News
‘സംഗീതത്തിന് താത്കാലികമായി ബൈ’; ജിന്നിന് പിന്നാലെ സൈനികസേവനത്തിനൊരുങ്ങി ജെ ഹോപ്പും
‘സംഗീതത്തിന് താത്കാലികമായി ബൈ’; ജിന്നിന് പിന്നാലെ സൈനികസേവനത്തിനൊരുങ്ങി ജെ ഹോപ്പും
ലോകമെമ്പാടും നിരവധി ആരാധകരുള്ള ദക്ഷിണകൊറിയന്‍ മ്യൂസിക് ബാന്‍ഡാണ് ബിടിഎസ്. ബാന്‍ഡിനും ദക്ഷിണകൊറിയയിലെ നിര്‍ബന്ധിത സൈനികസേവനത്തില്‍ നിന്ന് ഒഴിവില്ല എന്ന വാര്‍ത്ത നേരത്തെ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ബിടിഎസ് ആരാധകരെ വീണ്ടും നിരാശയിലാഴ്ത്തി ജിന്നിന് പിന്നാലെ ജെ ഹോപ്പും സൈനികസേവനത്തിന് തയ്യാറെടുക്കുകയാണ്.
സൈന്യത്തില്‍ ചേരുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി. സംഗീതത്തോട് താത്കാലികമായി ബൈ പറഞ്ഞ് ദക്ഷിണകൊറിയയില്‍ നിര്‍ബന്ധിത സൈനിക സേവനത്തിനിറങ്ങുകയാണ് ബിടിഎസ് ഗായകനും റാപ്പറുമായ ജെ ഹോപ്. ഔദ്യോഗികമായ ചടങ്ങുകളൊന്നുമില്ലാതെയായിരിക്കും സൈന്യത്തില്‍ പ്രവേശിക്കുന്നതെന്നാണ് ജെ ഹോപ് അറിയിച്ചിരിക്കുന്നത്.
സൈനിക ഉദ്യോഗസ്ഥരും കുടുംബവും മാത്രം പങ്കെടുക്കുന്ന ചടങ്ങായിരിക്കുമെന്നും ആള്‍കൂട്ടത്തിന്റെ തിരക്ക് ഇല്ലാതാക്കാന്‍ ആരാധകര്‍ തടിച്ചുകൂടുന്നത് ഒഴിവാക്കണമെന്നും ബിടിഎസ് അറിയിച്ചു. സൈനിക സേവനത്തിന് ശേഷം ജെ ഹോപ് മടങ്ങിവരുന്നത് വരെ തങ്ങളുടെ പിന്തുണ ഉറപ്പുവരുത്തുമെന്നും ബിടിഎസ് വ്യക്തമാക്കി. സൈന്യത്തില്‍ ചേരുന്ന രണ്ടാമത്തെ കെപോപ്പ് താരമാണ് ജെ ഹോപ്.
ജിന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബിടിഎസ് ബാന്‍ഡിന്റെ രാജ്യാന്തര പ്രശസ്തി കണക്കിലെടുത്ത് സൈനിക സേവനത്തില്‍ നിന്ന് ഇളവു നല്‍കണമെന്ന് ദക്ഷിണ കൊറിയയില്‍ ആവശ്യമുയര്‍ന്നെങ്കിലും പാര്‍ലമെന്റ് അംഗീകരിച്ചില്ല. സൈനിക സേവന കാലാവധി പൂര്‍ത്തിയാക്കിയ ശേഷം 2025 ല്‍ മടങ്ങിയെത്തി ബാന്‍ഡ് പുനരുജ്ജീവിപ്പിക്കുമെന്ന് ബിടിഎസിന്റെ മാനേജ്‌മെന്റ് കമ്പനിയായ ബിഗ്ഹിറ്റ് മ്യൂസിക് അറിയിച്ചു.
ആര്‍എം, ജെഹോപ്പ്, ജിന്‍, സുഗ, പാര്‍ക്ക് ജിമിന്‍, വി, ജംഗ്കൂക്ക് എന്നിവരാണ് ബിടിഎസിലെ അംഗങ്ങള്‍. ഏഴംഗസംഘത്തിന്റെ സംഗീതത്തിന് മാത്രമല്ല ആരാധകരുള്ളത് അവരുടെ സൗന്ദര്യത്തിനും നിരവധി ആരാധകരാണുള്ളത്. ഒന്‍പത് വര്‍ഷം മുന്‍പ് ബാന്‍ഡ് തുടങ്ങിയപ്പോഴുള്ള സൗന്ദര്യം അതേപോലെ തന്നെ ഇവര്‍ക്ക് ഇന്നുമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
ദക്ഷിണകൊറിയയില്‍ ആരോഗ്യവാന്മാരായ എല്ലാ പുരുഷന്മാരും 1835 പ്രായത്തിനിടയില്‍ കുറച്ചുകാലം നിര്‍ബന്ധിത സൈനിക സേവനം നടത്തേണ്ടതുണ്ട്. കുറഞ്ഞത് 18 മാസം സൈന്യത്തില്‍ തുടരണം എന്നാണ് നിയമം. ലോകപ്രശസ്ത ബാന്‍ഡ് ആയതിനാല്‍ ബിടിഎസ് അംഗങ്ങള്‍ക്ക് ഇളവുണ്ടാകുമെന്നാണ് കരുതിരുതെങ്കിലും അതുണ്ടായില്ല.
