണ്ടാമത്തേത് സത്യവുമാണെന്ന് പതുക്കെ വിശ്വസിച്ച് തുടങ്ങി! ജനാധിപത്യം എന്നാണു ആ പൊട്ട നാടകത്തിന്റെ പേരെന്നും അതിലാണു നമുക്കും വേഷം ഉള്ളത് എന്നും പിന്നീട് മനസ്സിലാക്കാന്‍ കഴിഞ്ഞു! വേറെ നിവൃത്തിയില്ലായിരുന്നു! നമുക്ക് അതിന്റെ സ്‌ക്രിപ്റ്റ് കാണാന്‍ പോലും കിട്ടില്ല!
പൂര്‍ണ്ണമായും ആ അവസ്ഥയോട് പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ഇന്നും പക്കാ പാര്‍ലമെന്ററി രാഷ്ട്രീയക്കാരെ റെയില്‍വേ സ്റ്റേഷനിലോ എയര്‍പോര്‍ട്ടിലോ വെച്ച് കാണുമ്പോള്‍ (ഇതില്‍ നിറ വര്‍ഗ്ഗ ഭേദമന്യേ എല്ലാവരും പെടും)എന്തെന്നില്ലാത്ത ഒരുള്‍ക്കിടിലമാണു! ദേഷ്യം..നിരാശ.. അങ്ങനെ എല്ലാം. ആ ചിന്ത ശരിയോ തെറ്റോ എന്നൊക്കെ നമുക്ക് പിന്നെ ചര്‍ച്ച ചെയ്യാം .അതിന്റെ മനശാസ്ത്ര വശങ്ങളും മറ്റൊരിക്കലെടുക്കാം! ഇപ്പോള്‍ ഇവിടെ പ്രശ്‌നം ഇതാണു!
നടുറോഡില്‍ ഒരു വലിയ കുഴിയുണ്ടാവുകയും ആളുകള്‍ അത്തരം ബര്‍മ്മുഡാ ട്രയാങ്കിളില്‍ പെട്ട് മരിക്കുകയും ചെയ്യുമ്പോള്‍ അതിന്റെ റെസ്‌പോണ്‍സിബിളിറ്റി പൊതുമരാമത്ത് മന്ത്രിക്കാണെന്ന് ഒരു സാധാരണ പൗരന്‍ വാദിച്ചാല്‍ നമുക്ക് അത് ചിരിച്ച് തള്ളാന്‍ കഴിയുന്നത് മന്ത്രിക്കും കുഴിക്കും ഇടയില്‍ പി.ഡബ്‌ളി യു ഡി ചീഫ് എഞ്ചിനീയറും കരാറുകാരും മറ്റു ഉദ്യോഗസ്ഥരും അടക്കം ധാരാളം പേര്‍ ഇല്ലേ എന്ന സംശയം കൊണ്ട് മാത്രമല്ല;
മറിച്ച് നമ്മുടെ ബോധത്തില്‍ എവിടെയോ ഒരു കുഴിയില്‍ സ്‌കൂട്ടര്‍ വീണു അതിന്മേലുണ്ടായിരുന്ന ആള്‍ ആശുപത്രിയിലായതിനു മന്ത്രി എന്ത് ചെയ്യാന്‍ ആണു എന്നുള്ള ഒരു സിമ്പിള്‍ ലോജിക്ക് ശക്തമായി വിലസുന്നുണ്ട് എന്നുള്ളത് കൊണ്ടും കൂടിയാണു !
നമ്മുടെ മണ്ട അതിനു സെറ്റാണു!ഇത് മന്ത്രിമാര്‍ക്കും അറിയാം! സംഗതി യൂസ്ഡ് ആയിക്കഴിഞ്ഞു! മേല്‍ ലോജിക്ക് ക്ലീന്‍ വര്‍ക്കൗട്ടാണു! സാധാരണ വോട്ടറര്‍മ്മാരും മന്ത്രിമാരും എം.എല്‍.എമാരും പഞ്ചായത്ത് പ്രസിഡണ്ടുമാരും മറ്റു നേതാക്കന്മാരുമൊക്കെ തമ്മിലുള്ള ഈ ടയ്യപ്പ് ഒരു തരം അഡ്ജസ്റ്റ്മെന്റാണു !
‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയില്‍ രാജീവന്‍ എന്ന സാധാരണ പൗരന്‍ (അയാള്‍ ഒരു മുന്‍ കള്ളനായിരിക്കാം. അത് കൊണ്ടെന്താ? നിലവിലുള്ള വല്യ കള്ളന്മാര്‍ക്കിടയില്‍ നിന്ന് കൊണ്ട് ഒരു ചെറിയ കള്ളനു ന്യായം പറഞ്ഞൂടെ?) ഈ അഡ്ജസ്റ്റ്‌മെന്റിനു വിധേയനാകാന്‍ അണപൈ തയ്യാറാവാതിരിക്കുന്ന ഒരു പ്രത്യേക പോയന്റില്‍ നിന്നാണു ,ഒരു ചെറു ഗ്രാമ്യതമാശപ്പടം എന്ന അവസ്ഥയില്‍ നിന്ന് സിനിമ, ഒരു വലിയ സാമൂഹിക രാഷ്ട്രീയ ആക്ഷേപ ‘നാടകമായി’ വികസിക്കുന്നത്!
സിനിമയുടെ ചലന സൗകര്യങ്ങളും ദൃശ്യപുനര്‍നിര്‍മ്മിതീ സാധ്യതകളും മറ്റും ഉപയോഗിച്ച് കൊണ്ട് പതുക്കെ വേറൊരു യോനറിലേക്ക് സംവിധായകന്‍ സിനിമയെ തിരിച്ച് വിടുകയും പൊളിറ്റിക്കലി തീ പിടിപ്പിക്കുകയും ചെയ്യുന്നു! കോടതി രംഗങ്ങളാണു പ്രത്യേകിച്ചും ഇതിനുദാഹരണം!
സാധാരണ പൗരര്‍ കൃത്യമായ അവകാശ ബോധമുള്ളവരും പൊരുതാനുറച്ചവരും ആയിരിക്കുകയും നിയമ വ്യവസ്ഥ സത്യസന്ധമായി അവരുടെ അവകാശം സംരക്ഷിക്കാന്‍ കട്ടക്ക് കൂടെ നില്‍ക്കുകയും ചെയ്യും എന്ന് ഉറപ്പുണ്ടെങ്കില്‍ അര്‍ഹതയില്ലാത്ത ഒരാളും ഭരിക്കാനുള്ള പൂതിയും വെച്ച് ഇളിഞ്ഞ മൂന്തയോടെ ജനസമക്ഷത്തിങ്കല്‍ വന്ന് നിന്ന് എന്നെ തെരഞ്ഞെടുക്കൂ എന്ന് പറയാന്‍ ഒരിക്കലും ധൈര്യം കാണിക്കുകയില്ല എന്നതാണു വാസ്തവത്തില്‍ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ ഇതിവൃത്തമോഹം!
യഥാര്‍ഥത്തില്‍ അത് ഒരു പര്‍ട്ടിയേയും പ്രത്യേകിച്ച് ഉദ്ദേശിച്ച് കൊണ്ടുള്ളതാണെന്ന് തോന്നിയില്ല! പകരം, ഭരണം കയ്യിലെത്തുമ്പോള്‍ നിധി കിട്ടിയ സന്തോഷത്തില്‍ ചിരിക്കുന്ന സകല രാഷ്ട്രീയക്കാരെയും അത് ഉന്നം വെക്കുന്നു! കട്ടിയുടുപ്പിടുന്നവരായത് കൊണ്ട് അവര്‍ക്കത് കൊള്ളാന്‍ ഇച്ചരെ പ്രയാസമാണെന്ന് മാത്രം!
എന്നാല്‍ സാധാരണ മനുഷ്യരുടെ കൂടെ സധൈര്യം നില്‍ക്കുന്ന ഇന്നില്ലാത്ത-ഇതേ വരെയില്ലാത്ത – ഉണ്ടാവാന്‍ സമ്മതിക്കാതിരുന്ന ഒരു വനിതാ മുഖ്യമന്തിയെക്കൂടി ഈ സിനിമ പ്രവചന സ്വഭാവത്തോടെ വിഷ്വലൈസ് ചെയ്തു കണ്ടു! നല്ല കാര്യം! മലയാള സിനിമക്ക് അത് പുത്തനല്ല എന്ന് വാദിച്ചാല്‍ ആണു എന്ന് തന്നെയാണു മറുവാദം! ഉണ്ണിമായ എന്ന ആക്ടര്‍ ആ ഭാഗം ശരിക്കും ഗംഭീരമാക്കി! കട്ടിക്കണ്ണടയും കുറ്റബോധം നിറഞ്ഞ മുഖവുമുള്ള വെളുത്ത സാരിയുടുത്ത ഒരു ‘സ്ത്രീ’ ആയിരുന്നില്ല അത്.അത് പോലെ മുഖ്യ വേഷം ചെയ്ത കുഞ്ചാക്കോ ബോബനെ എത്ര തിരഞ്ഞാലും കണ്ടെത്താന്‍ കഴിയാത്ത ഒരു സിനിമയാണു ന്നാ താന്‍ കേസ് കൊട്!
