Malayalam
കലാഭവന്‍ മണി സ്മാരക പുരസ്‌കാരം സംവിധായകന്‍ സിദ്ദിഖിന്
കലാഭവന്‍ മണി സ്മാരക പുരസ്‌കാരം സംവിധായകന്‍ സിദ്ദിഖിന്
കലാഭവന്‍ മണി സ്മാരക സമിതി ഏര്‍പ്പെടുത്തിയ കലാഭവന്‍ മണി സ്മാരക പുരസ്‌കാരം സംവിധായകന്‍ സിദ്ദിഖിന്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഏപ്രില്‍ മൂന്നിന് കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ വെച്ച് അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ സിദ്ദിഖിന് പുരസ്‌കാരം സമ്മാനിക്കും.
അടുത്തിടെ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഥയ്‌ക്കോ മികച്ച പ്രകടനങ്ങള്‍ക്കോ അല്ല മറിച്ച് മേക്കിങ്ങിനാണ് ഇന്നത്തെ പ്രേക്ഷകര്‍ പ്രാധാന്യം നല്‍കുന്നത് എന്ന് സംവിധായകന്‍ സിദ്ദിഖ്. താന്‍ ‘റാംജി റാവു സ്പീക്കിങ്ങും’ ‘ഗോഡ്ഫാദറു’മെല്ലാം ഒരുക്കുമ്പോള്‍ അത് ആ തലമുറക്ക് വേണ്ടി മാത്രം ചെയ്തതാണ്. എന്നാല്‍ അത് തലമുറകള്‍ താണ്ടി ഇന്നും സ്വീകരിക്കപ്പെടുന്നു.
അതിന് കാരണം ആ കാലഘട്ടത്തിലെ സിനിമകള്‍ക്ക് ശക്തമായ കഥകളുമുണ്ടായിരുന്നു എന്നതാണ്. ഇന്ന് പ്രേക്ഷകന്‍ മേക്കിങ്ങിന് പിന്നാലെ പോകുന്നു. ഈ ട്രെന്‍ഡുകള്‍ക്ക് അധികം ആയുസില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ദിഖ്.
‘നമ്മള്‍ ഹരിഹര്‍ നഗറും റാംജി റാവുവും ഗോഡ്ഫാദറും ഒക്കെ എടുക്കുമ്പോള്‍ അത് പില്‍ക്കാലത്തേക്കായി ചെയ്തതല്ല. ആ കാലഘട്ടത്തിനായി എടുത്തത് തന്നെയാണ്. എന്നാല്‍ അത് കാലഘട്ടവും കടന്നു വന്നു എന്നുള്ളത് ഒരു മഹാഭാഗ്യമാണ്. അത് ആ സിനിമയുടെ പവറാണ്. അന്ന് സിനിമയ്ക്ക് വലിയ ഡെപ്ത് ഉണ്ടായിരുന്നു. ഇന്ന് ഡെപ്ത് ഉള്ള സിനിമകള്‍ ഇല്ലെന്നല്ല. നല്ല മിടുക്കന്മാരായ സംവിധായകരും എഴുത്തുകാരുമുണ്ട്.
ഇന്നത്തെ പ്രേക്ഷകന്‍ സിനിമയെ അംഗീകരിക്കുന്നത് അതിന്റെ കണ്ടന്റ് വെച്ചോ, അല്ലെങ്കില്‍ പെര്‍ഫോമന്‍സ് വെച്ചോ, എത്ര കാലം നിലനില്‍ക്കും എന്നത് വെച്ചോ അല്ല. മേക്കിങ്ങ്, സ്‌റ്റൈലൈസേഷന്‍ ഇതൊക്കെയാണ് ഇന്നത്തെ പ്രേക്ഷകന്‍ വലിയ കാര്യമായി എടുക്കുന്നത്. അതിനൊന്നും അധികം ആയുസില്ല’, സിദ്ദിഖ് അഭിപ്രായപ്പെട്ടു.
‘ഞാന്‍ ബോഡിഗാര്‍ഡ് ഹിന്ദിയില്‍ എടുക്കുമ്പോള്‍ അവിടെ മേക്കിങ്ങിന്റെ ഒരു കാലമാണ്. ഞാന്‍ കാവലന്‍ തമിഴില്‍ എടുക്കുമ്പോള്‍ അവിടെ സ്‌റ്റൈലൈസ്ഡ് സിനിമകളുടെ കാലമാണ്. ആ സിനിമകള്‍ക്ക് ഇടയിലാണ് വളരെ സിംപിള്‍ ആയെടുത്ത ബോഡിഗാര്‍ഡും കാവലനും ഹിറ്റാവുന്നത്. ഇപ്പോള്‍ അവിടെ മേക്കിങ് കൊണ്ട് മാത്രം ഒരു സിനിമയും ഓടുന്നില്ല. കണ്ടന്റ് കൂടിയുള്ള സിനിമകള്‍ മാത്രമാണ് ഓടുന്നത്’, എന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
