Connect with us

കോവിഡ് ന്യൂമോണിയായി…എന്റെ പ്രതീക്ഷ നശിച്ചു തുടങ്ങി! ആ ചിന്ത മനസിലേക്ക് വന്നു… എല്ലാം വിധിക്ക് വിട്ടുകൊണ്ടാണ് ഞാന്‍ പിന്നീടുള്ള ദിവസങ്ങള്‍ കഴിഞ്ഞത്; മറക്കാൻ കഴിയാത്ത ആ അനുഭവം

Malayalam

കോവിഡ് ന്യൂമോണിയായി…എന്റെ പ്രതീക്ഷ നശിച്ചു തുടങ്ങി! ആ ചിന്ത മനസിലേക്ക് വന്നു… എല്ലാം വിധിക്ക് വിട്ടുകൊണ്ടാണ് ഞാന്‍ പിന്നീടുള്ള ദിവസങ്ങള്‍ കഴിഞ്ഞത്; മറക്കാൻ കഴിയാത്ത ആ അനുഭവം

കോവിഡ് ന്യൂമോണിയായി…എന്റെ പ്രതീക്ഷ നശിച്ചു തുടങ്ങി! ആ ചിന്ത മനസിലേക്ക് വന്നു… എല്ലാം വിധിക്ക് വിട്ടുകൊണ്ടാണ് ഞാന്‍ പിന്നീടുള്ള ദിവസങ്ങള്‍ കഴിഞ്ഞത്; മറക്കാൻ കഴിയാത്ത ആ അനുഭവം

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട്ട്ട താരദമ്പതികളാണ് ബീന ആന്റണിയും മനോജും. പരമ്പരകളിലും മറ്റ് സജീവമാണ് ഇരുവരും. ബീന ആന്റണിക്ക് കൊവിഡ് ബാധിച്ച വിവരം മാനോജ് ആണ് വീഡിയോയിലൂടെ പുറത്ത് വിട്ടത്. യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.

എന്റെ ബീന ഹോസ്പിറ്റലില്‍, കൊവിഡ്, ഞാനും അവളും അനുഭവിക്കുന്ന വേദന ഇതായിരുന്നുവെന്ന് പറഞ്ഞാണ് മനോജ് എത്തിയത്. ഇതോടെ പ്രിയ നടിക്കായുള്ള പ്രാര്‍ത്ഥനയിലായിരുന്നു ആരാധകര്‍.

പിന്നീട് രോഗം ഭേദമായി ബീന വീട്ടില്‍ മടങ്ങി എത്തുകയും ചെയ്തു. ഇപ്പോള്‍ തനിക്ക് രോഗം ഗുരുതരമാകാന്‍ കാരണം ആശുപത്രിയില്‍ എത്താതിരുന്നതാണെന്ന് പറയുകയാണ് ബീന ആന്റണി. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്

ബീന ആന്റണിയുടെ വാക്കുകള്‍….

ഒരു സീരിയലിന്റെ ലൊക്കേഷനില്‍ നിന്നാണ് എനിക്ക് കോവിഡ് ബാധിച്ചത് . അവിടെ മറ്റൊരു ആര്‍ടിസ്റ്റിന് കോവിഡ് ബാധിച്ചിരുന്നു. പിറ്റേദിവസം എനിക്കും തലവേദന തുടങ്ങി. എനിക്കും കോവിഡ് ആയിരിക്കും എന്ന് ഉറപ്പായിരുന്നു. എന്റെ സഹോദരിക്കും മകനും കോവിഡ് വന്നപ്പോള്‍ അവര്‍ വീട്ടില്‍ തന്നെയാണ് കിടന്നത്. ഏഴു ദിവസത്തിന് ശേഷം അവര്‍ക്ക് അസുഖം ഭേദമായി. എനിക്കും അതുപോലെ ആയിരിക്കും എന്ന് കരുതി.’

‘പനിയുടെ മരുന്നുകള്‍ കഴിച്ചു വീട്ടില്‍ മറ്റൊരു റൂമിലേക്ക് മാറി ഐസൊലേഷനില്‍ ആയി. പക്ഷേ മരുന്ന് കഴിച്ചിട്ടും പനി കുറയുന്നില്ല, ക്ഷീണം കൂടിക്കൂടി വന്നു. പള്‍സ് ഓക്‌സിമീറ്ററിലെ റീഡിങ് നോക്കുന്നുണ്ടായിരുന്നു. ആറുദിവസം കഴിഞ്ഞിട്ടും എനിക്ക് ഒരു കുറവും വന്നില്ല. ക്ഷീണം കൂടി ഒരടി നടക്കാന്‍ വയ്യാതായി, ശ്വാസം മുട്ട്, കിതപ്പ് എന്നിവയും തുടങ്ങി. ആശുപത്രിയില്‍ വിളിച്ച് റൂം ബുക്ക് ചെയ്‌തെങ്കിലും എനിക്ക് പോകാന്‍ തോന്നിയില്ല, കാരണം എന്റെ സഹോദരിയുടെ ഒരു മകന്‍ കോവിഡ് വന്നു മരിച്ചിട്ട് അധികം നാളായിട്ടില്ല. ഇരുപത്തിമൂന്ന് വയസ്സുമാത്രം പ്രായമുള്ള അവന്‍ ആശുപത്രിയില്‍ ഞങ്ങളില്‍ ആരെയും കാണാന്‍ കഴിയാതെ കിടന്നു. പിന്നെ മടങ്ങി വന്നില്ല. അവനെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ആ ഒരു ഷോക്ക് ഞങ്ങളെ പിടിച്ചുലച്ചിരുന്നു.’

