Connect with us

ആരും ഓര്‍ക്കാതെ ആ ദിനം കടന്ന് പോയി, ആ മനുഷ്യനെ ഇത്രപെട്ടെന്ന് മറന്നോ മലയാളികള്‍?

Malayalam Breaking News

ആരും ഓര്‍ക്കാതെ ആ ദിനം കടന്ന് പോയി, ആ മനുഷ്യനെ ഇത്രപെട്ടെന്ന് മറന്നോ മലയാളികള്‍?

ആരും ഓര്‍ക്കാതെ ആ ദിനം കടന്ന് പോയി, ആ മനുഷ്യനെ ഇത്രപെട്ടെന്ന് മറന്നോ മലയാളികള്‍?

വ്യത്യസ്തങ്ങളായ നിരവധി വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് മലയാളികളുടെ അഭിമാനമായി മാറിയ കൊച്ചിന്‍ ഹനീഫ വിടവാങ്ങിയിട്ട് പത്ത് വര്‍ഷം . ഫെബ്രുവരി രണ്ടിനാണ് അദ്ദേഹത്തിന്റെ ഓര്‍മ്മ ദിനം. ഈ ദിവസം മലയാളി പ്രേക്ഷകര്‍ മാത്രമല്ല, മലയാള സിനിമാ ലോകം പോലും മറന്നു എന്നതാണ് വസ്തുത. അഭിനേതാവായും സംവിധായകനായും തിരക്കഥാകൃത്തായും ചലച്ചിത്രലോകത്ത് പകരം വയ്ക്കാനില്ലാത്ത വേഷങ്ങള്‍ പകര്‍ന്നാടിയ ഹനീഫ മലയാളികള്‍ക്ക് എക്കാലവും പ്രിയങ്കരനായ നടനായിരുന്നു.

നര്‍മ്മം കലര്‍ന്ന സംസാരത്തിലൂടെയും അഭിനയ മികവിലൂടെയും അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചത് ഒരുപിടി നല്ല ഓര്‍മ്മകളാണ്. തമാശകളും അബദ്ധങ്ങളും പൊട്ടിച്ചിരികളുമായി ചലച്ചിത്രലോകത്ത് പലവേഷങ്ങളണിഞ്ഞ മലയാളത്തിന്റെ പ്രിയ താരമായിരുന്നു കൊച്ചിന്‍ ഹനീഫ. ആസാനെ…. നിക്ക് ആസാനെ….. മലയാളികള്‍ക്ക് കൊച്ചിന്‍ ഹനീഫയെ ഓര്‍മ്മിക്കാന്‍ ഈ ഒരൊറ്റ ഡയലോഗ് മാത്രം മതി. കൊച്ചി വെളുത്തേടത്ത് തറവാട്ടില്‍ മൂഹമ്മദിന്റെയും ഹാജിറയുടെയും മകനായി 1951 ഏപ്രില്‍ 22നാണ് ഹനീഫ ജനിച്ചത്. ബോട്ടണി ബിരുദധാരിയായ ഹനീഫ കൊച്ചിയിലെ സെന്റ് ആല്‍ബര്‍ട്ട്സ് സ്‌കൂളിലും കോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ തലത്തില്‍ മോണോ ആക്ട് അവതരിപ്പിച്ചാണ് കലാപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം. നാടകങ്ങളിലും സജീവമായി. കൊച്ചിന്‍ കലാഭവന്‍ ട്രൂപ്പില്‍ അംഗമായതോടെ കൊച്ചിന്‍ ഹനീഫയായി. ശേഷം സിനിമാ മോഹവുമായി ചെന്നൈയിലേക്കു പോയി. 1979 ല്‍ അഷ്ടാവക്രന്‍ എന്ന ചിത്രത്തിലെ ഒരു ചെറിയ റോളില്‍ അഭിനയിച്ചായിരുന്നു ചലച്ചിത്ര അരങ്ങേറ്റം.

