Malayalam
മുദ്ര വായ്പ; സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍
മുദ്ര വായ്പ; സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍
ചെറുകിട സംരംഭങ്ങള്‍ക്കു വേണ്ടിയുള്ള കേന്ദ്രസര്‍ക്കാരിന്റെ മുദ്രാ വായ്പയെക്കുറിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ കുറ്റപ്പെടുത്തലില്‍ പ്രതിഷേധിച്ച് ബാങ്കിങ് ജീവനക്കാരുടെ സംഘടന.
മുദ്രാ വായ്പ തേടിയെത്തുന്നവര്‍ക്ക് ബാങ്ക് ഉദ്യോഗസ്ഥരും ജീവനക്കാരും അതു നിഷേധിക്കുന്നുവെന്നും പ്രധാനമന്ത്രിയോടു ചോദിക്കാന്‍ വരെ പറയുന്നുണ്ടെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. എറണാകുളത്ത് ‘വികസിത് ഭാരത് സങ്കല്പ് യാത്ര’യുടെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു വിമര്‍ശം.
അടിസ്ഥാന ബാങ്കിങ് തത്ത്വങ്ങളും ബാങ്കുകളുടെ പ്രവര്‍ത്തനവും സംബന്ധിച്ചുള്ള ധാരണയില്ലായ്മയാണ് സുരേഷ് ഗോപിയുടെ വാക്കുകളില്‍ പ്രകടമാവുന്നതെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ (എ.ഐ.ബി.ഒ.സി.) സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഡന്‍ പറഞ്ഞു.
പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് മുദ്രാവായ്പ നല്‍കുന്നത്. യോഗ്യതാവ്യവസ്ഥ തടസ്സമെങ്കില്‍ വായ്പ നിഷേധിക്കുന്ന കത്തില്‍ അതു വ്യക്തമാക്കാറുണ്ട്. യോഗ്യതാമാനദണ്ഡങ്ങളും നിയമവും ചട്ടവും പാലിക്കാതെയും തിരിച്ചടവ് നിര്‍ബന്ധമാക്കാതെയും മുദ്രാവായ്പകള്‍ നല്‍കണമെങ്കില്‍ അതിനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനോട് അഭ്യര്‍ഥിക്കുകയാണ് സുരേഷ് ഗോപി ചെയ്യേണ്ടത്.
സമൂഹത്തില്‍ അരാജകത്വം പടര്‍ത്താനും വിദ്വേഷം വളര്‍ത്താനും ലക്ഷ്യമിട്ടാണ് സുരേഷ് ഗോപിയുടെ പരമാര്‍ശമെന്നും എ.ഐ.ബി.ഒ.സി. വിമര്‍ശിച്ചു.