‘ഞാനും ആശുപത്രിയില്‍ ആയാല്‍ പിന്നെ മടങ്ങി വരുമോ എന്നുള്ള ചിന്ത, പിന്നീടൊരിക്കലും ഭര്‍ത്താവിനെയും മകനെയും കാണാന്‍ കഴിയില്ല എന്ന് തോന്നി. പക്ഷേ പിന്നെ പള്‍സ് ഓക്‌സിമീറ്ററില്‍ റീഡിങ് 90ല്‍ താഴേക്ക് പോയി. ശ്വാസം കിട്ടാത്ത അവസ്ഥ ആയി. അപ്പോഴേക്കും മനുവിന് അപകടം മണത്തു. ആശുപത്രിയില്‍ വിളിച്ച് എല്ലാം അറേഞ്ച് ചെയ്തു. വണ്ടിയില്‍ കയറാന്‍ പോലും വയ്യാത്ത അവസ്ഥയായിരുന്നു. ആശുപത്രിയില്‍ ചെന്നപ്പോള്‍ വേഗം തന്നെ എന്നെ അഡ്മിറ്റ് ആക്കി. അപ്പൊത്തന്നെ മരുന്നുകള്‍ തുടങ്ങി. ടെസ്റ്റ് ചെയ്തപ്പോള്‍ അപ്പോഴും കോവിഡ് പോസിറ്റീവ് ആയിരുന്നു. ശ്വാസം കിട്ടാതെ ഓക്‌സിജന്‍ സപ്പോര്‍ട്ട് വേണ്ടി വന്നു. എന്നോട് അവര്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല, പക്ഷേ മനുവിനെ വിളിച്ച് മറ്റെവിടെങ്കിലും ബെഡ് ഒഴിവുണ്ടോ എന്ന് അന്വേഷിക്കാന്‍ പറഞ്ഞു, നില കൂടുതല്‍ വഷളായാല്‍ മാറ്റേണ്ടി വരും എന്ന് പറഞ്ഞത്രേ.’

‘എനിക്ക് കോവിഡ് ന്യൂമോണിയ ആയിക്കഴിഞ്ഞിരുന്നു. അതിനുള്ള മരുന്നും രക്തം കട്ടപിടിക്കാനുള്ള മരുന്നും തന്നു തുടങ്ങി. എന്റെ പ്രതീക്ഷ നശിച്ചു തുടങ്ങിയിരുന്നു . ഓക്‌സിജന്‍ മാസ്‌ക് വച്ചിട്ടും ശ്വാസം മുട്ടുന്നുണ്ടായിരുന്നു. മകനെയും ഭര്‍ത്താവിനെയും ബാക്കി വേണ്ടപ്പെട്ടവരെയും ഓര്‍ത്തപ്പോള്‍ ചങ്കിടിപ്പ് കൂടി. മറ്റൊന്നും ചെയ്യാനില്ലായിരുന്നു എല്ലാം വിധിക്ക് വിട്ടുകൊണ്ടാണ് ഞാന്‍ പിന്നീടുള്ള ദിവസങ്ങള്‍ കഴിഞ്ഞത്.’