എവിടെത്തിരഞ്ഞൊന്ന് നോക്കിയാലും രാജീവന്‍ മാത്രം! നടന്‍ എന്ന നിലയില്‍ അതൊരു വലിയ അച്ചീവ്മന്റ് തന്നെയാണു ! മജിസ്‌റ്റ്രേറ്റിനെയും (ആക്ടര്‍ പി.പി.കുഞ്ഞിക്കണ്ണന്‍), ഷുക്കൂര്‍ -ഗംഗാധരന്‍ -കൃഷ്‌ണേട്ടന്‍ എന്നീ നിയമവിഭാഗ നടന്മാരെയും എടുത്തുപറഞ്ഞേ പറ്റൂ! കനകം കാമിനി കലഹം എന്ന രതീഷ് പൊതുവാള്‍ ചിത്രം തിയറ്ററിനെ ചിരിപ്പിച്ച് മറിക്കേണ്ടതായിരുന്നു! അന്ന് അത് കൊവിഡില്‍ പെട്ടതിനു പലിശ സഹിതമാണു ‘ന്നാ താന്‍ കേസ് കൊട്’!
ഒരു ചെറിയ വലിയ പടം! കൊമേഴ്‌സ്യലി നോക്കിയാല്‍ മലയാളത്തിനു ഇതാണു പാകം! തിങ്കളാഴ്ച നിശ്ചയം മറ്റൊരു മികച്ച ഉദാഹരണം.
നിര്‍ഭാഗ്യ വശാല്‍ ഈ സിനിമയിലേതിനു വിപരീതമായി, നമ്മുടെ രാജ്യത്തെ നിയമ വിശാരദയുടെയും ന്യായവിധികര്‍ത്താക്കളുടെയുമൊക്കെ സ്ഥിതിയെന്താണെന്ന് നമുക്ക് ഇന്ന് പച്ചവെള്ളം പൊലെ അറിയാം! ശുദ്ധ കഴുതകള്‍! അതില്‍ അറിവും ധീരതയും ഉണ്ടായിരുന്ന അപൂര്‍വ്വം പേര്‍ ഇന്ന് മണ്ണിനടിയിലാണു അവര്‍ കൊല്ലപ്പെടുകയായിരുന്നു! ഇനിയും ഉണ്ടാവാം അങ്ങനെയുള്ള അപൂര്‍വ്വം ചിലര്‍! അവര്‍ക്കെന്ത് പറ്റുമെന്ന് കണ്ടറിയണം!
മന്ത്രിക്കെതിരെ വിധി നേടിയ രാജീവന്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ലല്ലൊ ! അയാളും അധികാരികളുടെ ദല്ലാളരാല്‍ കൊല്ലപ്പെടാന്‍ പൊവുകയായിരുന്നു! അപ്പോഴല്ലേ…
ചതിച്ച കുഴി തന്നെ രക്ഷക്കെത്തിയത്!ഹ്യൂമറിന്റെ ഏറ്റവും വലിയ പ്രശ്‌നം അത് എത്ര കണ്ട് ഷാര്‍പ്പായിരിക്കുന്നുവോ അത്രകണ്ട് അതിന്റെ മൂര്‍ച്ചക്ക് വൈരുദ്ധ്യം നിറഞ്ഞ ഇരുതല ഉണ്ടായിക്കൊണ്ടിരിക്കും എന്നതാണു! കൈ വെച്ചാല്‍ കൊലപാതകി! വെറുതെ നിന്നാല്‍ കൊല്ലപ്പെടുന്നയാള്‍!
‘ന്നാ താന്‍ കേസ് കൊട്’ കാണാന്‍ വ്യക്തിപരമായി ഇതിനാല്‍ എല്ലാവരോടും ഒരിക്കല്‍ കൂടി ശുപാര്‍ശ്ശ ചെയ്യുന്നു! ബ്രില്യന്റ് മൂവി. നന്ദി രതീഷ് ബാലകൃഷ്ണന്‍! എല്ലാ കാര്യങ്ങളും വിശദമായി പ്രതിപാദിക്കണമെന്നുണ്ട്.പക്ഷേ പഴയ ശൈലി പൈസ കൊടുത്ത് മേടിച്ച് പറയുകയാണെങ്കില്‍, വിസ്താര ഭയം മൂലം തല്‍ക്കാലം അതിനു മുതിരുന്നില്ല എന്നു പറഞ്ഞാണ് ഷഹബാസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
about nna than case kodu