News
റിലീസിന് മുന്നേ ഒടിടി റൈറ്റ്; അല്ലു അര്‍ജുന്റെ പുഷ്പ 2 ഈ ഒടിടി പ്ലാറ്റ്‌ഫോമിന്
റിലീസിന് മുന്നേ ഒടിടി റൈറ്റ്; അല്ലു അര്‍ജുന്റെ പുഷ്പ 2 ഈ ഒടിടി പ്ലാറ്റ്‌ഫോമിന്
ഇന്ത്യന്‍ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുന്റെ പുഷ്പ 2. മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച പുഷ്പ: ദ റൂള്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് പുഷ്പ 2വിലുള്ള പ്രതീക്ഷ വാനോളമാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെക്കുറിച്ചുള്ള നിര്‍ണ്ണായക പ്രഖ്യാപനമാണ് പുറത്തുവരുന്നത്. നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ഇതിനെപ്പറ്റി ഔദ്യോഗിക പ്രഖ്യാപനം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ നെറ്റ്ഫ്‌ലിക്‌സ് ടീമോ നല്‍കിയിട്ടില്ല.
താരവും നെറ്റ്ഫ്‌ലിക്‌സ് ടീമും തമ്മിലുള്ള കൂടിക്കാഴ്ച ഈ അഭ്യൂഹത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. 2024 ഓഗസ്റ്റ് 15നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ചിത്രം തിയറ്ററുകളിലെത്തുക.
പുഷ്പയിലൂടെ 2021ലെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും അല്ലു അര്‍ജുന്‍ കരസ്ഥമാക്കിയിരുന്നു. 2021ല്‍ പുറത്തുവന്ന ‘പുഷ്പ’യിലൂടെ നടന്റെ ജനസ്വീകാര്യത പതിന്മടങ്ങു വര്‍ധിച്ചിരുന്നു. പാന്‍ ഇന്ത്യന്‍ തലത്തില്‍ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.