‘പക്ഷേ എന്തോ അത്ഭുതം സംഭവിച്ചു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എന്റെ നിലയില്‍ മാറ്റം വന്നു. ഞാന്‍ സീരിയസ് ആയി കിടന്നപ്പോഴാണ് മനു വിഡിയോയില്‍ എന്റെ അവസ്ഥ പറഞ്ഞത്. എല്ലാവരുടെയും പ്രാര്‍ത്ഥനയുടെ ശക്തിയായിരിക്കും രണ്ടു ദിവസം കൊണ്ട് എന്റെ ഓക്‌സിജന്‍ മാസ്‌ക് ഒക്കെ മാറ്റാന്‍ കഴിഞ്ഞു. ന്യൂമോണിയയും കുറഞ്ഞു തുടങ്ങി. എല്ലാം ഒരു അദ്ഭുതം പോലെ തോന്നുന്നു. കോവിഡ് ബാധിച്ച പലരും കണ്മുന്നില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. എന്റെ മകന്റെയും ഭര്‍ത്താവിന്റെയും ഭാഗ്യമാകാം ഞാന്‍ ഒരു കുഴപ്പവും കൂടാതെ തിരികെ എത്തിയത്. ആശുപത്രിയില്‍ പോകുമ്പോള്‍ ഇനി തിരികെ വീട്ടിലേക്ക് ഉണ്ടോ എന്നൊക്കെ ഞാന്‍ ചിന്തിച്ചിരുന്നു. പോകുമ്പോള്‍ മകനെ ഒന്ന് തൊടാനോ ഒരു ഉമ്മ കൊടുക്കാനോ, കയ്യില്‍ പിടിക്കാനോ പോലും പറ്റിയില്ല. വീട്ടില്‍ ഇരിക്കുന്ന അവരുടെ അവസ്ഥയും വളരെ മോശം ആയിരുന്നു. മനു കുട്ടിയോട് ഒന്നും പറയാതെ എല്ലാം മനസ്സിലൊതുക്കി. എല്ലാവരുടെയും പ്രാര്‍ത്ഥന കാരണമാണ് എനിക്ക് എളുപ്പം രോഗം ഭേദമായത്.’

‘ആശുപത്രിയില്‍ പോകുന്നതിനു മുന്‍പ് ഞാന്‍ ഇടവേള ബാബുവിനെ വിളിച്ചു വിവരം പറഞ്ഞു. നീ ഒന്നും നോക്കണ്ട വേഗം അഡ്മിറ്റ് ആയിക്കോളൂ, എല്ലാ ചിലവും ഇന്‍ഷുറന്‍സ് നോക്കിക്കോളും, ടെന്‍ഷന്‍ ആകരുത് എന്നാണു ബാബു പറഞ്ഞത്. അമ്മയുടെ മെഡിക്ലെയിം ആണ് ആശുപത്രിയില്‍ ഉപയോഗിച്ചത്. മമ്മൂക്കയും, ലാലേട്ടനും മറ്റു പല സഹപ്രവര്‍ത്തകരും വിളിച്ച് സുഖവിവരം അന്വേഷിക്കുന്നുണ്ടയിരുന്നു. എല്ലാവരും തന്ന പിന്തുണ വളരെ വലുതാണ്. ശരിക്കും എനിക്കിതൊരു പുനര്‍ജന്മമാണ്.’

‘രോഗം തുടങ്ങിയപ്പോള്‍ തന്നെ ആശുപത്രിയില്‍ പോയിരുന്നെങ്കില്‍ എനിക്ക് ഇത്രയും മൂര്‍ച്ഛിക്കിലായിരുന്നു. പലര്‍ക്കും ഭേദമായതുപോലെ എനിക്കും ആകും എന്ന വിശ്വാസമാണ് ആശുപത്രിയില്‍ പോകാതെ വീട്ടിലിരിക്കാന്‍ കാരണം. അസുഖം വന്നു രണ്ടാം ദിവസം തന്നെ ആശുപത്രിയില്‍ പോകാന്‍ മനുവിന്റെ അച്ഛന്റെ അനിയന്‍ പറഞ്ഞതാണ്, അദ്ദേഹം ഡോക്ടര്‍ ആണ്. അദ്ദേഹം പറഞ്ഞത് കേട്ടിരുന്നെങ്കില്‍ അസുഖം ഇത്രത്തോളം മോശമാകില്ലായിരുന്നു. എനിക്ക് എല്ലാവരോടും പറയാനുള്ളത് കൊറോണ അത്ര നിസാരമായി എടുക്കരുത് എന്നാണ്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഇതിനോടകം തന്നെ നമ്മെ വിട്ടുപോയി.’

‘ഒരു ചെറിയ അശ്രദ്ധ മതി നമുക്ക് നമ്മെ നഷ്ടപ്പെടാന്‍. എല്ലാവര്‍ക്കും അസുഖം വരുന്നത് ഒരുപോലെ ആണെന്ന് ധരിക്കാതെ ചെറിയ പനി വരുമ്പോള്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുക. രോഗം വഷളാകുന്നതിനു മുന്‍പ് ആശുപത്രിയില്‍ എത്തുക. തക്ക സമയത്തു നല്ല ചികിത്സ കിട്ടിയാല്‍ രക്ഷപെടാന്‍ കഴിയും. ഈ പ്രതിസന്ധിഘട്ടത്തില്‍ എന്റെ കുടുംബത്തിനോടൊപ്പം നില്‍ക്കുകയും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കളോടും നന്ദിയും കടപ്പാടും അറിയിക്കുന്നു. എല്ലാവര്‍ക്കും നല്ലതു മാത്രം വരട്ടെ.’

More in Malayalam

Trending

Recent

To Top