News
വോട്ടിടാന്‍ ദുബായില്‍ നിന്നും പറന്നെത്തി രാജമൗലി!
വോട്ടിടാന്‍ ദുബായില്‍ നിന്നും പറന്നെത്തി രാജമൗലി!
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം നടന്നുവരുകയാണ്. ഹൈദരബാദില്‍ തന്റെ വോട്ട് രേഖപ്പെടുത്താന്‍ തിങ്കളാഴ്ച രാവിലെ ദുബായില്‍ നിന്നും എത്തി സംവിധായകന്‍ എസ്എസ് രാജമൗലി. വോട്ട് ചെയ്ത ശേഷം തന്റെയും ഭാര്യ രമാ രാജമൗലിയുടെയും ചിത്രവും രാജമൗലി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിട്ടുണ്ട്.
താന്‍ പോളിംഗ് ബൂത്തില്‍ എത്തിയ സാഹചര്യവും സംവിധായകന്‍ വെളിപ്പെടുത്തി. വോട്ട് ചെയ്ത ശേഷം മഷിപുരണ്ട വിരലുകള്‍ കാണിക്കുന്ന ചിത്രത്തിലെ ക്യാപ്ഷന്‍ ഇങ്ങനെയാണ് ‘ദുബായില്‍ നിന്ന് പറന്ന്… എയര്‍പോര്‍ട്ടില്‍ നിന്ന് നേരിട്ട് പോളിംഗ് ബൂത്തിലേക്ക് ഓടി, അതിനാലാണ് ക്ഷീണിച്ച പോലെ തോന്നുന്നത്, നിങ്ങള്‍ വോട്ട് ചെയ്‌തോ?’ എന്നാണ് രാജമൗലി എഴുതിയിരിക്കുന്നത്.
യാതൊരു ഒഴിവ് കഴിവും പറയാതെ ഇത്രയും ദൂരെ നിന്നും വോട്ട് ചെയ്യാന്‍ എത്തിയ എസ്എസ് രാജമൗലിയെ പലരും പോസ്റ്റിന് അടിയില്‍ അഭിനന്ദിക്കുന്നുണ്ട്. ദുബായില്‍ തന്റെ പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണ് ബാഹുബലി സംവിധായകന്‍.
നാലാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച രാവിലെ 7 മണിക്കാണ് ആരംഭിച്ചത് എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും വൈകിട്ട് 6 വരെ വോട്ടെടുപ്പ് നീളും. തിങ്കളാഴ്ച നേരത്തെ ഓസ്‌കര്‍ ജേതാവായ സംഗീതസംവിധായകന്‍ എംഎം കീരവാണി ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ ഒരു പോളിംഗ് സ്‌റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തി. അല്ലു അര്‍ജുനും ഇവിടെയാണ് വോട്ട് ചെയ്തത്.
അദ്ദേഹത്തിന് മുമ്പ് മുതിര്‍ന്ന നടന്‍ ചിരഞ്ജീവിയും ഭാര്യ സുരേഖ കൊനിഡേലയും വോട്ടവകാശം വിനിയോഗിച്ചു. ജനങ്ങളോട് അവരുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, ദയവായി വന്ന് നിങ്ങളുടെ അധികാരം വിനിയോഗിക്കുക ചിരഞ്ജീവി പറഞ്ഞു. ജൂനിയര്‍ എന്‍ടിആര്‍, ചലച്ചിത്ര നിര്‍മ്മാതാവ് തേജ എന്നിവരും തിങ്കളാഴ്ച തെലങ്കാനയിലെ പോളിംഗ് ബൂത്തിലെത്തി.