Actor
പ്രധാന നടിയെ മാറ്റി, പിന്നാലെ വില്ലനും മാറി; എങ്ങുമെത്താതെ അജിത്ത് ചിത്രം ‘വിഡാമുയര്‍ച്ചി’
പ്രധാന നടിയെ മാറ്റി, പിന്നാലെ വില്ലനും മാറി; എങ്ങുമെത്താതെ അജിത്ത് ചിത്രം ‘വിഡാമുയര്‍ച്ചി’
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടനാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. അജിത്ത് നായകനാകുന്ന ‘വിഡാമുയര്‍ച്ചി’ എന്ന ചിത്രം പ്രഖ്യാപിക്കപ്പെട്ടിട്ട് നാളുകള്‍ ഏറെയായി. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രം സംബന്ധിച്ച ഔദ്യോഗിക അപ്‌ഡേറ്റുകള്‍ എന്നാല്‍ കാര്യമായൊന്നും വന്നിട്ടില്ല. സാധാരണ അജിത്ത് സിനിമകളില്‍ സംഭവിക്കുന്നത് പോലെ അപ്‌ഡേറ്റില്‍ വളരെ പിശുക്ക് കാണിക്കുകയാണ് ഈ ചിത്രവും എന്ന് ആരാധകര്‍ക്കിടയില്‍ സംശയമുണ്ട്.
എന്നാല്‍ അടുത്തിടെ വന്ന വാര്‍ത്തകള്‍ തല ആരാധകര്‍ക്ക് ഏറെ ആശ്വാസമുണ്ടാക്കിയിട്ടുണ്ട്. അത് പ്രകാരം ഈ മാസത്തില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. അസര്‍ബൈജാനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത് എന്നാണ് വിവരം. അതിനായി താരങ്ങളും അണിയറക്കാരും യാത്ര തിരിച്ചുവെന്നാണ് വിവരം. പിന്നീട് ദുബായ് അബുദാബി എന്നിവിടങ്ങളിലെ ഷൂട്ടിംഗിന് ശേഷം ചെന്നൈയില്‍ ‘വിഡാമുയര്‍ച്ചി’ ഷൂട്ടിംഗ് അവസാനിക്കും എന്നാണ് വിവരം.
അതേ സമയം ചിത്രം താമസിച്ചതോടെ മുന്‍ നിശ്ചയിച്ച കാസ്റ്റിംഗില്‍ വലിയ വ്യത്യാസം വന്നുവെന്നാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്. ലൈക പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇതിനകം നായികയായി തൃഷ എത്തും എന്നാണ് വിവരം. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷ അജിത്തിന്റെ നായികയാകുന്നത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നെ അറിന്താല്‍ ആണ് ഇരുവരും ഒന്നിച്ച് എത്തിയ അവാസന ചിത്രം.
എന്നാല്‍ ചിത്രത്തില്‍ പ്രധാന വില്ലനായി നിശ്ചയിച്ചിരുന്ന അര്‍ജുന്‍ ദാസ് പിന്‍മാറി എന്നതാണ് അതിനിടെ പുറത്തുവന്ന വാര്‍ത്ത. ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയതോടെ മറ്റു ചിത്രങ്ങളിലേക്ക് അര്‍ജുന്‍ ദാസ് ഡേറ്റ് നല്‍കിയതോടെയാണ് അദ്ദേഹം ചിത്രത്തില്‍ നിന്നും പിന്‍മാറാന്‍ കാരണമായത്. പകരം ബിഗ്‌ബോസ് വിജയി ആറവ് ആയിരിക്കും അജിത്ത് ചിത്രത്തില്‍ പ്രധാന വില്ലനാകുക എന്നാണ് വിവരം.
അതേ സമയം അജിത്ത് ചിത്രത്തില്‍ നിന്നും മറ്റൊരു കാസ്റ്റിംഗ് മാറ്റവും ഇപ്പോള്‍ വാര്‍ത്തയാകുന്നുണ്ട്. നേരത്തെ നിശ്ചയിച്ചിരുന്ന പ്രധാന സ്ത്രീകഥാപാത്രത്തിന്റെ റോളില്‍ നിന്നും ബോളിവുഡ് നടി ഹുമ ഖുറേഷിയെ മാറ്റിയെന്നാണ് വിവരം. പകരം റെജീന കസാന്‍ട്രയാണ് എത്തുക. ഹുമയും ഷൂട്ടിംഗ് വൈകിയതിന്റെ ഡേറ്റ് ക്ലാഷില്‍ പെട്ടുവെന്നാണ് വിവരം.
എന്തായാലും കാസ്റ്റിംഗ് മാറിയാലും ചിത്രത്തിന്റെ അപ്‌ഡേറ്റ് വേഗം കിട്ടിയാല്‍ മതിയെന്ന പ്രതീക്ഷയിലാണ് തല ഫാന്‍സ്. അതേ സമയം ലൈക പ്രൊഡക്ഷന്‍ ഇടക്കാലത്ത് അജിത്തിനുള്ള ശമ്പളം അടക്കം തടഞ്ഞിരുന്നു എന്നതടക്കം വാര്‍ത്ത വന്നിരുന്നു. നേരത്തെ സംവിധായകന്‍ വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യാനിരുന്ന പടം ഉപേക്ഷിച്ചാണ് അജിത്ത് മഗിഴ് തിരുമേനിക്ക് ഡേറ്റ് നല്‍കിയത്. അതും വലിയ വാര്‍ത്തയായിരുന്നു. ഏപ്രിലില്‍ ഇറങ്ങിയ തുനിവ് ആയിരുന്നു അജിത്തിന്റെ അവസാന പടം.