പിന്നീട് ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ സമാനതകളില്ലാത്ത സ്ഥാനം കരസ്ഥമാക്കിയ ഹനീഫ വാത്സല്യം എന്ന ചിത്രത്തിലൂടെ സംവിധാന മികവും തെളിയിച്ചു. വില്ലന്‍ വേഷങ്ങളിലൂടെ ആരംഭിച്ച് ഹാസ്യകഥാപാത്രങ്ങളിലേക്ക് ചേക്കേറിയ അദ്ദേഹം മലയാളത്തിലും തമിഴിലുമായി മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചു. വിഎംസി ഹനീഫയെന്നായിരുന്നു അന്യ ഭാഷാ ചിത്രങ്ങളില്‍ അറിയപ്പെട്ടിരുന്നത്.


വില്ലന്‍ വേഷങ്ങളിലാണ് തുടങ്ങിയതെങ്കിലും ഹാസ്യ വേഷങ്ങളിലൂടെയാണ് ഹനീഫ പേരെടുത്തത്. മലയാളത്തില്‍ പഞ്ചാബി ഹൗസ്, മഴത്തുള്ളി കിലുക്കം, ചക്കര മുത്ത്, അരയന്നങ്ങളുടെ വീട്, സൂത്രധാരന്‍,കസ്തൂരിമാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാളികളെ ചിരിപ്പിച്ചു. പിന്നീട് അദ്ദേഹം സംവിധാനം മേഖലയിലേക്കും കടന്നു. 13 സിനിമകള്‍ സംവിധാനം ചെയ്ത ശേഷം 25 സിനിമകള്‍ കൂടി മലയാളത്തിലും തമിഴിലും തിരക്കഥയൊരുക്കി. ഒരു സന്ദേശം കൂടി, ആണ്‍കിളിയുടെ താരാട്ട്, വാത്സല്യം തുടങ്ങി കുടുംബ പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്ന നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കടത്തനാടന്‍ അമ്പാടി, ലാല്‍ അമേരിക്കയില്‍, ഇണക്കിളി എന്നിവയുടെ തിരക്കഥാകൃത്തായി.

2010 ഫെബ്രുവരി രണ്ടിന് കരള്‍ രോഗത്തെ തുടര്‍ന്ന് ആയിരുന്നു കൊച്ചിന്‍ ഹനീഫ മലയാള മനസ്സുകളെ കണ്ണീരിലാക്കി വിടപറഞ്ഞത്. അന്നും ഇന്നും കൊച്ചിന്‍ ഹനീഫയ്ക്കു പകരംവയ്ക്കാന്‍ മറ്റൊരാളില്ല. ഹനീഫയ്ക്ക് തുല്യം ഹനീഫ മാത്രം.നിഷ്‌കളങ്ക ഹാസ്യമായിരുന്നു കൊച്ചിന്‍ ഹനീഫയുടെ മുഖമുദ്ര. ഹനീഫയുടെ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഹാസ്യത്തിന്റെ പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചു. അതിഭാവുകത്വമില്ലാതെ ഹനീഫ പകര്‍ന്നു തന്ന നിഷ്‌കളങ്ക ഹാസ്യത്തിന് പകരം വെയ്ക്കാന്‍ ഇന്നും മറ്റൊരാളില്ല.
മലയാളത്തില്‍ തിരക്കുളള നടനായി മാറിയ ഹനീഫ തമിഴിലും നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു. ജീവിതത്തില്‍ അഭിനയിക്കാത്ത ഹനീഫയുടെ മുഖമുദ്ര അദ്ദേഹത്തിന്റെ ലാളിത്യമായിരുന്നു. താരജാഡകളില്ലാത്ത ഹാസ്യത്തിന്റെ തമ്പുരാന്‍ അരങ്ങൊഴിഞ്ഞെങ്കിലും അദ്ദേഹം ജീവന്‍ നല്‍കിയ കഥാപാത്രങ്ങളിലൂടെ കൊച്ചിന്‍ ഹനീഫ ഇനിയും ഓര്‍മ്മിക്കപ്പെടും.

Cochin Haneefa

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top